മലയാളം ഇ മാഗസിൻ.കോം

വീട്‌ വയ്ക്കാൻ സ്ഥലപരിമിതി എന്നോർത്ത്‌ വിഷമിക്കേണ്ട, വെറും രണ്ടര സെന്റിലെ ഈ വിസ്മയം ഒന്ന് കാണൂ!

രണ്ടര സെന്റ് ഭൂമിയിൽ 1540 സ്‌ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടുംകൂടി മനോഹരമായൊരു വീട്. കേൾക്കുമ്പോൾ വിശ്വസിക്കാനാകുന്നില്ല അല്ലേ? എന്നാൽ നമുക്ക് തിരുവനന്തപുരം മരുതംകുഴിയിലെ ഡിസൈനർ രാധാകൃഷ്ണന്റെ വീട്ടിലേക്കു പോകാം. ആദ്യ കാഴ്ചയിൽത്തന്നെ സംതിങ് സ്പെഷ്യൽ എന്ന് നമുക്ക് തോന്നും ഈ വീട് കണ്ടാൽ. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി പരമാവധി വലിപ്പത്തിൽ മനോഹരമായൊരു വീടെന്ന ചിന്തയോടെയാണ് രാധാകൃണനും ഡിസൈൻ പങ്കാളികൂടിയായ സുഹൃത്തും ഈ വീട് ഡിസൈൻ ചെയ്തത്. പുതിയ കാലഘട്ടത്തിൽ നഗരങ്ങളിലെ സ്ഥലപരിമിതിയെ പുതിയ ആശയങ്ങളിലൂടെ എങ്ങനെ താരം ചെയ്യാം എന്നുകൂടി കാട്ടിത്തരികയാണ് ഇവർ ചെയ്യുന്നത്. സ്ഥല പരിമിതിയിലും സൗകര്യങ്ങൾക്ക് കുറവ് വരാതെ ഒരു കംപ്ലീറ്റ് ഹോം ആയാണ് രാധാകൃഷ്‌ണൻ തന്റെ സ്വപ്നഭവനം അണിയിച്ചൊരുക്കിയിരിക്കുന്നത്.

\"\"

ചതുരപ്പെട്ടികൾ പരസ്പരം തിരിച്ചു വച്ചതുപോലുള്ള എലിവേഷനും പ്ലോട്ടിന്റെ പരിമിതിയിലും നിർമ്മാണ ചാതുര്യംകൊണ്ട് പുതിയ സാധ്യതകൾ കണ്ടെത്തുന്ന എക്സ്റ്റീരിയറുമാണ് ഈ വീടിനെ വേറിട്ട അനുഭവമാക്കുന്നത്. പ്രകൃതിയോടിണങ്ങും വിധം ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം.പുറത്തെ ലളിതമായ ലാൻഡ് സ്കേപ് ചെയ്ത ലോൺ കടന്നാൽ സിറ്റ് ഔട്ടിലേക്കും അവിടെനിന്നും ലിവിങ് ഏരിയയിലേക്കും പ്രവേശിക്കുന്നു. ഡ്രോയിങ് റൂമിന്റെ ഒരറ്റത്തായിത്തന്നെ കോർട് യാഡും പൂജാ മുറിയും സെറ്റ് ചെയ്തിരിക്കുന്നു.കടുത്ത മഞ്ഞ നിറത്തിലുള്ള പെബിൾസും ഇൻഡോർ ചെടികളും വലിയ ടെറാക്കോട്ട വെയ്‌സ്‌മെല്ലാം പൂജാമുറിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ഗ്രാനൈറ്റ് സ്ലാബുകളിലാണ് പൂജാവിഗ്രഹങ്ങൾ വച്ചിരിക്കുന്നത്. പൂജാ ഏരിയയ്ക്കു മുകളിലെ സീലിങ്ങിൽ പർഗോള ഡിസൈൻ നൽകിയിരിക്കുന്നു. പുറത്തെ കാഴ്ചകൾ നൽകുന്നതോടൊപ്പം ഇന്റീരിയറിനെ കൂടുതൽ പ്രകാശപൂരിതമാക്കുംവിധം ഡ്രോയിങ് റൂമിലും ലിവിങ് ഏരിയയിലും വുഡൻ ഫ്രെയിമോടുകൂടിയ വലിയൊരു ഗ്ലാസ് ഓപ്പണിങ് കാണാം. സ്റ്റോൺ ക്ളഡിങ് നൽകി അലങ്കരിച്ച ചുമരാണ് ഡ്രോയിങ് റൂമിലെ മറ്റൊരു ആകർഷണീയത.

\"\"

മെറ്റീരിയൽ തെരഞ്ഞെടുത്തതിൽ സവിശേഷതയാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. ബെഡ് റൂമുകളുടെയും ലിവിങ് ഏരിയകളുടെയും ഫ്ലോറിൽ ലാമിനേറ്റഡ് വുഡൻ ഫ്ലോറും വിട്രിഫൈഡ് ടൈലുകളും മിക്സ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌പൈസ് കൂടുതൽ തോന്നിപ്പിക്കാനുതകും വിധം പരമാവധി പാര്ടീഷനുകൾ ഒഴിവാക്കിയിട്ടുണ്ട്. ലിവിങ്, ഡൈനിങ്ങ് ഏരിയകൾക്കിടയിലെ പാര്ടീഷനുവേണ്ടി വുഡൻ ഉപയോഗിച്ചതും അടുക്കള ഓപ്പൺ ആയി നിലനിർത്തിയതും മുറികൾക്ക് നൽകിയ വെളുത്ത നിറവും ഈ വലുപ്പത്തെ പ്രതിഫലിപ്പിക്കുന്നു. വളരെ ബുദ്ധിപൂർവമായ ഒരു രീതി എന്ന് തന്നെ ഇതിനെ പറയാം. ക്രാഫ്റ്റ് വർക്ക് ചെയ്തെടുത്ത വുഡൻ ബോഡും ചുവരിലേക്കോപീൻ ക്യൂരിയോ ഷെൽഫും മനോഹരമായ പൈന്റിങ്ങും ലൈറ്റുകളുമെല്ലാം ലിവിങ് ഏരിയയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

\"\"

വുഡൻ ഫ്ലോറിങ്ങാണ് ബെഡ് റൂമിനും ലിവിങ്ങിനും ഉപയോഗിച്ചിരിക്കുന്നത്. വൈറ്റ്, ബ്രൗൺ തീം മാത്രമാണ് ഇന്റീരിയറിനു നൽകിയിരിക്കുന്നത്. ചുവരിലെ അലങ്കാരങ്ങൾക്കു വുഡൻ ഫ്രെയിം നല്കിയിരിക്കുന്നതിനാൽ പ്ലൈവുഡും വെനീറും ആണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ധാരാളം വുഡൻ എലമെന്റുകൾ ഉണ്ടെന്ന തോന്നൽ ഉളവാക്കും. എന്നാൽ തടി വളരെ കുറച്ചു മാത്രമേ ഉപയോഗിച്ചിട്ടുള്ളു.

സ്ഥലത്തിന്റെ ബുദ്ധിപൂർവമായ ഉപയോഗം പ്രകടമാക്കുന്ന മറ്റൊരിടമാണ് തുറസ്സായ ഡൈനിങ്ങ് സ്പേസ്. കോംപാക്ട് ഡിസൈനാണ് ഡൈനിങ്ങ് ടേബിളിന്. ഷെയറുകൾ പൂർണ്ണമായും ടേബിളിനുള്ളിലേക്കു തള്ളി വയ്ക്കാൻ പറ്റുന്നവയാണ്. ഡൈനിങ്ങിനോട് ചേർന്നുള്ള സ്റ്റെയറിന്റെ ഭാഗത്തെ അരഭിത്തി സ്പേസ് യൂട്ടിലൈസേഷന്റെ മറ്റൊരു മികച്ച ഉദാഹരണമാണ്. വാഷ് ഏരിയ, ക്യൂരിയോസ് ഷെൽഫ്, ക്രോക്കറി ഷെൽഫ് എന്നിവയെല്ലാം ഡൈനിങ്ങിന് അരികിലായി ഒതുക്കത്തോടെ തന്നെ ക്രമീകരിച്ചിട്ടുണ്ട്. സ്റ്റെയർ കേസിലെ പടികൾക്കു ഇന്റീരിയറിൽ ബാക്കി വന്ന തടിക്കഷണങ്ങൾകൊണ്ടുള്ള ബോഡിങ് നൽകിയിട്ടുണ്ട്.

\"\"

കോർട് യാഡിലേക്കു തുറക്കുന്ന ഓപ്പണിങ് അടുക്കളയിൽ വെളിച്ചവും ഹരിതാഭയും നൽകുന്നു. കിച്ചൻ സ്ലാബിൽ നന്നായി വെയിൽ അടിക്കുന്ന വിധത്തിൽ മറ്റൊരു ഓപ്പണിങ് കൂടി നൽകിയിട്ടുണ്ട്. ബ്ലാക്ക് ആൻഡ് ബ്രൗൺ തീമിന് ചെടികളുടെ ഗ്രീൻ എലമെന്റ് മാറ്റുകൂട്ടുന്നു. അടുക്കളയ്ക്കും വാതിൽ നൽകിയിട്ടില്ല എന്നതും ഒരുപാട് കബേഡുകൾ നിർമ്മിച്ച് ഇടുങ്ങിയ ഫീൽ നൽകിയിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. അടുക്കളയിലേക്കു കടക്കുന്ന ഭാഗത്തായുള്ള ഭരണികൾ സവിശേഷമായൊരു ഡിസൈൻ എലമെന്റ് ആയി മാറുന്നു. ഒരു ചെറിയ ബ്രേക്ക് ഫാസ്റ്റ് ടേബിളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജൂട്ട് കാർട്ടണുകളുള്ള വലിയ ഗ്ളാസ് ജനാലകളാണ് മൂന്നു ബെഡ്‌റൂമുകളിലും ഉള്ളത്. മുകളിലെ രണ്ടു ബെഡ്‌റൂമുകളിലും ഓപ്പൺ റൂഫ് അറ്റാച്ഡ് ബാത്ത് റൂമുകളാണുള്ളത്. ഫസ്റ്റ് ഫ്ലോറിൽ രണ്ടു കിടപ്പു മുറികളും ഒരു അപ്പർ ലിവിങും ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്. അപ്പർ ലിവിങ്ങിൽ ലിവിങ് ഏരിയയ്ക്ക് സമാനമായ ഡിസൈൻ ഘടകങ്ങളാണുള്ളത്. വുഡൻ അലങ്കാരങ്ങളും ഫ്രെയിമുകളും ഇൻഡോർ ചെടികളുമെല്ലാം ഇതിൽപ്പെടും. ഇവിടെനിന്നും രണ്ടാം നിലയിലേക്കുള്ള സ്റ്റെയർ കേസ്. അവിടെ ഒരു ഓഫീസ് റൂമും ടെറസുമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോൺ, വുഡ് ഫ്രെയിമുകൾക്കുള്ളിൽ വലിയ ഗ്ലാസ് ഓപ്പണിങ്ങുകൾ ഈ എലിവേഷനിലും നൽകിയിട്ടുണ്ട്. ഒരു ബാൽക്കണിയും ഇവിടെയുണ്ട്.

മൂന്നു കിടപ്പുമുറികളും രണ്ടു ലിവിങ് ഏരിയകളും പൂജാമുറിയും അടുക്കളയും ഡൈനിങ്ങ് സ്പേസും ഓഫീസ് മുറിയും കാർ പാർക്കിങ്ങുമൊക്കെയുള്ള ഒക്കെയുള്ള ഈ വീട് സ്ഥലപരിമിതിയെ അതിജീവിച്ച് യൂട്ടിലിറ്റി എങ്ങനെ ഉറപ്പാക്കാം എന്നതിന് ഒരു പാഠപുസ്തകമാണ്. അല്പം പോലും സ്ഥലം പാഴാക്കാതെ അസൗകര്യങ്ങൾ ഫീൽ ചെയ്യാത്ത വിധം ബുദ്ധിപൂർവ്വമാണ് ഈ സുന്ദര വീടിന്റെ പ്ലാനിങ്. അതു തന്നെയാണ് ഇതിന്റെ പ്രത്യേകതയും. നഗരങ്ങളിൽ എന്തുകൊണ്ടും സ്വീകരിക്കാവുന്നതാണ് പ്രകൃതിയോട് കൈകോർക്കുന്ന ഈ ശൈലി.

\"\"

കടപ്പാട്‌: ഇന്റീരിയർ + ആർകിടെക്ചർ മാഗസിൻ

Avatar

Staff Reporter