മലയാളം ഇ മാഗസിൻ.കോം

കൂടുതൽ അഡ്ജസ്റ്റ്‌മന്റ്‌, ദാമ്പത്യ പരാജയം: മിശ്ര വിവാഹം ശരിയോ തെറ്റോ?

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പ്രവാസികളായ ഇന്ത്യക്കാർക്കും പരസ്പരം വിവാഹിതരാകുന്നതിനുള്ള പ്രത്യേക വിവാഹ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ്‌ പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ്‌ ആക്ട്‌ 1954 നടപ്പാക്കിയത്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം നിർദ്ദേശിക്കപ്പെട്ട ഒരു നിയമനിർമ്മാണത്തിന്റെ ചുവട്‌ പിടിച്ചാണ്‌ ഈ നിയമം ഇന്ത്യാ ഗവണ്മെന്റ്‌ നടപ്പാക്കിയത്‌. 1872 ലെ ആക്ട്‌ പ്രകാരമുള്ള വിവാഹങ്ങൾ സിവിൽ വിവാഹങ്ങളായി കണക്കാക്കുകയും അപ്രകാരം വിവാഹിതരാകുന്നവർ അവരവരുടെ സ്വന്തം മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. ഇത്‌ ഒട്ടനവധി എതിർപ്പുകളും, വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. അതിലെ അപാകതകൾ പരിഹരിച്ചു കൊണ്ടാണ്‌ പ്രത്യേക വിവാഹ നിയമം 1954 നിലവിൽ വരുന്നത്‌. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തെ നിയന്ത്രിക്കുന്ന മതപരമായ നിയമങ്ങളെയാണ്‌ വ്യക്തി നിയമം എന്ന്‌ വിളിക്കുന്നത്‌. സാധാരണയായി വിവാഹമെന്ന ഇതിലെ പ്രധാന ഭാഗം അതത്‌ മതവിഭാഗങ്ങളുടെ നിയമങ്ങൾക്കനുസരിച്ച്‌ നടത്തുകയായിരുന്നു അക്കാലയളവുവരെയുള്ള പതിവ്‌. മിശ്രവിവാഹങ്ങൾക്ക്‌ ഇത്‌ തടസ്സം സൃഷ്ടിച്ചിരുന്നു. മതേതര ജീവിതം ആഗ്രഹിക്കുന്നവർക്ക്‌ പ്രത്യേക വിവാഹ നിയമവും,പിന്തുടർച്ചാവകാശ നിയമവും കൂടി ചേർന്ന്‌ അത്തരമൊരു സാദ്ധ്യത സൃഷ്ടിക്കപ്പെട്ടു. ഈ സാദ്ധ്യത എത്രത്തോളം ശരിയാണ്‌. കേരള സമൂഹത്തിന്‌ ഇതേപറ്റി പലവിധ അഭിപ്രായങ്ങളുമുണ്ട്‌. ഇപ്പോൾ ഒരുപാട്‌ മിശ്ര വിവാഹങ്ങൾ നടക്കാറുണ്ട്‌. അതിന്റെയെല്ലാം ശരിയായ വശം എന്താണെന്ന്‌ നമ്മുക്ക്‌ നോക്കാം.

പണ്ട്‌ കാലത്തെ പ്രണയബന്ധങ്ങൾ അധികമൊന്നും പൂവണിഞ്ഞിട്ടില്ല. അന്യമതമെന്ന്‌ കേൾക്കുമ്പോൾ തന്നെ മുറിഞ്ഞു പോയേക്കാവുന്ന ബന്ധം മാത്രം. അതിനുള്ള ചങ്കുറപ്പ്‌ ആർക്കും ഇല്ല. എല്ലാവർക്കും സമൂഹത്തെ പേടി. എല്ലാവരും അകറ്റി നിർത്തുമോ എന്ന തോന്നൽ. ഇന്നാണെങ്കിലോ മാതാപിതാക്കൾ സമ്മതിച്ച്‌ പല മിശ്ര വിവാഹങ്ങളും നടന്നിട്ടുണ്ട്‌. പണ്ടത്തെ അപേക്ഷിച്ച്‌ മിശ്ര വിവാഹം അത്ര തെറ്റൊന്നുമല്ല. എങ്കിലും ഒരു തെറ്റാണെന്നാണ്‌ പൊതുവെയുള്ള ധാരണ.ഇതിനെ ശരിയായി അംഗീകരിക്കാൻ ഇന്നും പറ്റിയിട്ടില്ല. പല അഭിപ്രായങ്ങളിലൂടെ മിശ്ര വിവാഹം ഒരു തെറ്റാണോയെന്ന്‌ അറിയാം.

സമൂഹം എന്ത്‌ പറയുമെന്ന്‌ പേടിച്ച്‌ ഇഷ്ട്ടപ്പെടുന്ന ഒരാളെ വെറുക്കുന്നത്‌ ശരിയല്ല. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്‌ ഒളിച്ചോടി കല്ല്യാണം കഴിക്കുന്നത്‌ ശരിയായ രീതിയല്ല. നേരെ മറിച്ച്‌ സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞ്‌ വിവാഹ ജീവിതത്തിലേയ്ക്ക്‌ കടക്കുന്നതിൽ തെറ്റില്ലാ.സന്തോഷപൂർണമായൊരു ജീവിതമാണ്‌ അവരുടേതെങ്കിൽ മാതാപിതാക്കൾ താനേ നമ്മുടെ അടുത്ത്‌ വന്നോളും.മിശ്ര വിവാഹത്തെ നഗരവാസികളേക്കാൾ കൂടുതൽ ഗ്രാമവാസികൾക്കാണ്‌ എതിർപ്പ്‌. അവർ അതിനെ വലിയൊരു തെറ്റായി ചിത്രീകരിക്കുന്നു. മിശ്ര വിവഹത്തെ സമൂഹം അംഗീകരിച്ചെങ്കിൽ എന്ന്‌ ആഗ്രഹിക്കുന്നവർ ഏറെയാണ്‌. പക്ഷേ ഒരു പറ്റം നഗരവാസികൾ മിശ്ര വിവാഹത്തോട്‌ ഒട്ടും യോജിക്കുന്നില്ലാ.ഇതിനെ തെറ്റായി കാണുന്നു.സമൂഹത്തിൽ നിന്ന്‌ ഒറ്റപ്പെടുത്തും മാത്രവുമല്ല വീട്ടുകാരുടെ സപ്പോർട്ട്‌ ഉണ്ടാവുകയുമില്ല. അങ്ങനെയുള്ള ജീവിതം ഒത്തിരി ടെൻഷൻ നിറഞ്ഞതായിരിക്കും എന്നതാണ്‌ ഇക്കൂട്ടരുടെ വാദം. സ്വന്തം കാര്യം വരുമ്പോൾ നമ്മൾ ഇങ്ങനെയൊന്നും ചിന്തിക്കുകയില്ലെന്നുള്ളതാണ്‌ വാസ്തവം.

മിശ്ര വിവാഹത്തോട്‌ യോജിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.മനസ്സിനേക്കാൾ വലുതാണോ മതം. ജാതിയും,മതവുമൊക്കെ മനുഷ്യർ തന്നെ ഉണ്ടാക്കിയതാണ്‌.സമൂഹത്തിന്റെ കാഴ്ചപ്പാടാണ്‌ മാറേണ്ടത്‌. അന്യ മതമാണെങ്കിൽ പരസ്പരം അഡ്ജസ്റ്റ്മെന്റ്‌ കൂടുതൽ വേണ്ടി വരും. അല്ലെങ്കിൽ ദാമ്പത്യം പരാജയപ്പെടും. സമൂഹത്തിന്റെ കുറ്റപ്പെടൽ ഓർത്ത്‌ നമ്മുടെ വ്യക്തി ജീവിതത്തെ ഹോമിക്കേണ്ട ആവശ്യമില്ല. മനുഷ്യൻ എന്ന മതം മതിയല്ലോ എന്തിനാണ്‌ വെറുതെ ജാതിയുടെ പേരിൽ മനുഷ്യർ തമ്മിൽ ഭിന്നിക്കുന്നത്‌. മറ്റ്‌ മതങ്ങളോടു സഹിഷ്ണത പുലത്തുന്നവർക്കു മതം പ്രശ്നമായി തോന്നേണ്ട കാര്യമില്ല. പക്ഷേ പരസ്പരം മനസ്സിലാക്കാൻ സാധിച്ചാൽ അതിന്റേയും ആവശ്യമില്ലാ.ഒരു പറ്റം ആളുകളുടെ സംശയം മിശ്ര വിവാഹിതർക്ക്‌ ഒരു കുട്ടി ജനിച്ചാൽ അതിനെ അച്ഛന്റെ മതത്തിൽ ചേർക്കണോ അതോ അമ്മയുടേയോ ഈ കര്യത്തിൽ പോലും ഉത്കണ്ഠ സമൂഹത്തിനാണ്‌ അല്ലാതെ അവരുടെ മാതാപിതാക്കൾക്കല്ലാ. ശരിക്കും അവർ വളർന്നു വരുമ്പോൾ ഏതു മതം വേണമെന്ന്‌ സ്വയം തീരുമാനമെടുക്കട്ടെ.

ജാതകപ്പൊരുത്തം നോക്കി കല്ല്യാണം നടത്തുന്ന എത്രയോ കേസുകൾ ഇന്ന്‌ ഡൈവോഴ്സിൽ എത്തി നിൽക്കുന്നുണ്ട്‌. അതിലും പ്രാധാന്യം മനപ്പൊരുത്തമാണ്‌.ഇന്നത്തെ തലമുറ കുറേക്കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ധൈര്യപൂർവ്വം മുന്നോട്ട്‌ വന്ന്‌ ഏത്‌ സാഹചര്യത്തെയും നേരിടണം. അല്ലാതെ എല്ലാത്തിൽ നിന്നും ഒളിച്ചോടരുത്‌. വീട്ടുകാർ കൂടെയുണ്ടെങ്കിൽ അവർ തങ്ങളുടെ മക്കളുടെ കൂടെ നിൽക്കുകയാണെങ്കിൽ പിന്നെന്ത്‌ പ്രശ്നം. അവരുടെ സന്തോഷത്തോടൊപ്പം ചേർന്ന്‌ മനസ്സിലെ സ്നേഹം പുറത്തു കാണിക്കുക.അങ്ങനെയെങ്കിൽ തെറ്റായ മാർഗ്ഗത്തെപ്പറ്റി നാംചിന്തിക്കില്ലാ. പരസ്പര ധാരണയോടെയുള്ള സന്തോഷപൂർണമായൊരു ജീവിതം സാധ്യമാവുകയും ചെയ്യും.ഇങ്ങനെ ചിന്തിച്ചാൽ പിന്നെ മിശ്ര വിവാഹം തെറ്റാണെന്ന്‌ പറയാൻ പറ്റുമോ?

Avatar

Priya Parvathi

Priya Parvathi | Staff Reporter