18
November, 2017
Saturday
05:30 PM
banner
banner
banner

ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന തൊഴിലിടത്തെ സമ്മർദ്ദങ്ങളും കുടുംബത്തിന്റെ പ്രശ്നങ്ങളും

ഇന്ന്‌ നാം ജീവിക്കുന്നത്‌ അതിസമ്മർദ്ദങ്ങളുടെ നടുവിലാണ്‌. നമ്മുടെ കൂട്ടത്തിൽ മാനസിക രോഗികൾ അല്ലാത്തവർ കുറവാണെന്ന്‌ തന്നെ പറയാം. ജോലിയിൽ നിന്നുളള സമ്മർദ്ദങ്ങൾ, കുട്ടികളുടെ പഠനം, ഭാവി, പങ്കാളികളുമായുളള പ്രശ്നം, രോഗങ്ങൾ, അച്ഛനമ്മമാരെ ശ്രദ്ധിക്കാനാകാത്തതിൽ ഉണ്ടാകുന്ന വിഷമതകൾ ഇങ്ങനെ നിരവധി. ഇതിനെല്ലാം കൃത്യമായ ചികിത്സകളും ആവശ്യമുണ്ട്‌. ഇല്ലെങ്കിൽ ഇവയെല്ലാം കൂടി നമ്മെ മുഴുഭ്രാന്തിലേക്ക്‌ കൊണ്ടുപോകുന്ന ഒരു സ്ഥിതി സംജാതമാകും.

നിങ്ങളുടെ ഒരു സുഹൃത്ത്‌ വിവാഹമോചനം നേടാൻ പോകുന്നുവെന്ന്‌ പറയുമ്പോൾ അവിടെ ആവശ്യം വൈകാരികമായ ഒരു ചികിത്സയാണ്‌. കുടുംബത്തിലുണ്ടാകുന്ന ഒരു മരണം ഏൽപ്പിക്കുന്ന ആഘാതത്തിനും ഇതേ ചികിത്സ ആവശ്യമാണ്‌. ഉപദേശങ്ങളും ആശ്വസിപ്പിക്കലുകളും ഫലം കാണാതെ വരുമ്പോൾ ഒരു മാനസിക രോഗ വിദഗ്ദ്ധന്റെ കൗൺസിലിംഗും ഫലപ്രദമായേക്കാം.

കുട്ടികളുടെ പ്രശ്നങ്ങളോ ജോലി നഷ്ടപ്പെടലോ നിങ്ങളെ മാനസികമായിതളർത്തിയേക്കാം. വലിയ പ്രകൃതി ദുരന്തങ്ങൾക്ക്‌ ഇരയാകുന്നവരെ സാധാരണയായി കൗൺസിലിംഗിന്‌ വിധേയരാക്കാറുണ്ട്‌. മോശമായ ആശയവിനിമയം ചിലപ്പോൾ ഒരു ബന്ധത്തെ തകർക്കാൻ പോലും സാധ്യതയുണ്ട്‌. എന്നാൽ മെച്ചപ്പെട്ട ആശയവിനിമയം എല്ലാമാകുകയോ എല്ലാം അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല. ചില വിവാഹ ബന്ധങ്ങൾ തകരാൻ കാരണം ഒരാൾ കൂടുതൽ അധികാരം കയ്യാളുന്നത്‌ കൊണ്ടാണ്‌. ചിലപ്പോൾ സാമ്പത്തിക തീരുമാനങ്ങൾ ആലോചിച്ച്‌ നടപ്പാക്കാൻ ഇവർ തയാറായേക്കില്ല. അതുമല്ലെങ്കിൽ മദ്യപാനമോ, മറ്റ്‌ ബന്ധങ്ങളോ വിവാഹം തകരുന്നതിലേക്ക്‌ നയിക്കാം. പരസ്‌പരം കാര്യങ്ങൾ തുറന്ന്‌ പറയാൻ ദമ്പതിമാർ തയാറാകാത്തത്‌ മൂലവും വിവാഹ ബന്ധങ്ങൾ പാതി വഴിയിൽ വീണുടയാം.

ചിലർ അമിതമായി എല്ലാവരുമായി ഇടപഴകുന്നവരാകാം. ഇത്‌ ചിലപ്പോൾ പങ്കാളിയ്ക്ക്‌ അത്ര കണ്ട്‌ ദഹിക്കണമെന്നില്ല. ചിലപ്പോൾ പങ്കാളികളിലൊരാൾ മറ്റുളളവരുമായി ഇടപഴകാത്തതും ബന്ധങ്ങളിൽ വിളളൽ വീഴാൻ കാരണമായേക്കാം. ഇതും മാനസിക രോഗത്തിന്റെ പരിധിയിൽ പെടുത്താവുന്ന വിഷയമാണ്‌.

ഇതിന്‌ പുറമെ ജോലി സ്ഥലത്തെ സമ്മർദ്ദങ്ങളും നിങ്ങളെ മാനസിക രോഗത്തിലേക്ക്‌ നയിച്ചേക്കാം. പലപ്പോഴും സ്ത്രീകൾക്ക്‌ അധിക സമയം ജോലി ചെയ്യാനാകാതെ വരുന്നത്‌ അവരുടെ കരിയറിനെ ബാധിക്കാറുണ്ട്‌. കാരണം മത്സരം നിറഞ്ഞ ഇന്നത്തെ കാലത്ത്‌ ടാർജറ്റ്‌ തികയ്ക്കലും മറ്റും അനിവാര്യതയാണ്‌. എന്നാൽ കുടുംബവും കുട്ടികളും ഒക്കെയാകുമ്പോൾ പലപ്പോഴും ഇതിന്‌ കഴിയാറില്ല. വീട്ടിലെ ആവശ്യങ്ങൾക്കും മറ്റുമായി അവധിയെടുക്കുകയും ഷിഫ്റ്റുകൾ അഡ്‌ജസ്റ്റു ചെയ്യുകയും വൈകി വരികയും നേരത്തെ പോകാൻ അനുമതി തേടുകയും ഒക്കെ ചെയ്യുന്നത്‌ മൂലം സഹപ്രവർത്തകരുടെ ഇടയിൽ മോശം പ്രതിച്ഛായ ഉണ്ടാകുകയും ചെയ്യാറുണ്ട്‌. ഇതും മാനസികമായി ഇവരെ ഏറെ ബാധിക്കും.

അത്തരമൊരു കഥയാണ്‌ ഐടി വിദഗ്‌ദ്ധയായ അനിത പങ്ക്‌ വയ്ക്കുന്നത്‌. പലപ്പോഴും സുഖമില്ലാത്ത അച്ഛനമ്മമാർക്കൊപ്പം ആശുപത്രിയിൽ പോകാനും മറ്റും അവധിയെടുക്കേണ്ടിയും നേരത്തെ പോകേണ്ടിയും വൈകി വരേണ്ടിയും ഒക്കെ വരാറുണ്ട്‌. ഇതിന്‌ പുറമെ അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികളുടെ സ്കൂൾ കാര്യങ്ങളും അനിതയെ ഏറെ വലയ്‌ക്കുന്നുണ്ട്‌. വിവാഹമോചനം നേടിയ അനിതയ്ക്ക്‌ സഹോദരങ്ങളുമില്ല സഹായത്തിന്‌ എല്ലാത്തിനും എവിടെയും ഓടിയെത്തേണ്ടത്‌ അവൾ മാത്രം.

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!

കരിയർ കളയാനും സാധ്യമല്ല. അച്ഛന്റെയും അമ്മയുടെയും തുച്ഛമായ പെൻഷൻ കാശു കൊണ്ട്‌ കുട്ടികളുടെയും തന്റെയും ആവശ്യങ്ങൾ നിറവേറ്റാനാകുന്നുമില്ല. ഇത്തരം പ്രശ്നങ്ങൾ കാരണം പലവട്ടം സ്ഥാനക്കയറ്റവും നിഷേധിക്കപ്പെട്ടു. ഇത്‌ അനിതയെ കടുത്ത വിഷാദ രോഗിയാക്കി. ഏതായാലും തക്ക സമയത്ത്‌ വിദഗ്ദധനായ ഒരു ഡോക്ടറുടെ സഹായം തേടാനായതിനാൽ മനസ്‌ കൈവിടാതെ കാക്കാനായി. അത്‌ കൊണ്ട്‌ അനിത ഇപ്പോൾ ഏറെ സന്തോഷവതിയായി അച്ഛന്റെയും അമ്മയുടെയും അരുമമകളായി കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായി തുടരുന്നു.

ഇതിന്‌ പുറമെയാണ്‌ പലപ്പോഴും വനിതാ ജീവനക്കാർക്ക്‌ നേരെയുളള ലൈംഗികാതിക്രമങ്ങൾ ഇവരുടെ മാനസിക നില തെറ്റിക്കുന്നത്‌. ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ പോലും പലയിടത്ത്‌ നിന്നും റിപ്പോർട്ട്‌ ചെയ്യാറുണ്ട്‌. ഒരു ചാനൽ മുതലാളിയ്ക്ക്‌ എവിടെ പോകണമെങ്കിലും വനിതാ റിപ്പോർട്ടർ ഒപ്പമുണ്ടാകണം. പ്രതിഫലമായി പലവട്ടം സ്ഥാനക്കയറ്റവും ശമ്പള വർദ്ധനയും ഉണ്ടായി.

എന്നാൽ ഇക്കാര്യം ഓഫീസിലും നാട്ടിലും പാട്ടായതോടെ കാര്യം റിപ്പോർട്ടറുടെ ഭർത്താവിന്റെ ചെവിയിലുമെത്തി. പിന്നെ പതിവ്‌ നടപടികൾ. ഒടുവിൽ വിവാഹ ബന്ധം തകർന്നതോടെ ചാനൽ മുതലാളിയ്ക്കും സമാധാനം. സ്വന്തമായി തന്നെ കിട്ടിയല്ലോ. അങ്ങേരുടെ ഭാര്യ പിന്നെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. ഇയാളുടെ സ്വഭാവം മനസിലായത്‌ മുതൽ അവരും സ്വന്തം വഴി തേടാൻ തുടങ്ങിയിരുന്നു. സൊസൈറ്റി ലേഡിയായി മാറിയ ആ സ്ത്രീയ്ക്ക്‌ ഇതൊന്നും വലിയ വിഷയമല്ലാതായി മാറി.

എന്നാൽ റിപ്പോർട്ടറുടെ കഥ അങ്ങനെയായിരുന്നില്ല. തന്റെ കുടുംബത്തിനുണ്ടായ ചീത്തപ്പേരും ഭർത്താവിന്റെ അസാനിധ്യവും എല്ലാം അവരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക്‌ തളളി വിട്ടു. ഒപ്പം ചാനൽ മുതലാളിയുടെ കരാളഹസ്തങ്ങളിൽ നിന്ന്‌ മോചനമില്ലെന്ന തിരിച്ചറിവും അവരെ ആത്മഹത്യയുടെ വക്കിലേക്ക്‌ കൊണ്ടെത്തിച്ചു.

ഇത്തരം പ്രശ്നങ്ങളിലെക്ക്‌ കടക്കുമ്പോൾ നമുക്ക്‌ മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടാം. മനോരോഗ ചികിത്സകളും പല വിധത്തിലുണ്ട്‌. കുട്ടിക്കാലം മുതലുളള നിങ്ങളുടെ അനുഭവങ്ങളും മറ്റും ചികഞ്ഞ്‌ പ്രശ്നങ്ങൾ പരിഹരിക്കാം. മാനുഷികമായ മറ്റൊരു ചികിത്സയും ലഭ്യമാണ്‌. സൗഹൃദപൂർണമായ ഇടപെടലിലൂടെയും പിന്തുണയുളള അന്തരീക്ഷത്തിലൂടെയും നിങ്ങൾക്ക്‌ സ്വയം സ്വീകാര്യതയുണ്ടാകുന്നു. നിങ്ങളുടെ തെരഞ്ഞെടുപ്പുകൾ നടത്താനുളള ഉത്തരവാദിത്തവും വളരാനും മാറാനുമുളള നിങ്ങൾ സ്വയം തയാറാകുകയും ചെയ്യുന്നു. നിങ്ങളുടെ ഉത്കണ്ഠകളിൽ നിന്ന്‌ പുറത്ത്‌ കടക്കുകയാണ്‌ മറ്റൊരു മാർഗം.

ഭക്ഷണ വൈകല്യങ്ങളും ഒരു തരം മാനസിക രോഗമാണ്‌. ഇതിൽ നിന്നും പേടികളിൽ നിന്നും നിങ്ങൾ പുറത്ത്‌ കടന്ന്‌ പുത്തൻ ശീലങ്ങളും പുതിയ സ്വഭാവവും ഉണ്ടാക്കുക. ഇതിനായി ആവശ്യമെങ്കിൽ ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടാവുന്നതാണ്‌. നിങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി അപഗ്രഥിക്കാൻ അവർക്കാകും. പണ്ട്‌ കാലത്ത്‌ നല്ലൊരു സുഹൃത്ത്‌ നല്ലൊരു മാനസിക രോഗ വിദഗ്ദ്ധനായി പ്രവർത്തിച്ചിരുന്നു. ഇന്ന്‌ മാറിയ കാലത്ത്‌ സൗഹൃദങ്ങളുടെ ആഴം കുറയുകയും എല്ലാവരും അവരവരിലേക്ക്‌ തന്നെ ചുരുങ്ങുകയും ചെയ്ത്‌ പോയതിനാൽ ഇത്തരം പിന്തുണകൾ നമുക്ക്‌ ലഭിക്കാതെ പോകുന്നു. നല്ലൊരു സുഹൃത്തുണ്ടെങ്കിൽ കാര്യങ്ങൾ അവരുമായി പങ്ക്‌ വയ്ക്കാൻ മടിക്കേണ്ടതില്ല. ഇല്ലെങ്കിൽ തീർച്ചയായും അത്തരം സ്ഥാനം ഒരു സുഹൃത്തിന്‌ നൽകുക.

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!

നിങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുളള മറ്റൊരു ചികിത്സാരീതിയും ഉണ്ട്‌. ഉത്കണ്ഠയിൽ നിന്ന്‌ പുറത്ത്‌ കടക്കുക തന്നെയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. നിങ്ങളുടെ ചിന്താമാർഗങ്ങൾ മാറ്റിക്കൊണ്ടാകണം ഇത്‌. ചിന്തകൾ മാറ്റിയെടുക്കാനായി നല്ല പുസ്തകങ്ങളെ കൂട്ടു പിടിക്കുന്നത്‌ അടക്കമുളള മാർഗങ്ങൾ തേടാം. നല്ല പുസ്തകങ്ങൾ വായിക്കുകയോ നല്ല സിനിമകൾ കാണുകയോ നല്ല പാട്ടുകൾ കേൾക്കുകയോ ചെയ്യുന്നത്‌ മനസിന്‌ ഏറെ സന്തോഷമുണ്ടാക്കുന്നതിനൊപ്പം നമ്മുടെ മോശം ചിന്തകൾക്ക്‌ വിലങ്ങിടാനും, നല്ല മാർഗത്തിലേക്ക്‌ നമ്മുടെ ചിന്തകളെ എത്തിക്കാനുമാകും.

മനസിനെയും ശരീരത്തെയും കൂട്ടിയോജിപ്പിച്ചുളള ചികിത്സയാണ്‌ മറ്റൊന്ന്‌. ആധുനിക ജീവിതത്തിലും ഇതിന്‌ സ്ഥാനമുണ്ട്‌. കായികമായി നമുക്ക്‌ ഏറെ ഉൻമേഷമുണ്ടെങ്കിൽ നാം മാനസികമായും ആരോഗ്യമുളളവരാകുന്നു. ഇതിനായി യോഗ, ധ്യാനം പോലുളളവ ശീലിക്കാവുന്നതാണ്‌. രാവിലെ നടക്കാനിറങ്ങുന്നതും മനസിന്‌ ഏറെ ഗുണകരമാണെന്നാണ്‌ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്‌. പുലരിയിലെ തണുപ്പും കിളികളുടെ കളകളാരവവും നമുക്ക്‌ മാനസികമായി പുതിയൊരു ഉൻമേഷം പ്രദാനം ചെയ്യുന്നവയാണ്‌. മാത്രമല്ല ഈ നടപ്പ്‌ അൽപ്പം പുല്ലും പൂവും ചെടിയും മരവും ഒക്കെയുളള സ്ഥലത്ത്‌ കൂടിയായാൽ നമുക്ക്‌ പ്രകൃതിയോട്‌ അൽപ്പം ചങ്ങാത്തം കൂടാനും സാധിക്കും.

രാവിലെ കിളിയോടും മരത്തോടും പൂവിനോടും ഒക്കെ കിന്നാരം പറഞ്ഞ്‌ മനസിലും ശരീരത്തിലും പുതിയൊരു ഊർജ്ജം നിറച്ച്‌ ഒരു ദിവസം തുടങ്ങി നോക്കൂ. ജോലിയിലും വീട്ടിലും നമ്മുടെ സൗഹൃദങ്ങളിലും എല്ലാം പുതിയൊരു മാറ്റം നമുക്ക്‌ അനുഭവിച്ചറിയാനാകും. അങ്ങനെ മനസും ശരീരവും ഒന്നാകട്ടെ.

മായാദേവി, ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌

ഇത്‌ Malayalamemagazine.com ന്റെ Exclusive Online Article ആണ്‌. അനുവാദമില്ലാതെ കോപ്പി ചെയ്ത്‌ ഉപയോഗിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments