മലയാളം ഇ മാഗസിൻ.കോം

പുരുഷൻ തന്റെ പങ്കാളിയിൽ നിന്ന്‌ ഇങ്ങനെ ചില കാര്യങ്ങൾ ഒളിച്ചു വയ്ക്കുമെന്ന് ഭാര്യമാർക്കറിയാമോ?

പരസ്പരം എത്രത്തോളം മനസിലാക്കിയവരാണ്‌ ദമ്പതികൾ എന്ന്‌ പറഞ്ഞിട്ടൊന്നും കാര്യമില്ല. ചില കാര്യങ്ങൾ ദമ്പതികൾ പരസ്പരം പങ്കു വയ്ക്കാറില്ല. സ്ത്രീകളേക്കാൾ അധികം പുരുഷന്മാരാണ്‌ ജീവിതത്തിൽ ചില കാര്യങ്ങൾ അധികം ആരും അറിയരുതെന്ന്‌ ആഗ്രഹിക്കുന്നത്‌. അത്തരത്തിൽ പുരുഷൻ തന്റെ പങ്കാളിയിൽ നിന്ന്‌ ഒളിച്ചു വയ്ക്കുന്ന ചില കാര്യങ്ങളുണ്ടെന്ന്‌ അറിയാമോ? ഇനി പറയുന്നതാണ്‌ അവയിൽ ചില കാര്യങ്ങൾ.

വിവാഹത്തിന്‌ മുമ്പുള്ള കാര്യങ്ങളെ കുറിച്ച്‌ ഭാര്യാഭർത്താക്കന്മാർ മനസ്സുതുറക്കാറുണ്ടെങ്കിലും പുരുഷന്മാർ എല്ലാ കാര്യങ്ങളും തുറന്നുപറയില്ല. പ്രത്യേകിച്ച്‌ ചില ബന്ധങ്ങളെ കുറിച്ച്‌. ഭാര്യമാരുടെ മനസ്സിൽ തെറ്റായ ചിന്ത ഉണ്ടാവാൻ പാടില്ലെന്ന്‌ കരുതിയാണ്‌ അവർ ഇത്‌ ചെയ്യുന്നത്‌. കോളേജ്‌ കാലത്തെ പ്രണയത്തെ കുറിച്ചൊക്കെ പറഞ്ഞെന്നിരിക്കാം, എന്നാൽ എല്ലാം പങ്കുവച്ചു എന്ന്‌ കരുതരുത്‌. പിന്നീട്‌ നിങ്ങൾ ഇതൊക്കെ മനസ്സിലാക്കി ചോദിച്ചാൽ അവർ സമ്മതിക്കും. നല്ല സൗഹൃദത്തോടെ, അവർ പറയുന്ന കാര്യങ്ങൾ നിങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന്‌ ബോധ്യപ്പെടുത്തി മാത്രമേ പുരുഷന്മാരുടെ ഹൃദയ രഹസ്യങ്ങൾ അറിയാൻ കഴിയൂ. സ്ത്രീകൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ കാര്യവും പുരുഷന്മാർ മറച്ചുവയ്ക്കാം. അതും ഭാര്യമാർ തെറ്റിദ്ധരിക്കുമെന്ന ഭയം കൊണ്ടാകാം അങ്ങനെ മറച്ചുവയ്ക്കുന്നത്‌.

ചെറിയ കാര്യങ്ങൾക്കു പോലും സങ്കടപ്പെടുന്നവരാണ്‌ പുരുഷന്മാർ. പക്ഷെ ഒരിക്കലും അത്‌ പുറത്തുകാണിക്കുകയുമില്ല, സമ്മതിക്കുകയുമില്ല. അപൂർവ്വം ചിലർ ഇത്‌ തുറന്ന്‌ പറയാറുണ്ട്‌. ഇക്കാര്യം തുറന്ന്‌ സമ്മതിക്കുന്നതിൽ നിന്ന്‌ അവരെ വിലക്കുന്നത്‌ ആണത്തം തന്നെയാണ്‌. ഭാര്യ സ്നേഹിക്കുന്ന ഒരേയൊരു പുരുഷൻ താൻ ആയിരിക്കണം, ഏറ്റവുമധികം സ്നേഹിക്കുന്ന ആളാകണം, ഭാര്യയുടെ മുന്നിൽ ഏറ്റവും മികച്ച പുരുഷൻ താൻ ആണ്‌ ഇതൊക്കെയാവും അവരുടെ ചിന്തകൾ. പക്ഷെ ഇതൊന്നും ഒരു പുരുഷനും ഒരിക്കലും തുറന്നു പറയില്ല എന്ന്‌ മാത്രം.

പുരുഷന്മാർ അവരുടെ ശരീര സൗന്ദര്യത്തെ കുറിച്ച്‌ എപ്പോഴും ആശങ്കാകുലരായിരിക്കും. അവർ തുറന്ന്‌ അത്‌ പറയില്ലെങ്കിലും തന്റെ സൗന്ദര്യത്തെയും ആകർഷണീയതെയും പറ്റി ഭാര്യ പറയുന്നത്‌ കേൾക്കാൻ എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നുണ്ട്‌. അതുപോലെ നഷ്ടപ്പെടുമെന്ന ഭയം പുരുഷന്മാർ ഒരിക്കലും തുറന്ന്‌ പറയില്ല. സ്ത്രീകൾ ഭർത്താവിനെ നഷ്ടപ്പെടുമോ എന്ന്‌ ഭയക്കുന്ന അതേ വികാരത്തിൽ തന്നെയാണ്‌ ഭാര്യയെ തനിക്ക്‌ നഷ്ടപ്പെടുമോ എന്ന പുരുഷന്റെയും പേടി. എപ്പോഴെങ്കിലും വികാരാധീനൻ ആകുമ്പോൾ മാത്രമായിരിക്കും ഇങ്ങനെയൊരു കാര്യം അവർ തുറന്നു പറയുക.

പുരുഷന്മാർ വല്ലാതെ ആശ്രയത്വം ഉള്ളവരാണ്‌. എന്നാൽ അത്‌ സമ്മതിക്കില്ല. ഭാര്യയെ എല്ലാ കാര്യങ്ങളിലും ആശ്രയിക്കുമെങ്കിലും സംരക്ഷകന്റെ വേഷമായിരിക്കും അവർ എപ്പോഴും അണിയുക. താൻ ബലഹീനനാണെന്ന്‌ തോന്നാതിരിക്കാനുള്ള തന്ത്രം കൂടിയാണിത്‌. ഭാര്യ എന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത്‌ ഒരേ സമയം ഭാര്യയായും കാമുകിയായും സുഹൃത്തായും വേഷപകർച്ച നടത്തുക. ഭർത്താവ്‌ നിങ്ങളോട്‌ തുറന്ന്‌ സംസാരിക്കും. വലിയ രഹസ്യങ്ങൾ പോലും പങ്കുവച്ചെന്നും വരും.

മനസിലെ ചില മോഹങ്ങളും ഫാന്റസികളും രഹസ്യമായി സൂക്ഷിക്കുന്നവരാണ്‌ പുരുഷന്മാർ. അവർ ഒരുപാട്‌ രാത്രികളിൽ ഈ മോഹങ്ങൾ സ്വപ്നം കണ്ടുറങ്ങിയിട്ടുണ്ടാകും. ഭാര്യമാർ എന്ത്‌ ചിന്തിക്കും എന്ന ഭയം കൊണ്ടാകാം പുരുഷന്മാർ ഇക്കാര്യങ്ങൾ തുറന്നു പറയാതെ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നത്‌. എപ്പോഴെങ്കിലും ദമ്പതികൾക്ക്‌ മാത്രമായി തീർത്തും സ്വകാര്യമായ നിമിഷങ്ങൾ കിട്ടുമ്പോൾ ഇക്കാര്യങ്ങൾ ചോദിച്ചാൽ ചിലപ്പോൾ അവർ തുറന്നു പറഞ്ഞേക്കും. അല്ലെങ്കിൽ ഒരിക്കലും അവരുടെ ആ മോഹങ്ങൾ ഭാര്യമാർ അറിയില്ല.

എന്തും തുറന്നു പറയുന്ന നിലയിലേക്ക്‌ ഭർത്താവും ഭാര്യയും മാറുന്നത്‌ അവർക്കിടയിലെ സൗഹൃദം എത്രത്തോളം വളർന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്ത്‌ പറഞ്ഞാലും കുറ്റപ്പെടുത്തുന്ന ഭാര്യയെ ഒരു ഭർത്താവ്‌ ഒരിക്കലും വിശ്വസിക്കില്ല. അവന്റെ രഹസ്യങ്ങൾ അങ്ങനെ അവനിൽ തന്നെ ഒതുങ്ങുകയോ അത്‌ ഭാര്യ അല്ലാതെ മറ്റൊരു സുഹൃത്തിനോട്‌ ചിലപ്പോൾ അവർ തുറന്നു പറഞ്ഞെന്നുമിരിക്കും. രണ്ട്‌ ശരീരങ്ങൾ ആണെങ്കിലും ഒരു മനസോടെ ജീവിച്ചാൽ മാത്രമേ ദമ്പതികൾക്കിടയിൽ ദൃഢമായൊരു ബന്ധം ഉണ്ടാവുകയുള്ളൂ എന്ന് എല്ലാ ഭാര്യാഭർത്താക്കന്മാരും മനസിലാക്കിയാൽ നന്ന്.

Staff Reporter