കെ ജി ജോർജിന്റെ മേള എന്ന ചിത്രത്തിലെ നായകനെ ഓർമ്മയില്ലേ? രഘു. ആൾ ഇന്ന് സിനിമാ സംഘടനയായ അമ്മയിൽ നിന്നും പെൻഷൻ വാങ്ങുന്ന ഒരു വയോധികനാണ്. മേളയ്ക്കു ശേഷം താരത്തെ മറ്റൊരു ചിത്രത്തിലും മലയാളി കണ്ടതായി ഓർക്കുന്നുണ്ടാവില്ല. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി സജീവ ചർച്ചകൾക്ക് ഇടമൊരുക്കുകയാണ്.

കഥയും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇഴകീറി വിലയിരുത്തുമ്പോൾ ഹോട്ടലിൽ സപ്ലയറായി വേഷമിട്ട രഘുവും ശ്രദ്ധേയനാകുകയാണ്. ഉയരം കുറഞ്ഞ രഘു അത്ര പ്രധാനമല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷമാണ് ദൃശ്യം 2വിൽ അവതരിപ്പിച്ചത്. അധികമാർക്കും അറിയാത്ത ഒരു വലിയ ഫ്ലാഷ്ബാക്ക് സിനിമാലോകത്ത് രഘുവിനുണ്ട്.
അനശ്വര ചലച്ചിത്രകാരൻ കെ ജി ജോർജ് നാൽപതു വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ നായകനാണ് രഘു. കെ. ജി. ജോർജിന്റെ ഒരു ദുരന്ത നാടകമാണ് 1980 ൽ പുറത്തിറങ്ങിയ മേള. ഒരു സർക്കസ് കോമാളിയുടെ സ്വകാര്യജീവിതവും വിവാഹത്തിന് ശേഷം അയാൾ അനുഭവിക്കുന്ന അപകർഷതയും തുടർന്നുള്ള അയാളുടെ ആത്മഹത്യയുമാണ് സിനിമ. ചിത്രത്തിൽ ഗോവിന്ദൻ എന്ന സർക്കസ് കോമാളിയായി എത്തിയത് രഘുവായിരുന്നു. ആ സിനിമയിൽ നായകൻ രഘുവായിരുന്നു. സർക്കസ് കമ്പനിയിലെ അതി സാഹസികനായ ബൈക്ക് റൈസർ ആയ വിജയൻറെ വേഷത്തിൽ എത്തിയതാകട്ടെ, മമ്മൂട്ടിയും.

മറ്റ് പല ചിത്രങ്ങളിലും നിരവധി കുള്ളൻ കഥാപാത്രങ്ങൾ വന്നു പോയെങ്കിലും അവരുടെ കൂട്ടത്തിലൊന്നും തന്നെ രഘുവിനെ കാണാനില്ലായിരുന്നു.ഇതിനെക്കുറിച്ച് രഘു പറയുന്നത് മേള എന്ന ചിത്രത്തിലെ അഭിനയം തനിക്ക് അറംപറ്റിയ പോലെയായി എന്നാണ്.
കെ ജി ജോർജ് തന്റെ ചിത്രത്തിലേക്ക് ഒരു നായകനെ അന്വേഷിക്കുകയാണ്. വേണ്ടത് കുള്ളനായ ഒരു നായകനെയാണ്. പലരും വന്നു, പോയി. ചിലരുടെ തല വലുത് താടി നീണ്ടത്, കയ്യും കാലും തീരെ ചെറുത് ആർക്കും ബോഡി പ്രൊപ്പോഷൻസ് ശരിയാവുന്നില്ല. അങ്ങനെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് കെ ജി ജോർജിന് നായകനായി രഘുവിനെ കിട്ടിയത്. ശരിയായ ശരീര ഘടന, നല്ല അഭിനയം ഇതൊക്കെയായിരുന്നു രഘുവിനെ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാനദണ്ഡങ്ങൾ.
അന്ന് ചിത്രം റിലീസ് ചെയ്തപ്പോൾ സ്ക്രീനിൽ ആദ്യം തെളിയുന്ന പേര് നായകനായ രഘുവിന്റേതായിരുന്നു. ഏഷ്യയിൽ ആദ്യമായി ഒരു ചെറിയ മനുഷ്യൻ നായകനായ ചിത്രമായിരുന്നു അത്. ചെങ്ങന്നൂർ സ്വദേശിയായ ശശിധരൻ സിനിമയിൽ എത്തിയപ്പോൾ രഘുവായി. സ്കൂൾ കാലത്ത് തന്നെ കലാരംഗത്ത് സജീവമായ രഘു, പ്രീഡിഗ്രി പഠനം പൂർത്തിയാക്കാതെയാണ് സർക്കസിലേക്ക് എത്തിയത്. അവിടെ നിന്നും നടൻ ശ്രീനിവാസനാണ് മേളയിലേക്ക് രഘുവിനെ കണ്ടെത്തിയത്. സിനിമ ഹിറ്റായതോടെ രഘു നാട്ടിലെ താരമായി. കോളേജ് യൂണിയൻ ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലായി.

രഘുവിന് ഒന്ന് രണ്ട് ചിത്രങ്ങൾ പിന്നെയും കിട്ടി. ഉലഗനായകൻ കമൽഹാസനൊപ്പവും ലഭിച്ചു ഒരു ചിത്രം. എന്നാൽ ആദ്യ ചിത്രം പോലെ ശ്രദ്ധേയ കഥാപാത്രങ്ങളെ രഘുവിന് ലഭിച്ചില്ല. പിന്നീട് ചിത്രങ്ങളൊന്നും ലഭിക്കാതെ രഘു സിനിമയിൽ നിന്നു തന്നെ ഔട്ടായി. സർക്കസ് ജോലിക്കല്ലാതെ തന്നെ തന്നെ ഒന്നിനും കൊള്ളില്ലെന്ന് രഘുവിനും തോന്നി തുടങ്ങി. സഞ്ചാരി, മുഖചിത്രം, കാവടിയാട്ടം, ഇരിക്കൂ എം.ഡി അകത്തുണ്ട്, അപൂർവ്വ സഹോദരങ്ങൾ, വിനയപൂർവ്വം വിദ്യാധരൻ, ഇന്ത്യൻ പ്രണയകഥ, തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെറിയ വേഷത്തിൽ എത്തി.
അന്ന് മേളയിൽ അഭിനയിച്ച മമ്മൂട്ടിയും, ശ്രീനിവാസനും താരങ്ങളായി. ബാക്കിയെല്ലാവരും വിസ്മൃതിയിലേക്കും മറഞ്ഞു. “ഞാൻ നായകനായി അഭിനയിച്ച സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്ത മമ്മൂട്ടി എനിക്ക് തൊടാൻ പറ്റാത്തത്ര ഉയരത്തിൽ എത്തി. ഞാൻ സർക്കസിലെ കോമാളിയായി സിനിമയിലെ ഗോവിന്ദൻകുട്ടിയെപ്പോലെ യഥാർത്ഥ ജീവിതത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു” “മേള യഥാർത്ഥത്തിൽ എനിക്ക് ഒരു അറംപറ്റലായിരുന്നോ” എന്നാണ് രഘുവിന്റെ ഇപ്പോഴത്തെ സംശയം.