മീശപ്പുലിമല എന്ന പേരിലെ കൌതുകം മാത്രമല്ല, ഉയരത്തില്‍ ദക്ഷിണേന്ത്യയിലെ രണ്ടാമനെന്നത് കൂടിയാണ് നമ്മുടെ ഈ ടൂറിസ്റ്റ് സ്പോട്ട്. അധികമാരും കേട്ടിട്ടില്ലാത്ത ഈ ടൂറിസ്റ്റ് സ്‌പോട്ട് മൂന്നാറിനേക്കാള്‍ മനോഹരമാണെന്നതാണ് സത്യം. ഇടുക്കി ജില്ലയിൽ മൂന്നാറില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമല എന്ന സ്വര്‍ഗത്തിലെത്താൻ. മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീശപ്പുലിമലയുടെ ബേസ് ക്യാംമ്പിലെത്താം. (മുന്നാറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ കണ്ണന്‍ദേവന്‍ തേയില തോട്ടത്തിലൂടെ സഞ്ചരിച്ചാല്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡോവാലി (rhodovalley) ബേസ് ക്യാമ്പില്‍ എത്താം.) പിന്നെയും ഒരു മൂന്ന് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ റോഡോവാലി. കടും ചുവപ്പ് നിറത്തിലുള്ള കാട്ടുപൂവരശുകള്‍ കൊണ്ട് നിറഞ്ഞ റോഡോവാലി വിക്രം അഭിനയിച്ച ഷങ്കറിന്റെ ഐ എന്ന സിനിമയില്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞ താഴ്‌വാരം കണ്ടിട്ടുള്ളവര്‍ക്ക് അതിനെ വെല്ലുന്ന കാഴ്ചയാണ് നല്കുന്നത്.
സിംഹവും കരടിയും ഒഴികെ മിക്കവാറും എല്ലാ മൃഗങ്ങളും ഇവിടെയുണ്ട്. പച്ചിലപാമ്പ് അല്ലാതെ മറ്റൊരു പാമ്പും ഇല്ല. റോഡോവാലിയില്‍ ഒരു ചെറിയ തടാകവുമുണ്ട്. നിറയെ പക്ഷികളുള്ള പാണ്ഡവര്‍ ഗുഹയും ഈ വഴിയിലാണ്. ഭാഗ്യമുണ്ടെങ്കിൽ നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നതും കാണാം. ചെറുതുംവലുതുമായ കുന്നുകളും മലകളും പിന്നിട്ട്, വെളുപ്പും മഞ്ഞയും ചുവപ്പും വയലറ്റും നിറങ്ങളിലുള്ള അനേകം പൂക്കൾ വിടർന്നും വാടിയും നിൽക്കുന്ന ഒരു ചെരുവിലൂടെ ഇറങ്ങി എത്തുന്നത് മീശപ്പുലിമലയുടെ അടിവാരത്താന്. കുത്തനേയുള്ള കയറ്റമാണ് വീണ്ടും മുകളിലേയ്ക്ക്.
റോഡോവാലിയില്‍ നിന്നും രണ്ടുമണിക്കൂര്‍ ഒറ്റയടിപ്പാത കയറിയാല്‍ ഏതാണ്ട് ആനമുടിയോളം ഉയരമുള്ള (8640അടി) മീശപ്പുലി മല എത്തും. ഒരു പിരമിഡിന്റെ ആകൃതിയിൽ നീണ്ടു പരന്നതാണ് മലയുടെ മുകൾ ഭാഗം. അതിന്റെ ഒരു വശത്ത് അഗാധതയിൽ കാണപ്പെടുന്നത് തമിഴ്‌നാടിന്റെ കമ്പവും തേനിയുമൊക്കെയാണ്. പക്ഷെ അതിമനോഹരമായ ആ കാഴ്ച ചിലപ്പോൾ മൂടൽമഞ്ഞ് മറച്ചുകളഞ്ഞേക്കാം. തമിഴ്‌നാടിനെയും കേരളത്തെയും വേർതിരിക്കുന്ന ഒരു വലിയ പാറക്കല്ല് അവിടെ സ്ഥാപിച്ചിട്ടുണ്ട്. സാഹസികമായ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് മേഘങ്ങളെ തൊട്ട് സാഹസികമായ ഒരു സഞ്ചാരമാണ് മീശപ്പുലിമലയിലേക്കുള്ള കയറ്റം. ആകാശത്തിന്റെ ഏതോ ഉയരത്തില്‍ എത്തിയത് പോലെയാണ് ഇവിടെ അനുഭവപ്പെടുക.
തിരിച്ചിറക്കം മറ്റൊരു വഴിയിലൂടെയാണ്. കയറ്റവും ഇറക്കവുമായി 6 കിലോമീറ്ററുണ്ട് ക്യാമ്പിലെത്താന്‍. വലിയ മരങ്ങള്‍ ഒന്നുമില്ലാത്ത സ്ഥലമാണ്. കുത്തനെയുള്ള ചെരിവുകള്‍ ഇറങ്ങുമ്പോള്‍ കാല്‍ വഴുതാതെ ശ്രദ്ധിക്കണം. മഴയുണ്ടെങ്കിൽ വഴിച്ചാലിലൂടെ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം കാരണം ചിലപ്പോൾ വേഗത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞേക്കില്ല. തോളിനൊപ്പം ഉയരമുള്ള നീളന്‍ പുല്ലുകളാണ് അവിടെ മുഴുവന്‍. പ്രകൃതിയുടെ വരദാനം ആവോളം മുകര്‍ന്നുകൊണ്ട് അതി ഗംഭീരമായ ഒരു യാത്ര ആസ്വദിക്കാം!
മീശപ്പുലിമലയിൽ മഞ്ഞുവീഴുന്നതു കണ്ടിട്ടുണ്ടോ? മാജിക് മഷ്റൂം കണ്ടിട്ടുണ്ടോ? ഇതൊന്നും കാണാതെ അങ്ങേ ലോകത്തോട്ടു ചെന്നിട്ടെന്തിനാ? ആത്മഹത്യ ചെയ്യാനൊരുങ്ങിയ കനിയോടു ചാർലി ചോദിച്ചു. ആ ചോദ്യക്കയറിൽ പിടിച്ചു കനി ജീവിതത്തിലേക്കു തിരിച്ചുകയറി. പിന്നീട് നാം കാണുന്നതു കനിയും ചാർലിയും ഒന്നിച്ചുള്ള യാത്രയാണ്– ഹൈറേഞ്ചിലേക്ക്.
റോഡാവാലിയില്‍ കെ.എഫ്.ഡി.സിയുടെ താമസ സൗകര്യവുമുണ്ട്. ഫോണ്‍ 04865 230332.