20
November, 2017
Monday
03:17 PM
banner
banner
banner

സോഷ്യൽ മീഡിയയെ വരുതിയിലാക്കുന്ന മുഖ്യധാരാ മാധ്യമ ഇടപെടലുകൾ

“വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്” എന്നൊരു ചൊല്ല് ഞങ്ങടെ നാട്ടിലൊക്കെയുണ്ട്. നടനെ (ഇനി പേരു പറയുന്നില്ല, പേര് പറയുന്നത്‌ കേൾക്കാൻ ആർക്കും ഇഷ്ടമല്ലത്രെ) പിന്തുണയ്ക്കാൻ പി.ആർ ഏജൻസി, കാശ് കൊടുത്ത് ഫേസ് ബുക്കിൽ പോസ്റ്റിടീക്കുന്നു തുടങ്ങിയവയൊക്കെ അത്തരത്തിലുള്ള വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നാണ് എനിക്ക്‌ തോന്നുന്നത്‌. അയാളെ എതിർക്കുന്നതുപോലെ തന്നെ അനുകൂല സഹതാപം ഉള്ളവരും ഉണ്ടാകാം. അവരാകാം അയാൾക്ക്‌ അനുകൂലമായ വാർത്തകളോ സ്റ്റാറ്റസ്‌ അപ്ഡേറ്റുകളോ വ്യാപകമായി ഷെയർ ചെയ്യുന്നത്‌. പിന്നെ അത്യാവശ്യം ഫാൻസ്‌ ഫോളോവേഴ്സ്‌ ഉള്ള ആളുമാണ് നടൻ. ഈ പറയുന്ന അനുകൂല തരംഗം സൃഷ്ടിച്ചത്‌ ചിലപ്പോൾ അവരായിക്കൂടെ?

വിഷയ ദരിദ്യം കൊണ്ട് ഓൺലൈനിലെ ഉൾപ്പടെയുള്ള ചില മാധ്യമങ്ങൾ പടച്ചു വിടുന്ന നട്ടാൽ കുരുക്കാത്ത നുണകളാണ് ഇവയൊക്കെയെന്നത് സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് മനസ്സിലാകും. ‘അയാളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ഞങ്ങളാണ് ‘ എന്ന ലൈനിൽ വാർത്തകൾ പടച്ചു വിടുന്ന മാധ്യമങ്ങൾക്ക് കഥയുടെ തുടർച്ചക്ക് വേണ്ടി ഇത്തരം ഓൺലൈൻ കുന്നായ്മകൾ അത്യാവശ്യമായി വരുന്നത് ലജ്ജാവമാണ്. സ്വന്തം വാളിൽ എന്ത് പോസ്റ്റ് ചെയ്യണം എന്ന് ഓരോരുത്തർക്കും തീരുമാനിക്കാനുള്ള അവകാശം ഉള്ളപ്പോൾ ഒരാളെ പിന്തുണക്കാനും വിമർശിക്കാനുമൊക്കെ അവർക്ക് സ്വാതന്ത്ര്യമില്ലേ?

ഒരാളെപ്പറ്റി ‘വിമർശിക്കപ്പെടേണ്ടവൻ’ എന്ന പൊതുധാരണ മുഖ്യധാരാ മാധ്യമങ്ങൾ ഉയർത്തിവിടുമ്പോൾ അതിനോട് യോജിക്കുക തന്നെ വേണം എന്ന അലിഖിത നിയമം സോഷ്യൽ മീഡിയ ലോകത്ത് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഇത്തരം മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു നേരേയുള്ള വാളോങ്ങലാണ്. ടിവി കാണാത്ത, പത്രം വായിക്കാത്ത നിരവധിയാളുകൾ പക്ഷം ചേരാത്ത വാർത്തകൾ അറിയാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അവിടെ കടന്നു കൂടി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിന് ഉദാഹരണമാണ് പി.ആർ ഏജൻസി വാദം.

കേരളത്തിൽ പല വാർത്തകളും മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയപ്പോൾ അവയൊക്കെ തുടർച്ചയായ സോഷ്യൽ മീഡിയ ഇടപെടലിലൂടെ അവസാനം മടിച്ച് മടിച്ചാണെങ്കിലും തങ്ങളുടെ പൂമുഖത്ത് എത്തിച്ച് മുഖം രക്ഷിക്കാൻ ഈ മാധ്യ മങ്ങൾ ശ്രമിച്ചത് ആരും മറക്കാനുള്ള സമയമായിട്ടില്ല.

ഇത്തരത്തിൽ എന്തിനും ഏതിനും സോഷ്യൽ മീഡിയയെ കുറ്റപ്പെടുത്താതെ അതിന്റെ മെറിറ്റ് ഉപയോഗിച്ച് കൂടുതൽ സുതാര്യമാകാൻ ശ്രമിക്കാൻ ആവണം എല്ലാ പത്ര – ഇലക്ട്രോണിക് – വെബ് മാധ്യമങ്ങളും ഊന്നൽ കൊടുക്കേണ്ടത്. (ഇതെഴുതാൻ ആരും പൈസ തന്നിട്ടില്ല എന്നും നടന് അനുകൂല എഴുത്ത്‌ അല്ലെന്നും പ്രത്യേകം അറിയിക്കുന്നു.)

സെയ്ദ്‌ ഷിയാസ്‌ മിർസ

NB: ഇനി അഥവാ പി ആർ സംഘം ഉണ്ടെങ്കിൽ, സഹതാപ തരംഗം ഏത്‌, ശരിയായത്‌ ഏത്‌ എന്ന് മനസിലാക്കാതിരിക്കാൻ മലയാളികൾ അത്രക്ക്‌ മണ്ടന്മാരൊന്നുമല്ലന്ന് അവർക്ക്‌ അറിയില്ലായിരിക്കും. എന്തായാലും ഇതിനെതിരെ പോലീസ്‌ നടപടി ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിയമോപദേശം പോലീസ് തേടിയതായാണ് സൂചന. പോലീസിന്റെ സൈബര്‍ ഡോം വിഭാഗം അനുകൂല തരംഗവുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്നതിന്റെ തെളിവുകള്‍ ശേഖരിച്ച് തുടങ്ങി. അതേ സമയം, ദിലീപിനുവേണ്ടി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. 

YOU MAY ALSO LIKE:

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments