മലയാളം ഇ മാഗസിൻ.കോം

മാവേലി എന്ത് കൊണ്ടാണ് നമ്മുടെ ചങ്ക് ബ്രോ ആയത്?

പറിച്ചു തരുന്ന ചങ്കാണ്. ചോദിച്ചാൽ കൊടുക്കുന്ന മനസ്സാണ്. പറഞ്ഞാൽ പാലിക്കുന്ന മാസാണ്.
മാവേലി നമ്മുടെ ചങ്കാണ്.

മാവേലിയെ നമുക്ക് എങ്ങനെ വേണേലും വരക്കാം. ഒരു ഓലക്കുട, ഒരു മെതിയടി, ഒരു കിരീടം, ഒരു മേൽമുണ്ട്. ദാ കഴിഞ്ഞു. കരുത്തനും കറുത്തവനും ആയിരുന്നെങ്കിലും, വെളുത്ത കുടവയറനായി വരച്ചാലും കലിപ്പില്ല. ചില മതങ്ങളുടെ ആരെയെങ്കിലുമൊക്കെ അങ്ങനെ വരച്ചു, ഇങ്ങനെ വരച്ചു എന്നൊക്കെ പറഞ്ഞു എന്തൊരു പുകിലാണ്.

മാവേലിക്ക് ജാതി ഇല്ല. നിങ്ങൾ ഇപ്പോ അല്പം ആഢ്യത്തത്തോടെ മഹാബലി എന്ന് വിളിച്ചാലും കാഷ്വൽ ആയി മാവേല്യേ എന്ന് വിളിച്ചാലും പുള്ളി കേൾക്കും.

മാവേലിക്ക് മതം ഇല്ല. അള്ളാ നമ്മുടെ മാവേലി എന്ന്‌ പറഞ്ഞാലും കർത്താവേ ദേ മാവലി എന്ന് പറഞ്ഞാലും പുള്ളി വരവുവെക്കും.പൊതുവേ ഒരു മതത്തിന്റെ ദൈവത്തിനെ മറ്റേ മതക്കാർക്ക് ഇഷ്ടമല്ല. എന്നാ മാവേലിയെ എല്ലാർക്കും പെരുത്തിഷ്ടാ.

ചവിട്ടിതാഴ്ത്തിയവനോട് പോലും അടാർ സ്നേഹമാണ്. ഒരു ചവിട്ട് ചവിട്ടിയാൽ നാല് തിരിച്ചു ചവിട്ടുന്ന നാട്ടിൽ അതൊക്കെ ഔന്നത്യം അല്ലേടെ ഉവ്വേ.

ദൈവങ്ങളെക്കാൾ ചങ്കാണ്. നേർച്ചയും സംഭാവനയും ഒന്നും കൊടുക്കണ്ടാ. പാടിയും പറഞ്ഞും പുകഴ്ത്തണ്ടാ. കോപിച്ചു ശപിക്കുകയും പ്രീതിപ്പെടുത്താത്തതിനാൽ നരകത്തിലിടുകയും ചെയ്യില്ല. (അല്ലേൽ തന്നെ ഈ നരകം ഒക്കെ ദൈവങ്ങളുടെ അധികാര പരിധിയിൽ അല്ലേ). ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്നവനാ നമ്മുടെ ചങ്ക് മാവേലി.

മാവലിക്ക് ഒന്നും ഹറാം അല്ല. നിഷിദ്ധവും അല്ല. ആന്ധ്രയിൽ നിന്ന് വന്ന അരി ആയാലും തമിൾ നാട്ടീന്ന് വന്ന പച്ചക്കറി ആയാലും ചൈനേന്ന് വന്ന പേപ്പർ വാഴ ഇല ആയാലും സദ്യ കഴിച്ചു ഏമ്പക്കം വിട്ടിട്ട് പൊക്കോളും. ഇത്തിരി ബീഫോ പോർക്കോ കൊടുത്താലും കഴിച്ചോളും. പിന്നെ നുമ്മ രണ്ടെണ്ണം പൂശിയാലും മാവേലിക്ക് ഒരു കലിപ്പും ഇല്ല.

രാഷ്ട്രീയക്കാരെ പോലെ അല്ല. സമയനിഷ്ഠ ഉണ്ട്. ഓണമെന്ന് ഒരു ദിവസം ഉണ്ടേൽ കൃത്യമായി വരും. ഞാൻ രാജാവല്ലേ, ഇനി ഇപ്പൊ ഒരു വർഷം പോയില്ലേല്ലും ഒരു കുഴപ്പവും ഇല്ല എന്നൊന്നും ചിന്തിക്കില്ല. പ്രജകൾ അങ്ങ് സഹിച്ചോളും എന്നൊന്നും വിചാരിക്കില്ല.

ആൾദൈവങ്ങളെ പോലെ കാറും വണ്ടിയും ഒന്നുമില്ല. നടന്നാ വരുന്നത്. കത്തിക്കാനും കുത്തിച്ചാവാനും അനുയായികളുമില്ല. ഒറ്റക്കാ എപ്പോഴും. ഇത്ര സിമ്പിൾ ആയിട്ടുള്ള, പവർഫുൾ ആയിട്ടുള്ള മാവേലി ചങ്കല്ലേ? മറ്റാരേക്കാളും നമ്മുടെ ചങ്കിലുണ്ടാകും മാവേലി. അപ്പൊ ഗെഡീസ്, നമ്മുടെ ചങ്ക് ബ്രോ മാവേലിയെ എല്ലാത്തവണത്തേയും പോലെ ഇത്തവണയും നമുക്ക് ശങ്കയില്ലാതെ വരവേൽക്കാം.

അജിത്കുമാർ ആർ – Facebook Profile here!

Avatar

Staff Reporter

maveli-chunk-bro

Avatar

Staff Reporter