മലയാളം ഇ മാഗസിൻ.കോം

വിവാഹത്തോടെ 3 പതിറ്റാണ്ടിനിടെ മലയാളത്തിന് നഷ്ടമായ ഒരുപിടി മികച്ച അഭിനേത്രികൾ

അപാരമായ അഭിനയസിദ്ധി കൈമുതലായ ഈ നടിമാര്‍ വിവാഹിതരായതോടെ രംഗം വിട്ടത് മലയാള സിനിമാരംഗത്തിനു തന്നെ ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്.

ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച് രംഗംവിട്ടത് മലയാള സിനിമയുടെ ദുഃഖപുത്രിയെന്ന് അറിയപ്പെടുന്ന ജലജയാണ്. 1993ല്‍ പ്രകാശ് നായരെ വിവാഹം കഴിച്ച് പൊടുന്നനെയാണ് അഭിനരംഗം വിട്ടത്. 1978ല്‍ പ്രഗത്ഭ സംവിധായകനായ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് മനസില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ജലജക്ക് കഴിഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, എലിപ്പത്തായം, വേനല്‍, യവനിക, ഇത്തിരിനേരം ഒത്തിരിക്കാര്യം, ശേഷക്രിയ, കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല തുടങ്ങിയ സിനിമകളില്‍ ജലജ കൈകാര്യം ചെയ്ത വേഷങ്ങള്‍ എന്നും പേക്ഷകമനസില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്.

ജി അരവിന്ദന്‍, കെ ജി ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, ഐ വി ശശി, സാജന്‍, എ വിന്‍സന്റ്, പ്രിയദര്‍ശന്‍ എന്നീ പ്രഗത്ഭ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ജലജക്ക് കഴിഞ്ഞു. ജയന്‍, സുകുമാരന്‍, സോമന്‍ എന്നീ നടന്മാരുമായാണ് ജലജ ഏറ്റവുംകൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. വേണു നാഗവള്ളി, നെടുമുടവേണു എന്നിവര്‍ക്കൊപ്പവും ജലജ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. എം പി സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത അപരാഹ്നം ആയിരുന്നു ജലജ അഭിനയിച്ച അവസാന ചിത്രം. ഏകമകള്‍ ദേവി, ഭര്‍ത്താവ് പ്രകാശ് നായര്‍ എന്നിവര്‍ക്കൊപ്പം ജലജ ബഹറിനിലാണ് താമസം.

1986 മുതല്‍ 96 വരെയുള്ള 10 വര്‍ഷത്തിനിടയില്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷമാണ് പാര്‍വതി എന്ന അശ്വതികുറുപ്പ് 1992 സെപ്റ്റംബര്‍ ഏഴിന് വിവാഹത്തിനു ശേഷം അഭിനയരംഗംവിട്ടത്. നടന്‍ ജയറാമുമായുള്ള വിവാഹം കഴിഞ്ഞും ഏതാനും സിനിമകളില്‍ അഭിനയിച്ചതിനു ശേഷമാണ് പാര്‍വതി അഭിനയരംഗത്തോട് വിടപറഞ്ഞത്. 1988ല്‍ അപരന്‍ എന്ന സിനിമ യുടെ സെറ്റില്‍വച്ചാണ് പാര്‍വതി ജയറാമിനെ ആദ്യമായി കാണുന്നതെങ്കിലും 1992 സെപ്റ്റംബര്‍ ഏഴിന് മാത്രമാണ് ഇവരുടെ വിവാഹം നടന്നത്. ബാലചന്ദ്രമേനോന്റെ വിവാഹിതരോ ഇതിലേ ഇതിലേ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് പാര്‍വതി 1986ല്‍ സിനിമാരംഗത്തെത്തുന്നത്. വേഗത്തില്‍തന്നെ പാര്‍വതി തിരക്കുള്ള നടിയായി മാറി. 1988 ആയപ്പോഴേക്കും പാര്‍വതി 13 ചിത്രങ്ങളില്‍ നായികയായി. 1989ലാണ് പാര്‍വതി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്- 19. 1992ല്‍ വിവാഹിതയായെങ്കിലും 93ലും 1996ലും ഓരോചിത്രങ്ങളില്‍വീതം അഭിനയിച്ചു. ഇതിനിടെ ജയറാമിന്റെ നായികയായി പാര്‍വതി 14 ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പാര്‍വതി അഭിനയിച്ച അവസാന ചിത്രം 1996ലെ ഒരു നീണ്ടചിത്രം ആയിരുന്നു. ബാലചന്ദ്രമേനോന്‍, സിബി മലയില്‍, ഹരികുമാര്‍, ഭരതന്‍, പത്മരാജന്‍, ഐ വി ശശി, ജോഷി, സത്യന്‍ അന്തിക്കാട്, കെ മധു, കമല്‍, ലെനിന്‍ രാജേന്ദ്രന്‍, പ്രിയദര്‍ശന്‍ എന്നീ പ്രഗത്ഭ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചതിനു ശേഷം രംഗംവിട്ട പാര്‍വതി ജയറാമിന്റെ ഭാര്യയായി നല്ല കുടുംബിനിയായി കഴിയുന്നു. കാളിദാസും മാളവികയുമാണ് ജയറാം- പാര്‍വതി ദമ്പതിമാരുടെ മക്കള്‍.

Avatar

Staff Reporter

married-actress

Avatar

Staff Reporter