മലയാളം ഇ മാഗസിൻ.കോം

ആദ്യം രാജി? പിന്നെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് മാധ്യമ – ഇടത് – മുസ്ലിം ലീഗ് സഖ്യം?

കോടതി വിധിയിലൂടെ കേരളത്തിൽ വീണ്ടും താമര വിരിയാതിരിക്കുവാൻ അണിയറയിൽ പുതിയ തന്ത്രം ഉരുത്തിരിയുന്നതായി സൂചന. ഇതിനായി ഇടത് – മുസ്ലിം ലീഗ് ധാരണ രൂപപ്പെടുന്നതായാണ് രാഷ്‌ടീയ വൃത്തങ്ങളിൽ നിന്നും സൂചനകൾ. കാലങ്ങളായി ബി.ജെ.പിഎന്ന പൊതു ശത്രുവിനെ പരാജയപ്പെടുത്തുവാൻ ക്രോസ് വോട്ടിങ്ങ് കാസർകോഡ് ജില്ലയിൽ നടക്കുന്നതായുള്ള ആരോപണം പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്. സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് ഹർജിയിൽ കാര്യങ്ങൾ മുസ്ലിം ലീഗിന് അനുകൂലമല്ല അതിനാൽ പ്രതികൂല വിധിവരും മുമ്പേ മുസ്ലിം ലീഗ് എം.എൽ.എ പി.ബി.അബ്ദുൾ റസാഖിനെ കൊണ്ട് രാജിവെപ്പിച്ച് ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിക്കുക. തുടർന്ന് ഇടതു പക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ സഹായത്തോടെ വീണ്ടും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക ഇതാണ് പുതിയ നീക്കം എന്നാണ് സൂചന.

ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുവാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ കെ.സുരേന്ദ്രന് നിർദ്ദേശം നൽകിയതായി വാർത്തകൾ ഉണ്ടായിരുന്നു. കാസർകോഡ് ജില്ലയിൽ നിന്നും പല തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള കെ.സുരേന്ദ്രന് മഞ്ചേശ്വരം മണ്ഡലവുമായി നല്ല ബന്ധം ഉണ്ട്. സൗമ്യനും ഹൃദ്യമായ പുഞ്ചിയിലൂടെ ആളുകളെ കൈയ്യിലെടുക്കുന്നവനുമായ വ്യക്തിത്വം മാധ്യമ ചർച്ചകളിലെ സ്ഥിരം സാന്നിധ്യം തുടങ്ങി ജനങ്ങൾക്കിടയിൽ സ്വാധീനിക്കുന്ന അനുകൂല ഘടകങ്ങൾ അദ്ദേഹത്തിനുണ്ട്. എന്നാൽ സമീപ കാലത്തായി അദ്ദേഹത്തിന്റെ സംസാരത്തിൽ നിറയുന്ന തീവ്രഹിന്ദുത്വ നിലപാട് ആളുകൾക്കിടയിൽ മതിപ്പു കുറച്ചിട്ടുണ്ട്. അതോടൊപ്പം ബീഫ് വിവാദം അടക്കം മലയാളിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ പലതും സംഘ്പരിവാറിനെ ന്യായീകരിക്കുവാൻ അദ്ദേഹം പറയുകയുണ്ടായി. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ അത് ബി.ജെ.പിയുടെ വിജയസാധ്യത കുറയ്ക്കും എന്നാണ് കണക്ക് കൂട്ടൽ.

ബീഫ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തി കേരളത്തിലെ മാധ്യമങ്ങളും ഒരു വിഭാഗം മാധ്യമ പ്രവർത്തകരും കടുത്ത ബി.ജെ.പി വിരുദ്ധ വാർത്തകൾ ആണ് വാർത്താമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നല്കികൊണ്ടിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി നേടിയ വിജയങ്ങൾ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ചാണെന്ന പ്രചാരണം പൊളിഞ്ഞിരുന്നു. ആരോപണം തെളിയിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിംഗ് മെഷീൻ പരിശോധിക്കുവാൻ അനുവദിച്ചുകൊണ്ട് വിവിധ രാഷ്‌ടീയ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർക്കത്തിന് സാധിച്ചില്ല. ബി.ജെ.പിയുടെ വിജയം ജനങ്ങൾ നൽകിയ വോട്ടിലൂടെയാണ് എന്ന വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടത്തി നേടിയ വിജയം എന്ന രീതിയിൽ മാധ്യമങ്ങളിൽ നേരത്തെ നടന്ന നുണപ്രചാരണം ബി.ജെ.പിക്കെതിരെ വലിയ സ്വാധീനമാണ് സമൂഹത്തിൽ വരുത്തിയത്. ഇപ്രകാരം ഭാഗികമായോ പൂർണ്ണമായോ വ്യാജവാർത്തകൾ നൽകി ജനങ്ങൾക്കിടയിൽ അഭിപ്രായ രൂപീകരണം നൽകുവാൻ മാധ്യമങ്ങൾക്ക് അനായാസം സാധിക്കും എന്നാണതിന്റെ ഉത്തമ ഉദാഹരണമാണ് ആ സംഭവം. മാധ്യമങ്ങൾ അനുകൂലമല്ലാത്തയാൽ അത് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും വിധിയും വലിയ തോതിൽ ബാധിക്കും. ഈ പശ്ചാത്തലത്തിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കുവാൻ ആകില്ലെന്നാണ് കണക്കുകൂട്ടൽ. വിമർശങ്ങങ്ങൾ ഉയർന്നാൽ തന്നെ സംഘപരിവാർ ഫയസിസത്തെ ചെറുത്ത് തോല്പിക്കുവാനായി എന്ന ന്യായവും നിരത്താം.

2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ മത്സരത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ പി.ബി.അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. തുടർന്ന് അദ്ദേഹം ഹൈക്കോടതിയിൽ നൽകിയ തെരഞ്ഞെടുപ്പ് കേസിൽ 298 പേര് കള്ളവോട്ട് ചെയ്തു എന്നാണ് ആരോപിക്കുന്നത്. വോട്ടുചെയ്തതായി രേഖപ്പെടുത്തിയ പെരുകാരിൽ പലരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ചിലർ മരണപ്പെട്ടവരാണെന്നും വിശദമായ ശാസ്ത്രീയ പരിശോധനയിൽ തെളിയിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി പലർക്കും സമൻസ് അയക്കുകയും ചിലർ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ തന്നെ കാര്യങ്ങൾ സുരേന്ദ്രന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ആരോപണം തെളിയിക്കുവാൻ സാധിച്ചാൽ വീണ്ടും വോട്ടെണ്ണൽ നടത്തി അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് – എൽ.ഡി.എഫ് കേന്ദ്രങ്ങൾ. അന്തിമ വിധി വരും മുമ്പേ മുസ്ലിം ലീഗ് എം.എൽ.ഇ പി.ബി.അബ്ദുൾ റസാഖിന്റെ രാജിവഴി ഇതൊഴിവാക്കുവാനാകും. തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ ഇടത് സഹകരണത്തിലൂടെ വീണ്ടും മുസ്ലിം ലീഗിന് അനായാസം വിജയിച്ച് കയറാമെന്നാണ് വിലയിരുത്തൽ.

ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. ഇടത് – വലത് മുന്നണികളുടെ ന്യൂനപക്ഷ പ്രീണത്തിൽ അസംതൃപ്തരായ ഭൂരിപക്ഷം മാനസികമായി അവരോട് അടുത്തുകൊണ്ടിരിക്കുകയുമാണ്, അതോടൊപ്പം യു.ഡി.എഫ് തകർച്ച നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അവിടെ നിന്നും ഘടക കക്ഷികളെ തങ്ങൾക്കൊപ്പം നിർത്തുവാൻ എൽ.ഡി.എഫിലും ആലോചന സജീവമാണ്. കെ.എം.മാണിക്കെതിരെ ബഡ്ജറ് വില്പന- ബാർ കോഴക്കേസ് തുടങ്ങിയ ആരോപിച്ച് സെക്രട്ടേറിയറ്റ് വളയൽ അടക്കം നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ ഘടക കക്ഷികളുടെ എതിർപ്പിനെ വകവെക്കാതെ സി.പി.എം കെ.എം.മാണിയുമായി ഏറെക്കുറെ ഒരു ധാരണയിൽ എത്തിഎന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സമാനമായ രീതിയിൽ സി.പി.എമ്മിന് ഭാവിയിൽ മുസ്ലിം സമുദായത്തിന്റെ വലിയ പിന്തുണയുള്ള മുസ്ലിം ലീഗുമായും ഐക്യപ്പെട്ടാൽ അത്ഭുതമില്ല. അങ്ങിനെ വന്നാൽ യു.ഡി.എഫ് സമ്പൂർണ്ണമായി പരാജയമാകുകയും തുടർന്ന് ഭാവിയിൽ ബി.ജെ.പി മുഖ്യ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്കും കടന്നു വരും. ബംഗാളിൽ ഏതാണ്ട് പൂർണ്ണമായി തകർന്ന ഇടതു പക്ഷം ത്രിപുരയിലും വെല്ലുവിളി നേരിടുകയാണ്. കേരളത്തിൽ എങ്കിലും പിടിച്ചു നിൽക്കുവാൻ വർഗ്ഗീയ ജാതീയ കക്ഷികളുമായി നീക്ക് പോക്ക് കൊണ്ട് മാത്രമേ സാധിക്കൂ. അതിന്റെ ഒരു സൂചനയാകും മഞ്ചേശ്വരം നൽകുക. അതോടൊപ്പം പ്രധാനപ്പെട്ട മാധ്യമ പ്രവർത്തകരിൽ നല്ലൊരു ഭാഗം ബി.ജെ.പി വിരുദ്ധ ജിഹ്വാകളായി വർത്തിക്കും എന്നത് ഇടതു പക്ഷത്തിന് അനുകൂലഘടകമായി മാറും.

എസ്‌. പി.

Avatar

Staff Reporter