മലയാളം ഇ മാഗസിൻ.കോം

നെടുമുടി വേണുവിന്റെ മരണം: ചില വെളിപ്പെടുത്തലുകളുമായി നടൻ മണിയൻപിള്ള രാജു

മലയാളിയുടെ എക്കാലത്തെയും പ്രീയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു നെടുമുടി വേണു. നെടുമുടി വേണു നമ്മെ വിട്ടു പിരിഞ്ഞിട്ട്‌ 2 മാസമാകാൻ പോകുന്നു. ഈ സമയത്ത്‌ ചില തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ്‌ നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു.

നെടുമുടി വേണുവിന് ലഭിക്കാതെ പോയ ആദരത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മണിയന്‍പിള്ള രാജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. നെടുമുടി വേണുവിന് വേണ്ട ആദരം ലഭിച്ചില്ലെന്നും പുതുതലമുറ അദ്ദേഹത്തെ മറന്നു എന്നും തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മണിയന്‍പിള്ള രാജു ഇത്തരത്തില്‍ പ്രതികരിച്ചത്.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു.

അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല. 100 ശതമാനവും നാഷനല്‍ അവാര്‍ഡ് കിട്ടാന്‍ അര്‍ഹനായ നടന്‍ നെടുമുടി വേണുവാണ്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. വേണു ഒരു സമ്പൂര്‍ണ കലാകാരനാണ്’ – രാജു പറഞ്ഞു.

‘സിനിമാസെറ്റുകളിലൊന്നും ഇപ്പോള്‍ പണ്ടത്തെ പോലത്തെ ആത്മബന്ധങ്ങളില്ല. എല്ലാവരും കാരവാന്‍ സംസ്‌കാരത്തിലേയ്ക്ക് ഒതുങ്ങിപ്പോയി. ഇപ്പോള്‍ പണ്ടത്തെ പോലെ ബന്ധങ്ങളൊന്നുമില്ല.

മുമ്പ് ഒരു ഷോട്ട് കഴിഞ്ഞ് വന്നാല്‍ സെറ്റില്‍ മുഴുവന്‍ ചിരിയും ബഹളവും കോമഡിയുമാണ്. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്. അതിനകത്താണ് അവരുടെ സ്വപ്നലോകവും സ്വര്‍ഗവുമൊക്കെ. അതുകൊണ്ട് താഴേക്കിടയിലുള്ള സിനിമാപ്രവര്‍ത്തകരുമായോ മറ്റ് നടീനടന്മാരുമായോ അവര്‍ക്ക് ബന്ധമുണ്ടാകില്ല. നമുക്കൊക്കെ നല്ല ബന്ധമായിരുന്നു’- മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. Also Watch Video:

Avatar

Staff Reporter