മലയാളം ഇ മാഗസിൻ.കോം

മണിയുടെ മരണം അന്വേഷിക്കുന്ന സി ബി ഐ നടിയെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങളും ശേഖരിക്കുന്നു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന്‍റെ വിശദാംശങ്ങള്‍ സിബിഐ ശേഖരിക്കുന്നു. നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ കേസില്‍ സിബിഐ ഇടപെടല്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പി.ടി.തോമസ്‌ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യപ്പെട്ട് കറുകച്ചാല്‍ സ്വദേശി റോയ് മാമന്‍ ജോസഫ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിപരിഗണനയിലാണ്. കേസില്‍ ദിലീപിനെ ചില ആളുകളുടെ താല്പര്യം അനുസരിച്ച് കുടുക്കുകയായിരുന്നു എന്നും പള്‍സര്‍ സുനിക്കെതിരെ ദിലീപ് നല്‍കിയ പരാതി പോലിസ് പരിഗണിച്ചില്ല എന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

സിനിമാ- രാഷ്ട്രീയ – മാധ്യമ രംഗത്തെ ചിലരുടെ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ കേസില്‍ പ്രതിയായത് എന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.  കുറ്റപത്രത്തില്‍ വീഴ്ച പറ്റിയാല്‍ ദിലീപും സിബിഐ അന്വേഷണം ആവശ്യപ്പെടും എന്നാണ് വാര്‍ത്തകള്‍.

എന്നാല്‍ സിബിഐ ഇപ്പോള്‍ ഈ കേസിന്‍റെ വിവരങ്ങള്‍ ശേഖരിക്കുന്നത് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ആണെന്നാണ് മംഗളം റിപ്പോർട്ട്‌ ചെയ്ത വാർത്തയിൽ പറഞ്ഞിരിക്കുന്നത്‌. കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ്‌ തര്‍ക്കങ്ങള്‍ ആണെന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര ചില തെളിവുകള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്.

ദിലീപിന്‍റെ അറസ്റ്റ് നടന്നതിനു ശേഷം കോഴിക്കോട് സ്വദേശിനിയായ സ്ത്രീ ബൈജുവിനെ ഫോണില്‍ വിളിച്ച് മണിയുടെ മരണത്തിന് പിന്നിലെ വസ്തുതകള്‍ അറിയാം എന്ന് അറിയിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ബൈജു സിബിഐക്ക് കൈമാറിയിട്ടുണ്ട്. സിബിഐയുടെ കൊച്ചി ഓഫീസില്‍ എത്തിയാണ് ബൈജു തെളിവുകള്‍ സിബിഐക്ക് കൈമാറിയത്.

കലാഭവന്‍ മണിയുടെ മരണത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പൊതുവായി ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാനാണ് നടിയുടെ കേസിലെ വിവരങ്ങള്‍ ഇപ്പോള്‍ സിബിഐ ശേഖരിക്കുന്നത്. 

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com

mani-and-actress-case

Staff Reporter