മലയാളം ഇ മാഗസിൻ.കോം

വിമർശകരും ഹെറ്റേഴ്സും ക്ഷമിക്കുക, ഇത്‌ നിങ്ങൾക്കുള്ള മമ്മൂട്ടിയുടെ മറുപടിയാണ്‌

മലയാളികളുടെ ഇഷ്ടതാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക്‌ ഈ വർഷം ചിത്രങ്ങളുടെ ചാകരയാണ്‌. ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളുമാണ്‌. ഈ വർഷം തമിഴിൽ പേരൻപ്‌ തെലുങ്കിൽ യാത്ര എന്നീ ചിത്രങ്ങൾ സൂ്പ്പർ ഹിറ്റുകളിൽ ഇടം നേടി. കൂടാതെ മലയാള ചിത്രങ്ങളായ മധുരരാജ, ഉണ്ട, പതിനെട്ടാം പടി എന്നിവയും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. പ്രേക്ഷകർക്ക്‌ മുന്നിലേക്ക്‌ എത്താൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ സിനിമകളുടെ നീണ്ട നിര തന്നെയാണ്‌ ഉള്ളത്‌.

ഇനി വരാൻ പോകുന്നത്‌ ഒന്നിനൊന്ന്‌ മികച്ച ചിത്രങ്ങളാണ്‌. ഇതിൽ പുതുമുഖ സംവിധായകർ മുതൽ പരിചയസമ്പന്നരായവർ വരെ മമ്മൂട്ടിയോടൊപ്പം സിനിമകൾ ചെയ്യുന്നതിനായി ഒന്നിക്കാൻ പോവുകയാണ്‌. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രോ‍ജക്ടുകൾ നായകനായി കരാർ ചെയ്തിരിക്കുന്ന നടൻ മമ്മൂട്ടിയാണ്‌. വലിയ ഇടവേളകളില്ലാതെ തുടരെ തുടരെ മമ്മൂട്ടി ചിത്രങ്ങൾ ഈ വർഷവും അടുത്ത വർഷവും റിലീസിനെത്തും.

\"\"

മമ്മൂട്ടിയുടെ വരാനിരിക്കുന്ന 11 ചിത്രങ്ങൾ
ഗാനഗന്ധർവ്വൻ: രമേഷ്‌ പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ്‌ ഗാനഗന്ധർവ്വൻ. ചിത്രത്തിൽ ഗാനമേളക്കാരൻ കാലസദൻ ഉല്ലാസായാണ്‌ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത്‌. മനോജ്‌ കെ ജയൻ, സുരേഷ്‌ കൃഷ്ണ എന്നിവർ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്‌. 2019 സെപ്റ്റംബറിൽ ഈ ചിത്രം റിലീസ്‌ ചെയ്യും.

മാമാങ്കം: മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമാണ്‌ മാമാങ്കം. എം.പത്മകുമാർ ആണ്‌ സംവിധാനം. ചാവേറുകളുടെ വീര പോരാട്ടം പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ ഒരു ചരിത്രവേഷമാണ്‌ മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്‌. വേണു കുന്നപ്പിള്ളി ആണ്‌ നിർമ്മാതാവ്‌. 2019 അവസാനം ഈ ചിത്രം വിവിധ ഭാഷകളിൽ റിലീസ്‌ ചെയ്യും.

ഷൈലോക്ക്‌: രാജാധിരാജ, മാസ്റ്റർപീസ്‌ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം അജയ്‌ വാസുദേവ്‌ സംവിധാനം ചെയ്യുന്ന ഷൈലോക്ക്‌ എന്ന ചിത്രമാണ്‌ അടുത്തത്‌. മനവാഗതരായ ബിബിൻ മോഹൻ – അനീഷ്‌ ഹമീദ്‌ എന്നിവർ ചേർന്നാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നു. തമിഴ്‌ താരങ്ങളായ രാജ്‌ കിരൺ, മീന എന്നിവർ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്‌. ഗാനഗന്ധർവ്വൻ ഷൂട്ടിംഗ്‌ തീർന്നാൽ ഉടൻ അജയ്‌ വാസുദേവ്‌ ചിത്രം ഡിസംബർ റിലീസ്‌ ആയി എത്തും.

\"\"

അമീർ: നവാഗതനായ വിനോദ്‌ വിജയൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ്‌ അമീർ. ഹനീഫ്‌ അദേനിയുടെ തിരക്കഥയാണ്‌. കൺഫെഷൻ ഓഫ്‌ എ ഡോൺ എന്നാണ്‌ ഈ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിന്റെ ടാഗ്‌ ലൈൻ. 2019 അവസാനം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നാണ്‌ റിപ്പോർട്ട്‌.

സി.ബി.ഐ. അഞ്ചാം ഭാഗം: തുടർച്ചയായ വിജയങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച മമ്മൂട്ടിയുടെ സി.ബി.ഐ. സീരിസിലെ അഞ്ചാം ഭാഗം. എസ്‌.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനത്തിൽ എത്തുന്നു. ഈ ചിത്രം അടുത്ത ഓണത്തിന്‌ റിലീസ്‌ ചെയ്യാൻ ഉദ്ദേശിക്കുന്ന വിധം ഷൂട്ടിംഗ്‌ തുടങ്ങാൻ ഇപ്പോൾ ആലോചനകൾ നടക്കുകയാണ്‌.

വൺ: ബോബി – സഞ്ജയ്‌ കൂട്ടുകെട്ടിന്റെ തിരക്കഥയിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ്‌ \’വൺ\’. ചിത്രത്തിന്റെ താൽക്കാലിക പേര്‌ മാത്രമാണിതെന്നാണ്‌ റിപ്പോർട്ടുകൾ. സന്തോഷ്‌ വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിൽ ആണ്‌ എത്തുന്നത്‌. ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ ആണ്‌. 2019 ഒക്ടോബറിൽ ഷൂട്ടിംഗ്‌ ആരംഭിക്കും.

\"\"

ബിലാൽ: ബിഗ്‌ ബിയുടെ രണ്ടാം വരവ്‌. അമൽ നീരദ്‌ – മമ്മൂട്ടി കൂട്ടുകെട്ടിന്റെ തിരിച്ചുവരവ്‌ കൂടിയാണ്‌ ബിലാൽ. ബിലാൽ ജോൺ കുരിശിങ്കൽ എന്ന മാസ്സ്‌ കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ തിരക്കഥക്കായി കൂടുതൽ ചർച്ചകൾ നടക്കുകയാണ്‌. 2020ൽ ആയിരിക്കും ബിലാൽ തുടങ്ങുക.

ഗ്യാങ്ങ്സ്റ്റർ 2: ആഷിഖ്‌ അബു സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ്‌ ഗ്യാങ്ങ്സ്റ്റർ 2. വർഷങ്ങൾക്ക്‌ മുമ്പ്‌ പുറത്തിറങ്ങി പരാജയപ്പെട്ട ചിത്രമായിരുന്നു ഗ്യാങ്ങ്സ്റ്റർ. ശ്യാം പുഷ്‌കരന്റെ തിരക്കഥയിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌. 2020ൽ ആയിരിക്കും ചിത്രം ഷൂട്ടിംഗ്‌ ആരംഭിക്കുക.

അയാം എ ഡിസ്‌കോ ഡാൻസർ: നാദിർഷയുടെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന നാലാമത്തെ ചിത്രമാണ്‌ അയാം എ ഡിസ്‌കോ ഡാൻസർ. ആഷിഖ്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കോമഡിക്ക്‌ പ്രാധാന്യം നൽകുന്നതാണ്‌. 2020ൽ ആയിരിക്കും റിലീസ്‌.

\"\"

കോട്ടയം കുഞ്ഞച്ചൻ 2: എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ രണ്ടാം ഭാഗം കൊണ്ടുവരുന്നത്‌ പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ്‌. ഫ്രൈഡേ ഫിലിമ്‌സിന്റെ ബാനറിൽ വിജയ്‌ ബാബുവാണ്‌ ചിത്രം നിർമ്മിക്കുന്നത്‌. 2020ലെ പ്രൊ‍ജക്റ്റാണിത്‌.

കുഞ്ഞാലി മരക്കാർ: മമ്മൂട്ടിയുടെ ആരാധകർ ഏറെ ഉറ്റുനോക്കുന്നത്‌ വേഷമാണ്‌ കുഞ്ഞാലി മരക്കാരിന്റേത്‌. ഇടക്കാലത്തു വച്ച്‌ മുടങ്ങി പോയ ഈ ചിത്രം വീണ്ടും ആരംഭിക്കാനുള്ള പ്രാരംഭഘട്ട പ്രവർത്തങ്ങൾ നടക്കുന്നു. ഗുഡ്‌ വിൽ എന്റർടൈൻമെന്റ്‌സും ആഗസ്റ്റ്‌ സിനിമാസും ചേർന്നാണ്‌ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തിൻ്‌റെ ഷൂട്ടിങ്‌ 2020ൽ ആരംഭിക്കാനാണ്‌ തീരുമാനം.

Avatar

Shehina Hidayath