2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കി തെലുങ്കിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം \’യാത്ര ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്ന ചിത്രമാണ് യാത്ര. ചിത്രം കേരളത്തിലെത്തിക്കുന്നത് നിര്‍മ്മാതാവ് ആന്റോ ജോസഫാണ്. തമിഴ് പതിപ്പാകും കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തിന്റെ ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനിയാണ് സ്വന്തമാക്കിയിരിക്കുന്നത്. മഹി.വി.രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.
സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 70 എംഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മ്മിക്കുന്നത്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.തെലുങ്കു ജനതയുടെ മനസിലെ വീരനായകൻ സ്ക്രീനിൽ പുനർജനിക്കുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.