മലയാളം ഇ മാഗസിൻ.കോം

പുതിയ പ്രകാശവും വായുവും ആസ്വദിക്കാൻ എന്നെ അനുവദിച്ച പൂർവ്വ കാമുകരെ നിങ്ങൾക്ക്‌ നന്ദി: മല്ലിക എം ജി

രണ്ടു ദിവസം മുൻപ് മനോരമയിൽ കൌണ്ടർ പോയിന്റിൽ സ്ത്രീ പീഡനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു. പക്ഷെ പറയേണ്ട കാര്യങ്ങൾ മുഴുവൻ പറയാൻ കഴിഞ്ഞില്ല എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് ഈ എഴുത്ത്.

പ്രണയം യദാർത്ഥത്തിൽ സംഭവിക്കുക രണ്ടു തുല്യ വ്യക്തികൾ തമ്മിലാണ്. അത് നിർഭയമായിരിക്കണം. ഭയപ്പെടുന്നിടത്തു യഥാര്ത്ഥ പ്രണയത്തിനു സ്ഥാനമുണ്ടോ എന്നത് സംശയവുമാണ്. നാളെ വിവാഹം കഴിക്കും എന്ന ഉറപ്പിൽ ഉള്ള ലൈംഗീക ബന്ധം (അത് വിവാഹം കഴിക്കാനുള്ള ഒരു ഉപാധി മാത്രമാണെങ്കിൽ അതിനെ ലൈംഗീകതയുടെ ചരക്കു വൽക്കരണം എന്ന് വിളിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. അതായത് ഞാൻ നിങ്ങളുടെ ലൈംഗീക താല്പര്യം നടത്തിത്തരുന്നു പകരമായി നിങ്ങൾ എന്നെ വിവാഹം കഴിക്കണം എന്ന കരാർ. വിവാഹത്തിലൂടെ നമ്മൾ നടപ്പാക്കി കൊണ്ടിരിക്കുന്നത് ഇതാണ് പലപ്പോഴും. അങ്ങനെ വരുമ്പോൾ പണത്തിനു പകരം വിവാഹമെന്ന ഉടമ്പടിയിലൂടെ ജീവിതകാലം മുഴുവൻ കൂടെ നിർത്താം എന്ന ഒരു ഉറപ്പിന്റെ അടിസ്ഥാനത്തിൽ പുരുഷന് വേണ്ടി കിടന്നു കൊടുക്കുന്നു എന്നർത്ഥം. ഇവിടെ ഒരു കരാർ ലംഘനം നടക്കുന്നുണ്ട്. കരാർ ലംഘനത്തിന്റെ ശിക്ഷ ഈ അവസ്ഥയിലും ഉണ്ടാവേണ്ടതാണ്. അതിനപ്പുറം ഒരു പീഡനം ഇതിൽ ഉണ്ടാവണമെങ്കിൽ അവിടെ പ്രായപൂർത്തിയാവാത്തതോ, സാമൂഹികമോ വിദ്യാഭ്യാസപരമോ ആയി താഴെ തട്ടിൽ നിൽക്കുന്നതു ആയ വ്യക്തികൾ ആണെങ്കിൽ അതിനെ ലൈംഗീക പീഡനം എന്ന് വിളിക്കാം. അല്ലാതെ അങ്ങനെ വിളിക്കാൻ കഴിയുമെന്ന് നമ്മൾ പറയുമ്പോൾ നിലവിൽ നടക്കുന്ന സദാചാര പാലകരുടെ അഭിപ്രായങ്ങൾ ശരിവെക്കേണ്ടി വരും.

തനിക്കു പ്രണയമുണ്ടാവുകയും പ്രണയമുള്ള ഒരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുമ്പോൾ ലഭിക്കുന്ന അനുഭൂതി അനുഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ എങ്ങനെ അത് പീഡനമാകുമെന്നു എനിക്കിതുവരെ മനസ്സിലായിട്ടില്ല. അതിൽ വിശ്വാസ വഞ്ചന ഉണ്ട്. അതിനെ അതിജീവിക്കാൻ കഴിയില്ലെങ്കിൽ, അഥവാ ആ അപകടത്തെ അതിജീവിക്കാൻ കരുത്തില്ലെങ്കിൽ അത്തരം പ്രണയത്തിലേക്ക് പോകാതിരിക്കണമെന്ന സമൂഹത്തിന്റെ കാഴ്ചപാട് അംഗീകരിക്കണം. സ്വാതന്ത്ര്യം ഉത്തരവാദിത്വം കൂടി ആകുന്നതു അപ്പോഴാണ്. നമുക്ക് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുമ്പോൾ ആ സ്വാതന്ത്ര്യത്തതിന്റെ ഭാഗമായുണ്ടാവുന്ന ഏതൊരു അവസ്ഥയെയും ഉൾക്കൊള്ളാനും അതിനെ അതി ജീവിക്കാനും നമുക്ക് കരുത്തുണ്ടാവണം. അല്ലാത്ത ഒരാൾക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ അർഹത ഉണ്ടാവില്ല.

അതുപോലെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ ഒരു സ്ത്രീ ലൈംഗീക ബന്ധത്തിന് സമ്മതിച്ചിട്ടുണ്ടെങ്കിൽ അതും യദാർത്ഥത്തിൽ ലൈംഗീകതയുടെ ഒരു ചരക്കു വൽക്കരണം നടത്തുന്നതായാണ് കരുതേണ്ടത്. ലൈംഗീകത ഒരു ഇഷ്ട തൊഴിലിനു വേണ്ടി വിൽക്കുന്ന അവസ്ഥ. അവിടെയും കരാർ ലംഘനമാണ് നടക്കുന്നതെന്ന് പറയാം. അതല്ലാതെ നിർബന്ധിച്ചു നടത്തുന്ന പീഡനമായി അതിനെ കാണാൻ കഴിയും എന്ന് തോന്നുന്നില്ല. അതെ സമയം സിനിമയിൽ അഭിനയിക്കുന്നത്തിനു കിടന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടാൽ കേസ് കൊടുക്കുകയും ആ സിനിമയിൽ അഭിനയിപ്പിക്കണമെന് അത് തൊഴിലിടത്തിൽ പീഡനമായി കാണണമെന്നും പറയേണ്ടതുണ്ട്. പ്രായ പൂർത്തിയായ ഒരു വ്യക്തിയുടെ കാര്യത്തിലാണ് ഇത്. അല്ലാതുള്ള കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ നിര്ബന്ധിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ എതിർക്കപ്പെടേണ്ടതുണ്ട്.

അതായത് സാമൂഹികവും സാമ്പത്തികവും മാനസികവുമായി സ്വാതന്ത്രമായി തീരുമാനിക്കാൻ കഴിയുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയം അത് പരസ്പരമുള്ള വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. അല്ലാതെയുള്ള വഴങ്ങലുകളെ നമുക്ക് പ്രണയമെന്ന പേരിട്ടു വിളിക്കാൻ കഴിയില്ല. അവിടെ ലൈംഗീകത ഒരു ചരക്കായി മാറ്റപ്പെടുന്നു. അതിനപ്പുറം അതിനെ പീഡനമെന്ന പേരിൽ കാണാൻ കഴിയില്ല അതിനു കാരണം അങ്ങനെ കരുതിയാൽ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു തുല്യ ലിംഗ പദവിയുള്ള ഒരു സാമൂഹിക വ്യവസ്ഥ ഉണ്ടാകണമെന്ന പ്രതീക്ഷ തന്നെ ആസ്ഥാനത്താകും. സദാചാര പോലീസിങ്ങിനെ എതിർക്കാൻ പോലും കഴിയാത്ത ഒരു പ്രതി സന്ധിയിലേക്കു അത് മാറും. ലൈംഗീകതയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപാടുകൾ മാറേണ്ടതുണ്ട്. അതിൽ കുറെ കൂടി പക്വതയും പാകതയും വരാനുണ്ട്.

എനിക്ക് പ്രണയമുണ്ടായിട്ടുണ്ട്. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ പ്രണയിക്കാൻ കഴിഞ്ഞത് കൊണ്ടാണ്. . മരണത്തിന്റെ മടിത്തട്ടിൽ നിന്നും ജീവിതത്തിലേക്ക് എന്നെ കരകയറ്റാൻ കൂടെ ഉണ്ടായിരുന്ന പലരും ഇന്ന് എന്റെ കൂടെ ഇല്ല. പ്രണയ നാളുകളിൽ അവർ പറഞ്ഞത് നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ജീവിത കാലം മുഴുവൻ കൂടെ ഉണ്ടാവും എന്നൊക്കെ ആണ്. പക്ഷെ അവരിൽ പലരും ഇന്ന് എനിക്ക് അപരിചിതരാണ്. അവർ മറ്റാരോടൊക്കെയോ നീ ഇല്ലെങ്കിൽ ജീവിക്കാൻ കഴിയില്ലെന്ന് പറയുന്നുണ്ടാകും. തിരിച്ചും. പക്ഷെ അത് വിചാരിച്ചു എനിക്ക് എന്റെ പ്രണയ കാലത്തിന്റെ നല്ല ഓർമ്മകളെ ഇന്നിന്റെ പരിതസ്ഥിതിയിൽ വച്ചു വിലയിരുത്തുവാൻ കഴിയുമോ?

അന്ന് അവർ തന്ന ആ ജീവിതത്തെ ഇന്നത്തെ ത്രാസിൽ എങ്ങനെ തൂക്കാൻ കഴിയും?. എന്റെ പ്രണയം എന്റേതായിരുന്നു. ഇന്നുള്ള അവർ എനിക്ക് അപരിചിതരാണെങ്കിലും അന്ന് ഞാൻ ജീവിച്ച ജീവിതം എനിക്ക് സ്വന്തം. അതിനെ കളങ്ക പെടുത്താൻ ഞ്ഞാൻ ആഗ്രഹിക്കുന്നില്ല. പിരിഞ്ഞു പോകുമ്പോൾ അത്ര സുഖകരമൊന്നുമല്ല അവസ്ഥ. മരണത്തിന്റെ തണുപ്പിലേക്ക് നമ്മൾ ഊർന്നിറങ്ങും. പക്ഷെ ജീവിതം അത് ഒരു വ്യക്തിയിൽ തീർന്നു പോകുന്നതല്ലെന്നു പുതിയ ചിന്തകളിലൂടെ നമ്മൾ കണ്ടെത്തും. മരണം വരെ പ്രണയിച്ചു കൊണ്ടേ ഇരിക്കും. അങ്ങനെ ബോറടിക്കാതെ ജീവിക്കാൻ എന്നെ സഹായിച്ചവരായി എന്നെ വിട്ടു പോയവർ വാഴ്ത്തപ്പെടും. വിട്ടു പോയവർക്ക് ഓർമ്മയിൽ നിന്നും മോചനമില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് യഥാർത്ഥ വിജയം എന്നതാണ് എന്റെ തത്വശാസ്ത്രം. നമ്മൾ ഒരിക്കൽ ഇഷ്ടപെട്ട വ്യക്തിയെ താറടിച്ചു കാണിക്കുമ്പോൾ നമുക്ക് നമ്മോടു തന്നെ ഇഷ്ടക്കേട് തോന്നും.

ഒരേ വ്യക്തിയോട് തന്നെ നിരന്തരം പ്രണയത്തിൽ വീഴുന്ന അവസ്ഥയിൽ മാത്രമേ ജീവിത കാലം മുഴുവൻ ഒരാളെ മാത്രം പ്രണയിക്കാൻ കഴിയു. അതിനു രണ്ടു പേരും നിരന്തരം മാറി കൊണ്ടേ ഇരിക്കണം. ഒരുപോലെ നൂതന വൽക്കരിക്കപ്പെടാതെ ഇഷ്ടം നില നിർത്താൻ കഴിയില്ല. അതിനു ശക്തമായ ആശയ വിനിമയം നടക്കണം. ഹൃദയങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിലൂടെ അകലാൻ കഴിയാത്ത ആഴങ്ങളിലേക്ക് നടന്നടുക്കുമ്പോഴ് മാത്രമാണ് രണ്ടു പേര് വിവാഹത്തിലേക്ക് പോകാവൂ. എനിക്ക് തോന്നുന്നതു ആദ്യ മാത്രയിൽ കണ്ടു ഇഷ്ട്ടപെട്ടു രണ്ടു പേരും കുറെ കാലം ജീവിച്ചു ഒരാൾക്ക് അതിനാൽ നിന്നും പിന് മാറാൻ അവകാശമുണ്ടാകുന്ന കാലത്തു മാത്രമേ നമ്മൾ കരുതുന്ന ഒരു തുല്യ പദവിയുള്ള അവസ്ഥ വരുകയുള്ളൂ. എനിക്ക് അത്തരം ഒരു അവസ്ഥയെ കുറിച്ച സ്വപ്നം കാണാനാണ് ഇഷ്ടം. .

എന്നെ പ്രണയത്തിന്റെ നൂൽ പാലത്തിലൂടെ നടത്തിച്ചു തനിയെ വിട്ടു പോയ എല്ലാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നെ ശക്തയാക്കിയതിനു. കൂടെ ഉണ്ടായിരുന്നെങ്കിൽ നമ്മൾ എന്നെ ബോറടിച്ചു ചത്ത് പോയേനെ. പുതിയ പ്രകാശവും വായുവും ആസ്വദിക്കാൻ എന്നെ അനുവദിച്ച പൂർവ്വ കാമുകരെ നിങ്ങള്ക്ക് നന്ദി. ഇനി ഇതിന്റെ താഴെ നിങ്ങളുടെ മകളെ നിങ്ങൾ ഇങ്ങനെ വിടുമോ..? നിങ്ങളെ പോലുള്ള വൃത്തികെട്ട സ്ത്രീകൾ ആണ് നാടിന്റെ കുഴപ്പം എന്നൊക്കെ എഴുതി പിടിപ്പിക്കും ചിലർ. അവരോടു എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങളുടെ ഓരോ വിമര്ശനവും എന്നെ കൂടുതൽ കരുത്തയാക്കും. അതുകൊണ്ടു തുടർച്ചയായി വിമർശിക്കുക. ഞാൻ കൂടുതൽ ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യട്ടെ.

മല്ലിക എം ജി

Staff Reporter