മലയാളം ഇ മാഗസിൻ.കോം

വെക്കേഷൻ തീരും മുൻപ്‌ കാടും മേടും താണ്ടി ഒരു മനോഹര യാത്ര പോയി വന്നാലോ!

ഒരു വർഷം മുഴുവൻ കാത്തിരുന്ന്‌ ഒടുവിൽ അവധിക്കാലം വന്നെത്തുമ്പോൾ അമ്മയുടെ തറവാടു വീട്ടിലേക്ക്‌ ഉത്സാഹത്തോടെ വിരുന്നു കൂടാൻ പോകുന്ന ഗൃഹാതുരമായ ഓർമ്മകൾ പടി കടന്നു പോയിരിക്കുന്നു. പാടത്തും പറമ്പിലും തോട്ടിലും മേട്ടിലും ഓടി നടന്ന്‌ മണ്ണിനേയും പ്രകൃതിയേയും ആസ്വദിക്കേണ്ട ഒരു പ്രായത്തിൽ ഐ പാഡുകളിലെ ഗെയ്മുകളിൽ അവധിക്കാലത്തിന്റെ എല്ലാ ആഘോഷങ്ങളും കണ്ടെത്തുകയാണ്‌ നമ്മുടെ കുട്ടികൾ.

പഠനവും ഗെയ്മുമാണ്‌ ഇന്ന്അവരുടെ ജീവിതം. അവധിക്കാലത്തും കാത്തിരിക്കുന്നത്‌ കുറെ റ്റ്യൂഷൻ ക്ലാസുകളും വെക്കേഷൻ പ്രോജക്ടുകളുമാണ്‌. ജോലിത്തിരക്കും മറ്റുമായി അച്ഛനമ്മമാരും തിരക്കിലാണ്‌. എന്നാൽ ഇതിൽ നിന്നൊരു ഉണർവ്വ്‌ എല്ലാത്തരത്തിലും കുട്ടികൾക്കും അച്ഛനമ്മമാർക്കും ഗുണം ചെയ്യും. നമ്മുടെ കൊച്ചുകേരളത്തിലും അവധിക്കാലം അടിച്ചു പൊളിക്കാനായി നിരവധി ദൃശ്യഭംഗിയാർന്ന സ്ഥലങ്ങളുണ്ട്‌. പ്രകൃതിയുടെ സൗന്ദര്യം ഇനിയും ബാക്കി നിൽക്കുന്ന എത്രയോ ഇടങ്ങളുണ്ട്‌ ഇവിടെ. മണ്ണിനേയും മരങ്ങളെയും പുഴകളെയും കാടിനേയും നമ്മുടെ കുഞ്ഞുങ്ങളും ഒന്നറിയട്ടെ. പ്രകൃതിരമണീയമായ കേരളത്തിലെ പച്ചപ്പുകളിലൂടെ ഒരു യാത്ര നടത്താം.

കാടുകളിലൂടെ ഒരു യാത്ര
\"valpara\"മലക്കപ്പാറയിലേക്ക്‌ എത്തിച്ചേരുന്നത്‌ കാടും കാട്ടാറും വെള്ളച്ചാട്ടങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ അതി മനോഹരങ്ങളായ വഴികളിലൂടെയാണ്‌. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്കുള്ള വഴികളിൽ ആദ്യം യാത്രികരെ എതിരേൽക്കുന്നത്‌ തുമ്പൂർ മുഴി ശലഭോദ്യാനം ആണ്‌. തൃശൂർ ചാലക്കുടി പുഴക്ക്‌ കുറുകെയായി സ്ഥിതി ചെയ്യുന്ന ഡാമിനോടനുബന്ധിച്ച്‌ വരുന്ന തീരദേശ പ്രദേശമാണ്‌ ശലഭോദ്യാനം. ഏകദേശം 148 ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങൾ ഇവിടെയുണ്ട്‌. പക്ഷികളോളം വലിപ്പമുള്ള ചിത്ര ശലഭങ്ങളും, നിറയെ വേഴാമ്പലുകളും പുഴയുടെയും കാടിന്റെയും സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന ശലഭോദ്യാനം യാത്രികരെ അവിടേക്ക്‌ ആകർഷിക്കുന്നു. ശലഭോദ്യാനത്തിൽ നിന്നും നേരെ യാത്ര എത്തിച്ചേരുക ആതിരപ്പള്ളിയിലായിരിക്കും. ആതിരപ്പള്ളിയിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രമാണ്‌ വാഴച്ചാലിലേക്ക്‌ വരുന്നത്‌. 80 അടി ഉയരത്തിൽ നിന്നും താഴേക്ക്‌ പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം ഏറെ പ്രശസ്തമാണ്‌. പശ്ചിമ ഘട്ടത്തിൽ ഉത്ഭവിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. വിനോദ സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമായതു കൊണ്ടു തന്നെ ആതിരപ്പള്ളിയിൽ സഞ്ചാരികൾക്ക്‌ വിശ്രമിക്കാൻ പാകത്തിലുള്ള റസ്റ്റോറന്റുകളും കോഫി ഷോപ്പുകളുമുണ്ട്‌. വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തുനിന്നും മുകൾ ഭാഗത്തു നിന്നും ഒരു പോലെ വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്‌.

ആതിരപ്പള്ളി കഴിഞ്ഞ്‌ 5 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വാഴച്ചാൽ പാറക്കൂട്ടങ്ങളും മലനിരകളും നിറഞ്ഞ കാടിന്റെ പശ്ചാത്തലത്തിൽ നിറഞ്ഞു പതഞ്ഞൊഴുകുന്നു. ആതിരപ്പള്ളി മഴക്കാടുകളിൽപ്പെടുന്ന ഷോളയാർ മേഖലയിലാണ്‌ വാഴച്ചാൽ വെള്ളച്ചാട്ടം. നദീ തീര സസ്യ സമ്പത്തുകൊണ്ട്‌ അനുഗ്രഹീതമായ ഇവിടെ ആയിരക്കണക്കിന്‌ ജീവി വർഗ്ഗങ്ങൾ വസിക്കുന്നു.

വാഴച്ചാൽ കഴിഞ്ഞുള്ള യാത്ര മുഴുവൻ കാടുകൾക്ക്‌ നടുവിലൂടെയായിരിക്കും. വാഴച്ചാൽ ചെക്ക്പോസ്റ്റ്‌ കഴിഞ്ഞ്‌ 20 കിലോമീറ്റർ യാത്ര ചെയ്തു കഴിഞ്ഞാൽ ആനക്കയം പാലവും ഫോറസ്റ്റ്‌ ഓഫീസുമാണ്‌. 30 കിലോമീറ്റർ തികച്ചും വന്യമായകാടിനുള്ളിലൂടെയുള്ള യാത്ര. ഇടുങ്ങിയ റോഡിന്റെ ഇരു വശങ്ങളിലും കാട്ടരുവികളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്‌. ഈ കാട്ടിനുള്ളിലൂടെയുള്ള യാത്ര മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ്വ്‌ തരും. പകൽ സമയത്തും കടുത്ത തണുപ്പും ഇരുട്ടും സഞ്ചാരികൾക്ക്‌ വേറിട്ട അനുഭവമായിരിക്കും. വാഴച്ചാൽ- മലക്കപ്പാറക്കിടയിലാണ്‌ ലോവർ ഷോളയാർ ഡാം സ്ഥിതി ചെയ്യുന്നത്‌. വാഴച്ചാലിൽ നിന്നു നേരെയെത്തുന്നത്‌ മലക്കപ്പാറയിലെ ചെറിയ ചായ കടകളും, ഫോറസ്റ്റ്‌ ഓഫിസും ചായത്തോട്ടങ്ങളുമുള്ള മലയോര പ്രദേശത്തെക്കാണ്‌. തമിഴ്‌ നാടിനേയും കേരളത്തേയും വേർ തിരിക്കുന്ന ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞ്‌ 5 കിലോമീറ്റർ പിന്നിടുമ്പോൾ അപ്പർ ഷോളയാർ കാണാം. അവിടെ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട്‌ വാൽപ്പാറയിലേക്ക്‌.

തുടർന്നുള്ള യാത്ര പരന്നു വിശാലമായിക്കിടക്കുന്ന തേയില തോട്ടങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെയാണ്‌. ഒരു മണിക്കുറോളമുള്ള ഈ യാത്ര അവസാനിക്കുന്നത്‌ തമിഴ്‌ നാട്ടിലെ വാൽപ്പാറ എന്ന ഒരു കൊച്ചു പട്ടണത്തിലാണ്‌. തട്ടുകളായിക്കിടക്കുന്ന ടൗണിൽ എല്ലാം ചെറിയ ചെറിയ കടകളാണ്‌.

\"athirappalli\"കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര മുഴുവനാകണമെങ്കിൽ വാൽപ്പാറക്കടുത്തുള്ള നല്ലമുടിപൂഞ്ചോലയും സ്വപ്‌നമുടി പൂഞ്ചോലയും സന്ദർശിക്കണം. വാൽപ്പാറയിൽ നിന്ന്‌ കുറച്ച്‌ ഉള്ളിലേക്കാണ്‌ നല്ലമുടിപ്പൂഞ്ചോല. സാംഗിലി റോഡിൽ നിന്ന്‌ ഏകദേശം ഒരു കിലോമീറ്റർ തേയിലത്തോട്ടങ്ങൾക്കുള്ളിലൂടെ പോയിക്കഴിഞ്ഞാൽ നല്ലമുടിപ്പൂഞ്ചോല എത്തിച്ചേരാം. സുന്ദരമായ വ്യൂ പോയിന്റാണ്‌ നല്ലമുടിപ്പൂഞ്ചോലയുടെ പ്രത്യേകത. വിനോദ സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാതെ നിശബ്ദം മഞ്ഞു മൂടിക്കിടക്കുന്ന വശ്യ സുന്ദരമായ കാഴ്ച്ചയാണ്‌ നല്ലമുടിപ്പൂഞ്ചോല സമ്മാനിക്കുന്നത്‌. ബുൾ ബുൾ കിളികളുടെ ശബ്ദവും കാറ്റും തണുപ്പും മാത്രം. ഇടക്ക്‌ ഓം ആദി മുരുകാ എന്നു മന്ത്രം ചൊല്ലിക്കൊണ്ട്‌ ഒരു അഞ്ജാതമനുഷ്യന്റെ ശബ്ദം എവിടെ നിന്നോ കേൾക്കാം.

സാധാരണ പോയ വഴി തന്നെ തിരിച്ച്‌ യാത്ര തിരിക്കുകയാണ്‌ നമ്മുടെ പതിവ്‌. എന്നാൽ മലക്കപ്പാറയിലേക്കുള്ള യാത്രയിൽ തീർച്ചയായും വന്ന വഴി തന്നെ തിരിച്ചു വരാൻ യാത്രകളെ സ്നേഹിക്കുന്ന ആരും ഇഷ്ടപ്പെടില്ല. പ്രത്യേകിച്ചും വാൽപ്പാറ കഴിഞ്ഞ്‌ പൊള്ളാച്ചിയിലേക്കുള്ള വഴിയുടെ ഭംഗി അറിയാവുന്നവർ. നാൽപ്പതോളം വളവുകളും തിരിവുകളും നിറഞ്ഞ വഴികളിലൂടെയാണ്‌ വാൽപ്പാറയിൽ നിന്നും പൊള്ളാച്ചിയിലേക്കുള്ള ഈ യാത്ര. ഏറ്റവും ഉയരത്തിൽ നിന്നു താഴേക്കു കാണുന്ന മനോഹരമായ അളിയാർ ഡാമിന്റെയും കാറ്റാടികളുടെയും വിദൂര ദൃശ്യം ഏറെ മനോഹരമാണ്‌.

ഓരോ വളവുകളും കഴിഞ്ഞു താഴോട്ട്‌ ഇറങ്ങി വരുമ്പോൾ കടുത്ത തണുപ്പ്‌ അപ്രത്യക്ഷമാകുകയും ചൂട്‌ ശരീരത്തിൽ പതിയുകയും ചെയ്യും. മഞ്ഞും തണുപ്പും മാറി പതിയെ പതിയെ വേനലിന്റെ ചൂട്‌ ശരീരത്തിൽ പതിക്കുമ്പോഴായിരിക്കും ഇത്‌ ഒരു വേനൽക്കാല യാത്രയായിരുന്നല്ലോ എന്ന്‌ നമ്മൾ ഓർക്കുക. പൊള്ളാച്ചി എത്തിക്കഴിഞ്ഞാൽ പിന്നെ കാടിന്റെ തണുപ്പും മഞ്ഞും പൂർണ്ണമായും അപ്രത്യക്ഷമാകും. പൊള്ളാച്ചിയിൽ നിന്നും പാലക്കാട്‌ വഴി നാട്ടിലേക്ക്‌ എളുപ്പത്തിൽ എത്തിച്ചേരാം.

ഈ സമയത്ത്‌ കുടുംബത്തോടൊപ്പം നാട്ടിൽ പോയി തിരിച്ചു വരുന്നവർക്ക്‌ അത്‌ ഒരു അവിസ്മരണീയമായ അനുഭവം ആയിരിക്കും. തീർച്ച!

Avatar

Staff Reporter