മീസിൽസ് റുബെല്ല പ്രതിരോധ പ്രവർത്തകരെയും അതിന്റെ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയവരേയും അമ്പരപ്പിച്ചു കൊണ്ടാണ് വാക്സിൻ വിരുദ്ധർ മുന്നേറ്റം നടത്തിയത്. ഇന്ത്യയിൽ ആരോഗ്യമേഖലയിൽ കേരളം നേടിയ മുന്നേറ്റങ്ങളെ ആഗോളതലത്തിൽ തന്നെ പ്രശംസിക്കപ്പെടുമ്പോഴാണ് മലബാറിൽ നിന്നും അപ്രതീക്ഷിതമായ ഈ തിരിച്ചടി നേരിടേണ്ടി വന്നത്. വാക്സിൻ വിരുദ്ധർ വലിയ തോതിൽ നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയുമാണ് നുണപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
മലപ്പുറത്ത് മീസിൽസ്-റൂബെല്ലാ പ്രതിരോധ യഞ്ജവുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം നടന്നിട്ട് അധിക ദിവസം ആയിട്ടില്ല. അതിനു പിന്നാലെ നവമ്പർ 25 നു തന്റെ ഫേസ്ബുക്ക് പെജിൽ ഇട്ട പോസ്റ്റിന്റെ പേരിൽ മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ എം.എ ബേബി സ്വന്തം സഖാക്കളുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ്. വാക്സിൻ വിരുദ്ധ പ്രചാരകനായ ജേക്കബ്ബ് വടക്കും ചേരിക്ക് അനുകൂലമായ ചില പരാമർശങ്ങളാണ് സഖാക്കളെ ചൊടിപ്പിച്ചത്.
സർക്കാരും സന്നദ്ധ പ്രവർത്തകരും ഉൽസാഹിച്ച് നടത്തുന്ന ഈ പ്രതിരോധ യഞ്ജത്തെ തകർക്കുവാനായി ഒരു സംഘം മുന്നിട്ടിറങ്ങിയതോടെ വലിയ തിരിച്ചടിയാണ് മലബാർ മേഖലയിൽ നേരിട്ടു കൊണ്ടിരിക്കുന്നത്. വാക്സിൻ വിരുദ്ധരുടെ വ്യാപകമായ പ്രചാരണം മൂലം തെറ്റിദ്ധരിക്കപ്പെട്ട പല രക്ഷാകർത്താക്കളും തങ്ങളുടെ കുട്ടികളെ പ്രതിരോധ കുത്തിവെയ്പുകൾ എടുക്കുന്നതിൽ നിന്നും പിൻ വാങ്ങുകയാണ്.
വാക്സിൻ വിരുദ്ധരുടെ മുന്നണി പോരാളികളിൽ ഒരാളാണ് വ്യാജ ഡോ. ജേക്കബ്ബ് വടുക്കും ചേരി. പേരിനൊപ്പം ഡോക്ടർ എന്ന് ബോർഡും വെച്ച് നിരവധി പ്രസംഗവേദികളിൽ മണിക്കൂറുകൾ വാക്സിൻ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന അദ്ദെഹത്തിനു മെഡിക്കൽ ബിരുധം ഇല്ല. ഇക്കാര്യം മാതൃഭൂമി ചാനലിന്റെ അകം പുറം പരിപാടിയിൽ സംസ്ഥാന ആരോഗ്യ മന്ത്രിയുടെ മുന്നിൽ വച്ചുതന്നെ അദ്ദെഹം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഒരു മെഡിക്കൽ ബിരുധവും ഇല്ലാത്ത വ്യക്തി ഡോ. എന്ന് പേരിനൊപ്പം ചേർത്ത് ആരോഗ്യ സംബന്ധിയായ പ്രഭാഷണങ്ങൾ നടത്തുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കുവാൻ ഇടയുണ്ട്. പേരിനൊപ്പം ഇത്തരത്തിൽ വ്യജബിരുധം രേഖപ്പെടുത്തുന്നതും ചികിത്സ നടത്തുന്നതുമെല്ലാം കുറ്റകരമാണ്. മന്ത്രിയുടെ മുമ്പാകെ ഒരു ചാനൽ പരിപാടിയിൽ തനിക്ക് മെഡിക്കൽ ബിരുധം ഇല്ലെന്ന് പറഞ്ഞിട്ടും ഇദ്ദേഹത്തെ വ്യാജഡോക്ടർമാരെ ചെയ്യുന്നതു പോലെ അറസ്റ്റ് ചെയ്തു കേസെടുക്കുന്നതിനു തയ്യാറായിട്ടുമില്ല. ഇപ്പോൾ അദ്ദേഹം പേരിനൊപ്പം ഡോ. എന്ന് വെക്കുന്നില്ല എന്നതും ശ്രദ്ദേയമാണ്.
ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയുടെ പ്രചാരണങ്ങളുടെ കൂടെ ഫലമായി വലിയ ഒരു വാക്സിൻ യഞ്ജം പാളിപ്പോകുമ്പോൾ സി പി എം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഫേസ്ബുക്ക് പേജിൽ വടുക്കുംചേരിക്ക് അനുകൂലമായ പരാമർശം വന്നതാണ് സഖാക്കളെ ചൊടിപ്പിച്ചത്.
\”ശ്രീ ജേക്കബ് വടക്കൻചേരി നിർദേശിച്ച ഭക്ഷണശൈലി ചില മാറ്റങ്ങളോടെ ഞാൻ പാലിച്ചു വരുന്നു. അത് എനിക്ക് വളരെ തൃപ്തികരമായ ഫലമുണ്ടാക്കി എന്നത് അനുഭവമാണ്. \” എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഇത് വാക്സിൻ വിരുദ്ധർക്ക് ഉത്തേജനമാകുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
\”തൊഗാഡിയ മികച്ച ഡോക്ടറാണ് പറ്റിയാൽ ഉപദേശം തേടണം… അൽപം മാറ്റങ്ങൾ വരുത്തി പ്രാക്ടീസുമാകാം ….\” ചിലർ പരിഹാസ രൂപേണ അഭിപ്രായപ്പെട്ടിട്ടുണ്ട്.
\”സമൂഹത്തിൽ, ഗൂഢാലോചന സിദ്ധാന്തങ്ങളും അശാസ്ത്രീയതയും പടർത്തുന്ന ജേക്കബ് വടക്കൻചേരിയെപ്പോലുള്ള ആൾക്കാരെ നിയമപരമായി നേരിടുക എന്നുള്ളത് സർക്കാരിന്റെ കടമയാണ്. വളരെയധികം കുട്ടികളുടെ ജീവനും ആയുസ്സിനും ആരോഗ്യത്തിനും വെല്ലുവിളിയുയർത്തുന്ന പ്രസ്താവനകളോടെ സാമൂഹ്യ മാധ്യമങ്ങളിൽ അഴിഞ്ഞാടുന്ന വടക്കൻചേരിമാരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഇനിയും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടും\” എന്നാണ് പ്രമുഖ ആരോഗ്യപ്രവർത്തകനും ആരോഗ്യ സംബന്ധിയായ അറിവുകളും സന്ദേശങ്ങളും പകരുന്ന ഇൻഫോ ക്ലിക്കിന്റെ പങ്കാളിയുമായ ഡോ.ജിനേഷ് പി.എസ് രേഖപ്പെടുത്തിയത്.