മലയാളം ഇ മാഗസിൻ.കോം

ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ വീഡിയോ കാണാം

വിവിധ വർണ്ണങ്ങളിലും ആകൃതിയിലും വിരിഞ്ഞു നിൽക്കുന്ന താമരയും ആമ്പലുമൊക്കെ കാണാൻ ആഗ്രഹമില്ലാത്തത്‌ ആർക്കാണ്‌. ഇതൊക്കെ മനസിനു തരുന്ന സന്തോഷം എത്രയെന്ന് ആർക്കും പറഞ്ഞറിയിക്കാനാവില്ല. അതുകൊണ്ടല്ലേ പടിഞ്ഞാറേക്കല്ലടയിലും തിരുനാവായയിലുമൊക്കെ താമര വിരിഞ്ഞപ്പോൾ അത്‌ കാണാൻ നാടിന്റെ നാനാദിക്കിൽ നിന്നും ആളുകൾ കൂട്ടമായി ഓടിയെത്തിയത്‌. മനസിന്‌ കുളിർമ്മ നൽകുന്ന ഇത്തരം കാഴ്ചകൾ വീട്ടുമുറ്റത്തും ഇപ്പോൾ ഒരുക്കുന്നുണ്ട്‌. അതെ താമര ആമ്പൽ വളർത്തൽ എന്നത്‌ കാണാൻ ഭംഗിയുള്ള കാഴ്ച മാത്രമല്ല മികച്ച വരുമാനം നൽകുന്ന ഒരു കൃഷി സംരംഭം കൂടിയാണ്‌.

താമരയും ആമ്പലുമൊക്കെ വീട്ടിൽ വളർത്താൻ ഇപ്പോൾ കുളത്തിന്റെയൊന്നും ആവശ്യമില്ല. പകരം നല്ല പ്ലാസ്റ്റിക്‌ ടബുകളിൽ വെള്ളവും വളവുമൊക്കെ നിറച്ച്‌ താമരയും ആമ്പലും വളർത്താം. കേരളാ പോലീസിലെ ഉദ്യോഗസ്ഥനും കർഷകനുമായ കൊല്ലം ജില്ലയിലെ അഞ്ചാലുമൂടിനടുത്ത്‌ അമ്പഴവയൽ സ്വദേശിയായ മനുവും ഭാര്യ മഞ്ജുവും കഴിഞ്ഞ രണ്ട്‌ വർഷമായി താമരയും ആമ്പലും വളർത്തുന്നുണ്ട്‌. ടെറസിലാണ്‌ പ്രധാനമായും ഇവരുടെ കൃഷി, പിന്നെ വീടിന്റെ മുറ്റത്തും കാഴ്ചയ്ക്ക്‌ വിരുന്നേകി താമരയും ആമ്പലും വളരുന്നു. 80 സെന്റിൽ നിരവധി കൃഷി ചെയ്യുന്നുണ്ടെങ്കിലും താമരകൃഷിയിലൂടെ കിട്ടുന്ന സംതൃപ്തിയും വരുമാനവും സ്പെഷ്യലാണെന്ന് മനുച്ചേട്ടൻ പറയുന്നു.

വീട്ടമ്മമാർക്കും അതുപോലെ അധിക വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന മറ്റു തൊഴിലുകൾ ചെയ്യുന്നവർക്കും വലിയ മിനക്കേടില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു കൃഷിയാണ്‌ ഈ താമര ആമ്പൽ വളർത്തൽ. എന്നാൽ അതിലേക്ക്‌ ചാടി ഇറങ്ങും മുൻപ്‌ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറയുന്നു.

ഇപ്പോൾ അധികമാർക്കും വലിയ കൃഷിയിടമോ പറമ്പോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട്‌ തന്നെ കൃഷി എന്നത്‌ മിക്കവർക്കും അന്യമായ ഒരു ശീലമായി മാറിക്കഴിഞ്ഞു. എന്നാൽ താമര വളർത്താൻ ടെറസ്‌ തന്നെയാണ്‌ ഏറ്റവും ഉചിതമായ ഇടമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനുച്ചേട്ടൻ പറയുന്നു. അതിനു പിന്നിൽ ചില കാരണങ്ങളുമുണ്ട്‌.

താരമയും ആമ്പലും വളർത്തുന്നത്‌ ഇന്ന് വലിയ ആദായം നൽകുന്ന കൃഷി സംരംഭമാണ്‌. പൂക്കൾ വിൽപനയല്ല മറിച്ച്‌ ചെടി വിൽപനയാണ്‌ ഇവിടെ ബിസിനസ്‌. 250 രൂപ മുതൽ തുടങ്ങുന്ന വിവിധ തരം താമരയും ആമ്പലും മുതൽ പുതിയ തരം വെറൈറ്റി താമരയ്ക്ക്‌ 8000 രൂപ വരെയും ആമ്പലിന്‌ 15000 രൂപ വരെയും ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്‌. അതേ സമയം വിപണി കണ്ടെത്താനും പ്രയാസമില്ലന്നാണ്‌ മനുച്ചേട്ടന്റെ സാക്ഷ്യം.

താമര വളർത്തലിലേക്ക്‌ ഇറങ്ങും മുൻപ്‌ ശരിയായ ചെടികൾ തന്നെ വാങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പൂക്കളും മറ്റും കാണിച്ച്‌ ഗുണനിലവാരമില്ലാത്ത ചെടികൾ വിൽപന നടത്തുന്നതും വ്യാപകമാണ്‌. അതുകൊണ്ട്‌ താമരയും ആമ്പലും വളർത്തി പരിചയമുള്ളവരുടെ അടുത്തു നിന്നും വിദഗ്ദ ഉപദേശമോ ചെറിയ പരിശീലനമോ ഒക്കെ നേടിയ ശേഷം മാത്രം ഈ കൃഷിയിലേക്ക്‌ ഇറങ്ങുക. ഇത്‌ സംരംഭമായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ എല്ലാ സഹായവും ഉപദേശവും നൽകാൻ സദാ ഒരുക്കമാണ്‌ നമ്മുടെ മനുച്ചേട്ടൻ. മനുച്ചേട്ടനെ വിളിക്കേണ്ട നമ്പർ 9400147139.

താമരയിൽ പൂവുണ്ടായി അത്‌ കൊഴിഞ്ഞ്‌ കഴിയുമ്പോൾ ഏതാനും ദിവസങ്ങൾക്കകം ഇലകളും വാടിത്തുടങ്ങും. ആ സമയത്ത്‌ ടബ്‌ കമഴ്ത്തി വേരും തണ്ടുകളും ഉൾപ്പടെ പുറത്തെടുക്കുമ്പോഴാണ്‌ ടൂബറുകൾ ലഭിക്കുന്നത്‌. ഒരു താമരയിൽ നിന്ന് 4 മുതൽ 8 വരെ ആരോഗ്യമുള്ള ടൂബറുകൾ ലഭിക്കും. ഈ ടൂബറുകളാണ്‌ നടാൻ ഉപയോഗിക്കുന്നത്‌. ടബിൽ നട്ട്‌ ഒരാഴ്ച കൊണ്ടു തന്നെ കുഞ്ഞിലകൾ വന്നു തുടങ്ങും.

ഇതുകൂടാതെ വീടിനോട്‌ ചേർന്ന് വിവിധ കൃഷികളും ഇവിടെ ചെയ്യുന്നുണ്ട്‌. വാഴയാണ്‌ പ്രധാന കൃഷി, വിവിധ തരം വാഴകൾ പറമ്പു നിറയെ വിളഞ്ഞു നിൽക്കുന്നുണ്ട്‌. ഒപ്പം പുരയിടത്തിന്റെ ഒരു വശത്ത്‌ ഒരു മീൻ കുളവും ഒരുക്കിയിട്ടുണ്ട്‌. അനാബസ്‌ മത്സ്യമാണ്‌ ഇത്തവണ ഈ കുളത്തിൽ വളർത്തുന്നത്‌. മുൻപ്‌ ഗിഫ്റ്റ്‌ തിലാപ്യയും നട്ടറുമൊക്കെ നല്ല വിളവ്‌ തന്ന കുളമാണ്‌ ഇത്‌. ഒപ്പം കപ്പയും ഇഞ്ചിയും മഞ്ഞളും കൂവക്കിഴങ്ങും ചായാമാൻസയും വിവിധ തരം പപ്പായയും സപ്പോട്ടയും അമ്പഴങ്ങയും തുടങ്ങി ആരെയും മോഹിപ്പിക്കുന്ന കൃഷികളാണ്‌ വീടിനു ചുറ്റും. ഇതൊക്കെ പോരാഞ്ഞ്‌ രണ്ട്‌ പോത്തുകുട്ടന്മാരും ഇവിടെ വളരുന്നുണ്ട്‌. പോത്തുകളെ വാങ്ങി ആറ്‌ മുതൽ എട്ട്‌ മാസം വരെ വളർത്തി വിൽപന ചെയ്യുകയാണ്‌ ഇവിടുത്തെ രീതി. ഇത്രയൊക്കെ ഉണ്ടെങ്കിലും താമര ആമ്പൽ വളർത്തൽ തന്നെയാണ്‌ മനുച്ചേട്ടന്റെയും കുടുംബത്തിന്റെയും ഏറ്റവും പ്രീയപ്പെട്ട കൃഷി.

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor