മലയാളം ഇ മാഗസിൻ.കോം

ബോയ്സ്‌ ലോക്കർ റൂമിന്‌ പിന്നിൽ വളയിട്ട കൈകളോ? വിവാദത്തിൽ ഞെട്ടിക്കുന്ന പുതിയ വഴിത്തിരിവ്‌

ബോയ്സ് ലോക്കര്‍ റൂം വിവാദത്തില്‍ ഞെട്ടിക്കുന്ന പുതിയ വഴിത്തിരിവ്. പുറത്ത് വന്ന സ്നാപ് ചാറ്റ് സ്ക്രീന്‍ ഷോട്ടില്‍ ഒരു സന്ദേശം അയച്ചിരിക്കുന്ന വ്യാജ പ്രൊഫൈലിന് പിന്നില്‍ പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യണമെന്ന് സഹപാഠിക്ക് സന്ദേശം അയച്ച പ്രൊഫൈലിനു പിന്നില്‍ പെണ്‍കുട്ടിയെന്നാണ് കണ്ടെത്തല്‍. ഞെട്ടിക്കുന്ന കാര്യം, സ്വയം ബലാത്സംഗത്തിന് ഇരയാകുന്ന തരത്തിലുള്ള സന്ദേശമാണ് സഹപാഠിക്ക് ഈ പെണ്‍കുട്ടി വ്യാജപേരില്‍ അയച്ചതെന്നതാണ് കണ്ടെത്തല്‍.

ആണ്‍സുഹൃത്തിന്റെ സ്വഭാവശുദ്ധി അളക്കാനായി പെണ്‍കുട്ടി മറ്റൊരു വ്യാജ പേരില്‍ ഉണ്ടാക്കിയ അക്കൗണ്ടാണിതെന്ന് പൊലീസ് പറയുന്നു.ഇന്‍സ്റ്റഗ്രാം സ്ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പം സ്നാപ്പ് ചാറ്റിലെ ഒരു സ്ക്രീന്‍ ഷോട്ടും പുറത്ത് വന്നിരുന്നു. ഈ സ്ക്രീന്‍ ഷോട്ടിലെ ഒരു മെസേജ് അയച്ചത് പെണ്‍കുട്ടിയാണെന്നാണ് പൊലീസ് പറയുന്നത്.സിദ്ധാര്‍ത്ഥ് എന്ന് വ്യാജപേരില്‍ അക്കൗണ്ട് തുടങ്ങിയ പെണ്‍കുട്ടി, തന്നെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി തന്നെയാണ് മറ്റൊരു പേരില്‍ സഹപാഠിയായ ആണ്‍കുട്ടിയുമായി പങ്ക് വച്ചത്.

മറുവശത്തുള്ള ആണ്‍കുട്ടിയുടെ സ്വഭാവ ശുദ്ധി അളക്കാനാണ് പെണ്‍കുട്ടി ഇങ്ങനെ ചെയ്തതെന്ന് ദില്ലി പൊലീസ് പറയുന്നു. ഇതില്‍ ഭാഗഭാക്കാകാന്‍ ആണ്‍കുട്ടി വിസമ്മതിച്ചു. പിന്നീട് മെസേജ് കിട്ടിയ ആണ്‍കുട്ടി തന്നെ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കുകയും തന്റെ സുഹൃത്തുക്കളെ കാണിച്ച്‌ കൊടുക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ഈ സ്ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളിലെത്തിയത്. എന്നാല്‍ ബോയ്സ് ലോക്കര്‍ റൂം ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഈ പെണ്‍കുട്ടിയില്ലെന്നും, ആ ഗ്രൂപ്പിലുള്ള മറ്റുള്ളവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ദില്ലിയിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളായ പതിനേഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നടന്ന ഞെട്ടിക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന ബോയ്സ് ലോക്കര്‍ റൂം ചാറ്റ്. നൂറോളം ആണ്‍കുട്ടികളാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഇവര്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലെത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്വിറ്ററിലൂടെ ഗ്രൂപ്പിലെ ചില സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ടതോടെയാണ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്.

ഇന്‍സ്റ്റഗ്രാമിലും സ്നാപ്ചാറ്റിലുമായി ഇത്തരത്തിലുള്ള നിരവധി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട പെണ്‍കുട്ടിക്ക് വധഭീഷണി ലഭിച്ചതില്‍ ദില്ലി വനിതാ കമ്മീഷന്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ബോയ്സ് ലോക്കര്‍ റൂം വിവാദത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഉന്നത സ്വാധീനങ്ങളെ തുടര്‍ന്ന് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി സ്വദേശി സിബിഐയോ പ്രത്യക അന്വേഷണ സംഘത്തെയോ അന്വേഷണമേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Staff Reporter