മലയാളം ഇ മാഗസിൻ.കോം

ലോക്ക്ഡൗൺ മൂന്നാംഘട്ടം: എങ്ങനെയൊക്കെ യാത്ര ചെയ്യാം, പുറത്തിറങ്ങാം? പുതിയ ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ

ലോക്ക്‌ ഡൗൺ മൂന്നാം ഘട്ടത്തിൽ റെഡ്‌, ഓറഞ്ച്‌, ഗ്രീൻ സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ്‌ പ്രഖ്യാപിച്ചു. മൂന്നാം ഘട്ട ലോക്ക്ഡൗൺ ആരംഭിക്കുന്ന മെയ്‌ നാല്‌ മുതലാവും പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുക. ഗ്രീൻ സോണുകളിൽ രാജ്യം മുഴുവനായി നിരോധിച്ച കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാം തുറന്നു പ്രവർത്തിക്കുന്നതിന്‌ അനുമതിയുണ്ടായിരിക്കും ആയിരിക്കും. ഇവിടെ, ബസുകൾക്കും സ്വകാര്യ ടാക്സികൾക്കും വാഹനങ്ങൾക്കും ഓടാൻ അനുമതിയുണ്ട്‌. എന്നാൽ, ബസുകളിൽ 50 ശതമാനം സീറ്റിംഗ്‌ കപാസിറ്റിയേ അനുവദിക്കുകയുള്ളൂ. ഓല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്സി വാഹനങ്ങൾക്ക്‌ സർവീസ്‌ പുനരാംരഭിക്കാം. ഡ്രൈവറെക്കൂടാതെ രണ്ട്‌ പേർക്ക്‌ മാത്രമേ ടാക്സി കാറിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളൂ.

സ്വകാര്യ വാഹനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്‌. നാലുചക്ര വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട്‌ പേർ, ബൈക്കിൽ രണ്ട്‌ പേർ എന്ന നിലയ്ക്കാണ്‌ അനുമതി. അതേസമയം റെഡ്‌ സോണുകളിൽ പ്രത്യേക അനുവാദമില്ലാതെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ പുറത്തിറക്കാൻ അനുമതി ഇല്ല. അത്യാവശ്യങ്ങൾക്ക്‌ റെഡ്‌ സോണുകളിൽ കാറുകളിൽ ഡ്രൈവറെ കൂടാതെ ഒരാൾക്കും ടൂവീലറിൽ ഒരാൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. കൂടാതെ റെഡ്‌ സോണിൽ നേരത്തെയുണ്ടായിരുന്ന നിരോധനം തുടരും.

ബാങ്കുകൾ, നോൺ-ബാങ്കിംഗ്‌ ഫിനാൻസ്‌ കമ്പനികൾ, ഇൻഷുറൻസ്‌, ക്യാപിറ്റൽ മാർക്കറ്റ്‌ പ്രവർത്തനങ്ങൾ, ക്രെഡിറ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റികൾ എന്നിവ ഉൾപ്പെടുന്ന സാമ്പത്തിക മേഖലയുടെ വലിയൊരു ഭാഗം പ്രവർത്തിക്കും. പൊതുമേഖല സ്ഥാപനങ്ങൾ ഉദാ. വൈദ്യുതി, ജലം, ശുചിത്വം, മാലിന്യ നിർമാർജനം, ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ്‌ എന്നിവയിലെ യൂട്ടിലിറ്റികൾ തുറന്നിരിക്കും. കൂടാതെ കൊറിയർ, പോസ്റ്റൽ സേവനങ്ങൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കും.

വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും റെഡ്‌ സോണുകളിൽ അനുവദനീയമാണ്‌. അച്ചടി, ഇലക്ട്രോണിക്‌ മാധ്യമങ്ങൾ, ഐടി, ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ, ഡാറ്റ, കോൾ സെന്ററുകൾ, കോൾഡ്‌ സ്റ്റോറേജ്‌, വെയർഹൗസിംഗ്‌ സേവനങ്ങൾ, സ്വകാര്യ സുരക്ഷ, ഫെസിലിറ്റി മാനേജുമെന്റ്‌ സേവനങ്ങൾ, ബാർബർമാർ ഒഴികെയുള്ള സ്വയംതൊഴിലാളികൾ നൽകുന്ന സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റെഡ്‌ സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ആത്യാവശ്യ പ്രവർത്തനങ്ങൾ അനുവദനീയമാണ്‌. ഗ്രാമീണ മേഖലയിലെ എല്ലാ വ്യാവസായിക, നിർമാണ പ്രവർത്തനങ്ങളും അനുവദിക്കും. തൊഴിലുറപ്പ്‌ പ്രവൃത്തികൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഇഷ്ടിക ചൂളകൾ എന്നിവ ഉൾപ്പെടെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വ്യാവസായിക, നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്‌. കൂടാതെ, ഗ്രാമപ്രദേശങ്ങളിൽ, ചരക്കുകളുടെ സ്വഭാവത്തിൽ വ്യത്യാസമില്ലാതെ, ഷോപ്പിംഗ്‌ മാളുകൾ ഒഴികെയുള്ള എല്ലാ ഷോപ്പുകളും അനുവദനീയമാണ്‌.

സ്കൂൾ, കോളേജ്‌, സ്ഥാപനങ്ങൾ, ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള പൊതുസേവനങ്ങൾ, സിനിമാ ഹാളുകൾ, മാളുകൾ, ജിം, സ്പോർട്ട്സ്‌ കോംപ്ലക്സ്‌, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരികം തുടങ്ങി എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്‌. മതസ്ഥലം/ആരാധനാലയം തുടങ്ങിയ സ്ഥലങ്ങളിലും ലോക്ക്ഡൗൺ സമയത്ത്‌ പൊതുജനങ്ങൾക്കുള്ള നിരോധനം തുടരും.

കേരളത്തിലെ ഇളവുകളും നിയന്ത്രങ്ങളും ഇങ്ങനെ
65 വയസിന്‌ മുകളിലുള്ളവരും പത്ത്‌ വയസിന്‌ താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം. അത്യാവശ്യ കാര്യങ്ങൾക്ക്‌ രാവിലെ ഏഴ്‌ മുതൽ രാത്രി ഏഴര വരെ ജനങ്ങൾക്ക്‌ പുറത്തിറങ്ങാം. വൈകിട്ട്‌ ഏഴര മുതൽ രാവിലെ ഏഴ്‌ വരെ സഞ്ചാരത്തിന്‌ നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക്‌ റെഡ്‌ സോണിലും യാത്രക്കാർക്ക്‌ പോകാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റെയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച്‌ തുറക്കാം. ഇത്‌ ഗ്രീൻ, ഓറഞ്ച്‌ സോണുകളിൽ മാത്രമാണ്‌ ബാധകം. ഈ സോണുകളിൽ ടാക്സി, ഊബർ ടാക്സി എന്നിവ അനുവദിക്കും.

ഗ്രീൻ സോണുകളിൽ രാവിലെ ഏഴ്‌ മുതൽ രാത്രി 7.30 വരെ കടകൾ പ്രവർത്തിക്കാം. ആഴ്ചയിൽ ആറ്‌ ദിവസവും ഇത്‌ അനുവദിക്കും. ഓറഞ്ച്‌ സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും പാർസൽ വിതരണത്തിനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം. കടകൾക്ക്‌ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച പൂർണ്ണ അവധി. കടകൾ തുറക്കരുത്‌. വാഹനങ്ങൾ പുറത്തിറങ്ങരുത്‌. ഈ തീരുമാനത്തിന്‌ നാളെ ഇളവുണ്ട്‌. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ്‌ 15 വരെ പ്രവർത്തിക്കാം.

ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ്‌ യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ്‌ നിർദ്ദേശം. ഹോട്ട്സ്പോ‍ട്ട്‌ അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത്‌ ഇളവ്‌ അനുവദിക്കും. ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവയ്ക്ക്‌ നിയന്ത്രണം തുടരും.ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന്‌ വയ്ക്കും. പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക്‌ പുറമെ രണ്ട്‌ പേരിൽ കൂടുതൽ യാത്ര ചെയ്യരുത്‌. ഹോട്ട്സ്പോട്ടുകളിലും ഇത്‌ പാടില്ല.

21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക്‌ മാറ്റുന്നു. നിലവിൽ കൊവിഡ്‌ പോസിറ്റീവ്‌ രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. സംസ്ഥാനത്ത്‌ പുതിയ ഹോട്ട്‌ സ്പോട്ടുകളില്ല ഇപ്പോൾ 80 ഹോട്ട്‌ സ്പോട്ടുകളാണ്‌ ഉള്ളത്‌. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്‌. ഏറ്റവുമധികം കൊവിഡ്‌ ബാധിതർ ചികിത്സയിൽ ഉള്ളത്‌ കണ്ണൂരാണ്‌ 38 പേർ, ഇവരിൽ രണ്ട്‌ പേർ കാസർകോട്‌ സ്വദേശികളാണ്‌. കോട്ടയത്ത്‌ 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്‌.

Staff Reporter