മലയാളം ഇ മാഗസിൻ.കോം

ആക്ഷേപിച്ച്‌ ഓടിച്ചു വിട്ട നാട്ടിലേക്ക്‌ പ്രിയതമന്റെ കൈപിടിച്ച്‌ മരുമകളായി എത്തുന്നു, ഇത്‌ മധുര പ്രതികാരത്തിന്റെ കഥ: ഹരിണി ചന്ദന

ആണുടലിൽ നിന്ന്‌ പെണ്ണുടലിലേയ്ക്ക്‌ മാറിയപ്പോൾ നാടിനാലും വീടിനാലും ത്യജിയ്ക്കപ്പെട്ടവൾ. വേദന മാത്രം ബാക്കിയാക്കിയവളെ ജീവിക്കാൻ പ്രേരിപ്പിച്ച പ്രണയം അവൾക്ക്‌ മടക്കികൊടുക്കുന്നത്‌ ജീവനും ജീവിതവും മാത്രമല്ല. മധുരമായ ഒരു പകരം വീട്ടൽ കൂടിയാണ്‌. ആ കഥ തുടങ്ങുന്നത്‌ വർഷങ്ങൾക്കപ്പുറം അങ്ങ്‌ കുമ്പളങ്ങിയിലാണ്‌.

സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടിയും ട്രാൻസ്ജെൻഡർ മോഡലുമായ ഹരിണി ചന്ദനയുടെ വിവാഹം. ഗോസിപ്പ്‌ കോളങ്ങളും ഓൺലൈൻ മാധ്യമങ്ങളും നടക്കാൻ പോകുന്ന ആ വിവാഹത്തെ പൈങ്കിളി പ്രണയത്തിന്റെ ബാക്കിപത്രമായി വിലയിരുത്തി. പക്ഷേ ഈറൻ മിഴികളോടെയല്ലാതെ ആ പ്രണയത്തിൽ തന്റെ ജീവനും ജീവിതവും ഉണ്ടെന്ന്‌ പറയാൻ ഹരിണിക്കാവില്ല അത്രയേറെ തീവ്രമായിരുന്നു ഹരിണി അനുഭവിച്ചതൊക്കെയും. തന്റെ പ്രിയതമനും സഹപാഠിയും കൂടിയായ സുനീഷിന്റെ കൈപിടിച്ച്‌ അതേ കുമ്പളങ്ങിയുടെ മരുമകളായി തിരികെ വരാനൊരുങ്ങുമ്പോൾ അത്‌ ദൈവം തനിക്കായി ഒരുക്കിയ അവസരമായി കരുതുകയാണ്‌. കാലങ്ങൾക്കിപ്പുറമുളള മധുരോതാരമായ ഒരു പകരം വീട്ടൽ. അതിന്‌ നിയോഗം പോലെ വന്നുചേർന്ന പ്രണയവും.

കുത്തുവാക്കുകളാൽ മുറിവേൽപ്പിച്ചും ആട്ടിപ്പായിച്ചും തന്റെ ജീവിതവും പോരാട്ടവും പലരും ആഘോമാക്കി ആന്ദിച്ചു.പക്ഷേ താൻ അനുഭവിച്ച വേദനയുടെ ആഴം അവർക്ക്‌ മനസിലാകില്ല. ആ വേദനയുടെ കഥ തുടങ്ങുന്നത്‌ കാലങ്ങൾക്കപ്പുറം പതിനാറാം വയസിലാണ്‌. ഞാൻ പെണ്ണായി മാറിയ നിമിഷത്തിൽ തുടങ്ങിയ കണ്ണീർക്കഥ. വല്ലാതെ വേദനിപ്പിച്ച ജീവിതം പക്ഷേ വിധി കരുതിവച്ചത്‌ മറ്റൊന്നായിരുന്നു. തന്നെ മനസ്സിലാക്കുന്ന കൂട്ടും സുന്ദരമായൊരു പ്രണയവും. പ്രണയത്തിന്റെ രൂപത്തിൽ തനിക്ക്‌ കിട്ടിയ ഏറ്റവും വലിയ ആ സമ്മാനത്തിന്റെ പേര്‌ സുനീഷ്‌. തന്റെ സുനുവിനെ പറ്റി പറയുമ്പോൾ ചുണ്ടിൽ തിളക്കമുളള ചിരി. താൻ ജീവിക്കുന്നതും കാത്തിരിക്കുന്നതും ആ പ്രണയത്തിനു വേണ്ടിയാണ്‌. സുനുവിന്‌ ഒപ്പമുള്ള ജീവിതം സ്വപ്നം കണ്ട്‌ കാത്തിരിപ്പാണ്‌. സുനുവിലേയ്ക്കെത്തിയതെങ്ങനെയെന്ന്‌ പറയുകയാണ്‌ ഹരിണി.

ദുബായിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്‌ സുനീഷ്‌. തങ്ങൾ സ്കൂൾ ഫ്രണ്ട്സാണ്‌. എട്ടാം ക്ലാസിലും പത്താം ക്ലാസിലും ഒരുമിച്ചു പഠിച്ചു. പക്ഷേ അന്നൊന്നും പ്രണയമായിരുന്നില്ല. അന്നത്തെ എട്ടാം ക്ലാസുകാരി ഹരിണി ശരീരം കൊണ്ട്‌ ആണും മനസു കൊണ്ട്‌ പെണ്ണുമായിരുന്നു. അതിനു ശേഷം പതിനാറാം വയസിൽ ആയിരുന്നു അവളുടെ ട്രാൻസ്ജെൻഡർ ആയുള്ള വിപ്ലവ പ്രഖ്യാപനവും സർജറിയും. ഇതോടെ നാട്ടിൽ നിന്നും വീട്ടിൽ നിന്നും പുറംതളളപ്പെട്ടു.

ദൈവത്തിന്റെ തിരക്കഥ പോലെ കാലങ്ങൾക്കു ശേഷം തനിയ്ക്ക്‌ ലഭിക്കുന്ന ഫെയ്സ്ബുക്ക്‌ ഫ്രണ്ട്സ്‌ റിക്വസ്റ്റിൽ നിന്നാണ്‌ എല്ലാത്തിന്റേയും തുടക്കം. തുടക്കത്തിൽ ഞാനും സുനീഷും നല്ല ചങ്ങാതിമാരായിരുന്നു. പതിയെ പതിയെ സൗഹൃദം പ്രണയത്തിന്‌ വഴിമാറി.ആത്മാർത്ഥ സുഹൃത്ത്‌ പ്രപ്പോസ്‌ ചെയ്തപ്പോൾ ശരിക്കും ഷോക്കായിരുന്നു. സംഭവം കട്ട സീരീയസാണെന്ന്‌ കണ്ടമാത്രയിൽ താനും ആ പ്രണയത്തിൽ വീണു. ആലപ്പുഴയിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ പ്രിയതമൻ പ്രണയോപഹാരമായി ഒരു മോതിരം സമ്മാനിച്ച്‌ ആ പ്രണയം അരക്കിട്ടുറപ്പിച്ചു. അതോടെ താനും ഫ്ലാറ്റ്‌.

എല്ലാ പ്രണയത്തിലെയും പോലെ പ്രിയതമന്റെ വീട്ടുകാരുടെ സമ്മതം ഒരു കടമ്പയായി.വീട്ടിലറിയുമ്പോൾ വലിയൊരു ഭൂകമ്പം പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാവരും മനസു നിറഞ്ഞ്‌ തീരുമാനത്തിന്‌ ഒപ്പം നിന്നു. കട്ട സപ്പോർട്ടുമായെത്തിയത്‌ സുനീഷിന്റെ പെങ്ങൾ മാളുദാസും ഭർത്താവുമായിരുന്നു. കട്ട രഹസ്യമാക്കി വച്ചിരുന്ന തങ്ങളുടെ പ്രേമം കണ്ടുപിടിച്ചതു പോലും പെങ്ങളൂട്ടി ആയിരുന്നു. അവർ നൽകിയ പിന്തുണ ഒരിക്കലും മറക്കില്ല.

തളർന്നുപോയ അവസ്ഥയിൽ കൈപിടിച്ചുയർത്തിയ തന്റെ അമ്മ രഞ്ജുരഞ്ജിമാർ കൂടി സമ്മതം മൂളിയപ്പോൾ കാര്യം കതിർമണ്ഡപം വരെയെത്തി. ഈ ഒക്ടോബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. പക്ഷേ ലോക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ കൃത്യമായൊരു ഡേറ്റ്‌ ഇപ്പോ പറയാൻ നിർവാഹമില്ല. പൂർണ്ണതയിലെത്തിയ ഒരു പെണ്ണായി ആണ്ണൊരുത്തന്റെ കൈപിടിച്ച്‌ കുമ്പളങ്ങിയിലേക്ക്‌ വരുമ്പോൾ അത്‌ തനിക്ക്‌ ദൈവമായിട്ട്‌ തിരികെ തരുന്ന അവസരമാണ്‌. ആ ജീവിതത്തിനായി എത്രനാൾ വേണമെങ്കിലും താൻ കാത്തിരിക്കുമെന്ന്‌ പറയുമ്പോൾ അണയാതെ കിടക്കുന്ന കനലോർമ്മകളുടെ കനൽ തിളങ്ങുന്നുണ്ടായിരുന്നു അപ്പോൾ ഹരിണിയുടെ മിഴികളിൽ.

രഞ്ജിനി രാമചന്ദ്രൻ
കടപ്പാട്‌: വനിത

Staff Reporter