മലയാളം ഇ മാഗസിൻ.കോം

വെറും 56 രൂപയുമായി അബുദാബിയിൽ എത്തിയ ബി.ആർ.ഷെട്ടി, പിന്നെയങ്ങോട്ട്‌ ജൈത്രയാത്ര ഒടുവിൽ വൻ വീഴ്ചയും: ഷെട്ടിയുടെ ജീവിത കഥ അറിയാം

എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായ ഭവഗുതു റാം ഷെട്ടി എന്ന ബി ആർ ഷെട്ടിയുടെ വന്‍ വീഴ്ചയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1970 കളിൽ ന്യൂ മെഡിക്കൽ സെന്റർ എന്ന പേരിൽ അബുദാബിയിൽ ആരംഭിച്ച് പ്രതിവർഷം 8.5 ദശലക്ഷത്തിൽ അധികം പേരെ ചികിൽസിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൻഎംസിയെ വളർത്തിയ ബിആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഇപ്പോള്‍ യുഎഇ സെൻട്രൽ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

1970 കളിൽ പൂനെയിലെ ഒരു ചെറുകിട ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വിതരണക്കാരനായിരുന്നു ഷെട്ടി. ജോലിയേക്കാൾ ആ ചെറുപ്പക്കാരന്‌ കൂടുതൽ ശ്രദ്ധ രാഷ്ട്രീയത്തിലായിരുന്നു. ഇതോടെ ബിസിനസ്‌ പൊട്ടി. ഈയിടെയാണ്‌ സഹോദരിയുടെ വിവാഹമെത്തിയത്‌. സിൻഡിക്കേറ്റ്‌ ബാങ്കിൽ നിന്ന്‌ എം.ഡി കെ.കെ പൈയെ കണ്ട്‌ ഒരു വ്യക്തിഗത വായ്പ സംഘടിപ്പിച്ചു. പണം തിരിച്ചടക്കാനായിരുന്നു പാട്‌. പണത്തിന്‌ ബുദ്ധിമുട്ടായതോടെ അന്നത്തെ ഭാഗ്യാന്വേഷകരായ ചെറുപ്പക്കാരെ പോലെ ഷെട്ടിയും കടൽ കടന്ന്‌ യു.എ.ഇയിലെത്തി.

1973ലാണ്‌ ഷെട്ടി അബുദാബിയിലായത്‌. അമ്പത്തിയാറ്‌ രൂപ മാത്രമായിരുന്നു ബാഗിലുണ്ടായിരുന്നത്‌. അത്‌ മോഷ്ടിക്കപ്പെടുകയും ചെയ്തു. സർക്കാർ ജോലിക്ക്‌ ശ്രമിച്ചെങ്കിലും അറബി അറിയാത്തത്‌ കൊണ്ട്‌ അതു തരപ്പെട്ടില്ല. മരുന്നു വിൽക്കുന്ന നാട്ടിലെ ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മെഡിക്കൽ റപ്രസന്റേറ്റീവായി.

കൊടുംചൂടേറ്റ്‌ കഠിനമായി ജോലി ചെയ്ത്‌ തിരിച്ചെത്തിയ ഷെട്ടി സ്വന്തമായി വസ്ത്രങ്ങൾ കഴുകി. രാത്രിയിൽ ഉണക്കി അടുത്ത ദിവസം അതു തന്നെ ധരിച്ച്‌ വീണ്ടും ജോലിക്ക്‌ പോയി. അക്കാലത്ത്‌ മരുന്നു വിൽക്കാനായി ഉപയോഗിച്ച സാംസോനൈറ്റ്‌ ബാഗ്‌ ഷെട്ടി ഓർമയ്ക്കായി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌. മെഡിക്കൽ റപ്പിൽ നിന്ന്‌ കമ്മിഷൻ അടിസ്ഥാനത്തിൽ പാക്കറ്റിൽ അടച്ച ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന ജോലി കൂടി ഷെട്ടിയാരംഭിച്ചു.

അതിനിടെ, 1975ൽ ഷെട്ടി ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്‌ ആരംഭിച്ചു. സർക്കാർ വാഗ്ദാനം ചെയ്ത സൗജന്യ ആരോഗ്യപരിരക്ഷ വഴിയായിരുന്നു പുതിയ സംരംഭം. ഷെട്ടി അതിൽ ഒരവസരം കണ്ടു. രണ്ട്‌ മുറി അപ്പാർട്ട്മെന്റിൽ ന്യൂ മെഡിക്കൽ സെന്റർ (എൻ.എം.സി) എന്ന പേരിലായിരുന്നു ക്ലിനിക്‌. ഡോക്ടർ ഭാര്യ തന്നെ, ചന്ദ്രകുമാരി ഷെട്ടി. ബിസിനസ്‌ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവായിരുന്നു ഇത്‌. അക്കാലത്ത്‌ ക്ലിനികിലെ ആംബുലൻസ്‌ ഡ്രൈവർ പോലുമായിട്ടുണ്ട്‌ ഷെട്ടി. എൻ.എം.സി വളർന്നു വലുതായി, രണ്ടായിരം ഡോക്ടർമാരും 45 ആശുപത്രിയുമുള്ള വലിയ സംരംഭമായി മാറി പിന്നീടത്‌.

അഞ്ചു വർഷത്തിന്‌ ശേഷമാണ്‌ ഷെട്ടി അടുത്ത അവസരം ഉപയോഗപ്പെടുത്തിയത്‌. നാട്ടിലേക്ക്‌ പണമയക്കാൻ വരി നിൽക്കുന്ന കുടിയേറ്റ തൊഴിലാകളിൽ നിന്നാണ്‌ ആ ആശയം ഷെട്ടിയുടെ മനസ്സിൽ ഉയിരെടുത്തത്‌. ഇതോടെ 1980ൽ നാട്ടിലേക്ക്‌ പണം അയക്കുന്നതിനായി യു.എ.ഇ മണി എക്സ്ചേഞ്ച്‌ നിലവിൽ വന്നു. അതിനു പിന്നിലും മറ്റൊരു തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥ പുറത്തു വരുന്നുണ്ട്‌. ബാങ്കുകൾ വാങ്ങുന്നതിലും കുറച്ച്‌ പണം ഈടാക്കിയതോടെ മണി എക്സ്ചേഞ്ച്‌ വളർന്നു. 31 രാജ്യങ്ങളിലെ 850 ഡയറക്ട്‌ ബ്രാഞ്ചുകളുണ്ടായി. എക്സ്പ്രസ്‌ മണി പോലുള്ള ഉപകമ്പനികളും വലുതായി. പെട്ടെന്നുള്ള വിനിമയം, വേഗത്തിലുള്ള ട്രാൻസ്ഫർ എന്നിവയായിരുന്നു മണി എക്സ്ചേഞ്ചിന്റെ വിജയരഹസ്യം. പിന്നീട്‌ ഈ കമ്പനികൾ എല്ലാം ഫിനാബ്ലർ എന്ന ഒറ്റക്കുടക്കീഴിലായി. 2003ൽ നിയോഫാർമ എന്ന ഫാർമസ്യൂട്ടിക്കൽ സംരംഭം തുടങ്ങി.

ബിസിനസ്‌ വളർന്നതോടെ ഷെട്ടിയുടെ മൂല്യവും കമ്പനികളുടെ മൂല്യവും വളർന്നു. 2005ൽ അബുദാബി സർക്കാർ ഓർഡർ ഓഫ്‌ അബുദാബി പുരസ്കാരം നൽകി ഷെട്ടിയെ ആദരിച്ചു. 2009ൽ ഇന്ത്യ പത്മശ്രീ പുരസ്കാരം നൽകി. ഇക്കാലയളവിൽ ഷെട്ടിയുടെ നോട്ടം ഇന്ത്യയിലുമെത്തി. 180 വർഷം പഴക്കമുള്ള അസം കമ്പനിയിലും മുംബൈയിലെ സെവൻ ഹിൽസ്‌ ഹോസ്പിറ്റലിലും നിക്ഷേപമിറക്കി. കേരളത്തിലെയും ഒഡിഷയിലെയും ആശുപത്രികളിലും ഷെട്ടി പണമിറക്കി. ബുർജ്ജ്‌ ഖലീഫയിലെ 100,140 നിലകൾ മുഴുവൻ വാങ്ങിയതോടെ ഷെട്ടി വാർത്തകളിൽ നിറഞ്ഞു. ദുബൈയിലെ വേൾഡ്‌ ട്രൈഡ്‌ സെന്ററിലും പാം ജുമൈറയിലും അദ്ദേഹത്തിന്‌ ആസ്തികളുണ്ടായി. ഏഴ്‌ റോൾസ്‌ റോയ്സ്‌ കാറുകളും ഒരു മേ ബാക്കും ഒരു വിൻഡേജ്‌ മോറിസ്‌ മൈനർ കാറും സ്വന്തമായുണ്ട്‌.

2019ൽ കാലിഫോർണിയ ആസ്ഥാനമായ ഇൻവസ്റ്റ്മെന്റ്‌ മാനേജ്മെന്റ്‌ കമ്പനി മഡ്ഡി വാട്ടേഴ്സ്‌ റിസർച്ചിന്റെ റിപ്പോർട്ട്‌ വന്ന ശേഷമാണ്‌ എല്ലാം തകിടം മറിഞ്ഞത്‌. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയത്‌ അടക്കമുള്ള അക്കൗണ്ടുകളിലെ കൃത്രിമമാണ്‌ മഡ്ഡി വാട്ടേഴ്സ്‌ ചൂണ്ടിക്കാട്ടിയത്‌. ഇതോടെ 2020 ജനുവരിയിൽ കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞു. ആരോപണം അന്വേഷിക്കാൻ മുൻ എഫ്‌.ബി.ഐ ഡയറക്ടർ നേതൃത്വം നൽകുന്ന ഫ്രീഹ്‌ ഗ്രൂപ്പിനെ കമ്പനി ഏൽപ്പിച്ചു.

അതിനിടെ, ഫിനാബ്ലറിലും പ്രശ്നങ്ങൾ ആരംഭിച്ചു. മൂന്നാം കക്ഷി വായ്പയ്ക്കായി 100 മില്യൺ യു.എസ്‌ ഡോളറിന്റെ അൺ ഡിസ്ക്ലോസ്ഡ്‌ ചെക്ക്‌ നൽകി എന്നതാണ്‌ കമ്പനിയെ പ്രതിസന്ധിയിലാക്കിയത്‌. എൻ.എം.സിക്ക്‌ 6.6 ബില്യൺ ഡോളറിന്റെ കടമുണ്ടെന്ന മാർച്ച്‌ മാസത്തിലെ റിപ്പോർട്ടാണ്‌ കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്‌. 2.1 ബില്യൺ ഡോളറാണ്‌ കടം എന്നാണ്‌ നേരത്തെ കരുതപ്പെട്ടിരുന്നത്‌. വായ്പാ ദാതാക്കൾ മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസ്‌ ഫയൽ ചെയ്തിരിക്കുകയാണ്‌ ഇപ്പോൾ.

അബുദാബിയില്‍ സാമ്പത്തിക തട്ടിപ്പിനടക്കം ഷെട്ടിക്ക് വിചാരണ നേരിടേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഇപ്പോള്‍. 80ന് മുകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഷെട്ടി പണം കൊടുക്കാനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എംസിക്ക് അന്‍പതിനായിരം കോടി രൂപ കടബാധ്യതയുള്ള ഈ സാഹചര്യത്തിലാണ് ഷെട്ടിക്കും കുടുംബത്തിനും നിക്ഷേപമുളള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നത്.അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ആണ് ഷെട്ടിക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിട്ടുളളത്. ഈ ബാങ്കിന് 96.3 കോടി ഡോളറാണ് ഷെട്ടി നല്‍കാനുളളത്.ദുബായ് ഇസ്ലാമിക് ബാങ്കിന് 54.1 കോടി ഡോളര്‍, അബുദാബി ഇസ്ലാമിക് ബാങ്കിന് 32.5 കോടി ഡോളര്‍, എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

ബിആര്‍ ഷെട്ടിയുമായ ബന്ധമുളള കമ്പനികളെ എല്ലാം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.അന്‍പതിനായിരം കോടിയുടെ വായ്പ്പാത്തട്ടിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കര്‍ണാടകയിലെ ഉടുപ്പിക്കാരനായ ഷെട്ടി നിലവില്‍ മംഗലാപുരത്താണ് ഉള്ളത്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്തിയ ഇദ്ദേഹത്തിന് ലോക്ക് ഡൗണിനെ തുടര്‍ന്ന് അബുദാബിയിലേക്ക് മടങ്ങിപ്പോകാനായില്ല. അറബ് രാജ്യങ്ങളില്‍ വ്യവസായം കെട്ടിപ്പടുത്ത ഈ ഇന്ത്യന്‍ വ്യവസായിയുടെ പതനം നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടിയാണ് തിരിച്ചടിയാകുന്നത്. ആഗോള നിക്ഷേപകരെയും സംരംഭകരെയും ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

Avatar

Staff Reporter