ഇന്ത്യയിലെ ആദ്യ പാർളമെന്റിൽ പ്രതിപക്ഷ നേതൃത്വം വഹിച്ച പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണ നേരിട്ടിരിക്കുന്നത്. രണ്ടും മൂന്നും പതിറ്റാണ്ടുകൾ ഭരിച്ച ബംഗാളും ത്രിപുരയും സിപിഎമ്മിനു കൈവിട്ടപ്പോഴും കേരളം ശക്തമായ കോട്ടയായി ഒപ്പം നിന്നിരുന്നു. എന്നാൽ 2019-ലെ ഇലക്ഷൻ റിസൽട്ടുകൾ പുറത്ത് വന്നപ്പോൾ ആ കോട്ടയും തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഇതോടെ ദേശീയ പാർട്ടി പദവിയും സിപിഎമ്മിനു നഷ്ടമാകും. മറ്റു സംസ്ഥാനങ്ങളിൽ സാധ്യത ഇല്ലെങ്കിലും കേരളത്തിൽ നിന്നും പ്രതീക്ഷയുണ്ടായിരുന്നു. വലിയ പരസ്യം നൽകിക്കൊണ്ട് പിണറായി വിജയനെ നവോഥാന നായകൻ എന്നെല്ലാം വിശേഷിപിച്ചു കൊണ്ട് പ്രചാരണത്തിനിറങ്ങി. വർഗ്ഗീയത വീഴും വികസനം വിജയിക്കും എന്നതായിരുന്നു എൽ.ഡി.എഫിന്റെ തിരഞ്ഞെട്പ്പ് മുദ്രാവക്യം തന്നെ. ഒപ്പം ശബരിമലയിൽ യുവതീ പ്രവേശനം നടത്തിയതും വനിതാമതിൽ പണിതതുമൊക്കെ നേട്ടമാകും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് തിരിച്ചടിയാകുകയായിരുന്നു.

കേരളത്തിൽ മോദി വിരുദ്ധ വികാരം ആഞ്ഞടിച്ചെന്നും അത് യു.ഡി.എഫിനു അനുകൂലമായെന്നുമാണ് സിപിഎം നേതാക്കളുടേയും അനുഭാവികളായ മാധ്യമ പ്രവർത്തകരുടേയും ആദ്യ പ്രതികരണം. എന്നാൽ മോദിക്കെതിരെ നിരന്തരം പ്രസംഗങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രതികരണങ്ങൾ നടത്തിയിരുന്നത് ഇടതു പക്ഷമാണ്. ഒപ്പം ശ്രദ്ധിക്കേണ്ട കാര്യം മുസ്ലിം ന്യൂനപക്ഷങ്ങൾ സജീവമായി സിപിഎമ്മിന്റെ മോദിവിരുദ്ധ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു എന്നതുമാണ്.
സ്വാഭാവികമായും മോദിവിരുദ്ധതയുള്ളവരുടെ വോട്ട് ഇടതു പക്ഷത്തിനു ലഭിക്കുകയും അവർ വൻ വിജയം നേടുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത് മറിച്ച് യുഡിഎഫ് അപ്രതീക്ഷിതമായി വൻ വിജയം നേടുകയും ഒപ്പം എൻ.ഡി.എ സഖ്യം വോട്ട് വർദ്ധിപ്പിക്കുകയുമാണ് ഉണ്ടായത്. ഇതിൽ നിന്നുമെല്ലാം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരവും ഒപ്പം ശബരിമലയിലെ യുവതീ പ്രവേശന വിഷയവും കാര്യമായി തന്നെ സിപിഎമ്മിന്റെ പരാജയത്തിലേക്ക് നയിച്ചു എന്ന് വേണം കരുതുവാൻ.
മാർക്കിസ്റ്റു പർട്ടിയുടെ ശക്തി ദുർഗ്ഗങ്ങളായ പാലക്കാടും കണ്ണൂരും കാസർകോഡും പോലും കൈവിട്ടു. സതീശ് ചന്ദ്രനെ പോലെ മണ്ഡലത്തിൽ തന്നെ ഉള്ള ഏറെ ജനകീയനായ ഒരു സ്ഥനാർഥിയെ ആണ് തെക്കൻ കേരളത്തിൽ നിന്നും എത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. ഒരു ലക്ഷത്തിൽ പരം വൊട്ടിനു കഴിഞ്ഞ തവണ പാലക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ച എം.ബി.രാജേഷും, ആലത്തൂരിലെ പി.കെ.ബിജുവും കനത്ത തോൽവിയാണ് ഏറ്റു വാങ്ങിയത്. രമ്യ ഹരിദാസ് എന്ന പുതുമുഖത്തെ വലിയ ആത്മവിശ്വാസത്തോടെയാണ് ആലത്തൂരിൽ മൂന്നാം തവണക്കാരനായ പി.കെ. ബിജു നേരിട്ടത് എന്നാൽ ഒന്നര ലക്ഷത്തിനു മേലെ വോട്ടുകൾക്കാണ് രമ്യ തനെ അധിപത്യം ഉറപ്പിച്ചത്. പിണറായി വിജയൻ അടക്കം സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ ഉള്ള കണ്ണൂരിൽ പി. കെ. ശ്രീമതി ടീച്ചർ അരലക്ഷത്തിൽ പരം വോട്ടിനാണ് കെ.സുധാകരനോട് പരാജായപ്പെട്ടത്.

തൃശ്ശൂരിൽ രാജാജി മാത്യുവിനു കോൺഗ്രസിലെ ടി.എൻ പ്രതാപനോട് കനത്ത പരാജയം ഏറ്റതോടെ സി.പി.ഐക്ക് ഇന്ത്യയിൽ തന്നെ ഒരൊറ്റ എം.പിമാരും ഇല്ലാത്ത സ്ഥിതി വിശേഷവും ഉണ്ടായിരിക്കുന്നു. പി.ജയരാജൻ സിപിഎം സ്ഥാനാർഥിയായതോടെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മൽസര രംഗത്ത് നിന്നും പിൻവാങ്ങിയ വടകരയിൽ വെല്ലുവിളി ഏറ്റെടുത്ത് മൽസരത്തിനിറങ്ങിയ കെ.മുരളീധരൻ എം.എൽ.എ അരലക്ഷത്തിൽ പരം വോട്ടിന്റെ തിളങ്ങുന്ന വിജയം കരസ്ഥമാക്കി.
സിപിഎമ്മിന്റെ ഏറ്റവും വലിയ പ്രഖ്യാപിത ശത്രുവായി അറിയപ്പെടുന്ന എൻ.കെ.പ്രേമചന്ദ്രൻ കനത്ത വെല്ലുവിളിയാണ് കെ.എൻ.ബാലഗോപാലിൽ നിന്നും കൊല്ലത്ത് നേരിടേണ്ടിവന്നത്. എന്നാൽ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് പ്രേമചന്ദ്രൻ വിജയം ഉറപ്പിച്ചത്. ഇടുക്കിയിൽ കഴിഞ്ഞ തവണ തന്നെ പരാജയപ്പെടുത്തിയ ജോയ്സ് ജോർജ്ജിനെ ഒന്നേമുക്കാൽ ലക്ഷം വൊട്ടിനാണ് യൂത്ത് കോൺഗ്രസ് ലീഡർ ഡീൻ കുര്യാക്കോസ് അട്ടിമറിച്ചത്. കോഴിക്കോട് സിറ്റിംഗ് എം.പി എം.കെരാഘവനു മേൽ കോഴയുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ടുള്ള ഒളിക്യാമറ ദൃശ്യങ്ങൾ ഒരു ചാനൽ പുറത്ത് വിട്ടിരുന്നു. സ്വാഭാവികമായും ഒരു പരാജയ ഭീഷണി ഉയർന്നു, എന്നാൽ അതിനെയും മറികടന്നുകൊണ്ട് പ്രതീപ് കുമാറിനെ പോലെ ഏറെ ജനകീയനായ സി.പി.എം എം.എൽ.എ യും പരാജയപ്പെട്ടു.

തെക്കൻ കേരളത്തിൽ ശബരിമല വിഷയം സിപിഎമ്മിനെതിരെ ഹൈന്ദവ വോട്ടുകൾ തിരിയുവാൻ ഇടയായി. വിഷയം ആളിക്കത്തിച്ചു പ്രചാരണം കൊഴുപ്പിച്ചത് ബി.ജെ.പിയാണെങ്കിലും അതിന്റെ ഗുണം ലഭിച്ചത് യു.ഡി.എഫിനാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനുമായുള്ള ഏറ്റുമുട്ടലിൽ ശശി തരൂർ പരാജയപ്പെടും എന്ന പ്രതീതി ഉണ്ടായെങ്കിലും അവിടേയും കണക്കു കൂട്ടലുകൾ തെറ്റി. പത്തനം തിട്ടയിൽ കേരളം ഉറ്റു നോക്കിയ പോരാട്ടത്തിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ പ്രചാരണത്തിൽ ഏറെ മുമ്പിലായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തെക്ക് തള്ളപ്പെട്ടു.
ശാബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കയും ഒപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം വഴി വൻ വിജയ പ്രതീക്ഷ അർപ്പിച്ചിരുന്ന സിപിഎമ്മിനു ചരിത്രത്തിലെ കനത്ത തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്. സംഘപരിവാറിനു പകരം സിപിഎം എന്നത് കേവലം പ്രചാരണം മാത്രമാണെന്ന ഒരു ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമായി എന്ന് വിലയിരുത്തുന്നുണ്ട്. എന്നാൽ അത്യന്തികമായി പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് എതിരായി കൂടെയാണ് ഈ വിധി എന്നതാണ് സത്യം.