മലയാളം ഇ മാഗസിൻ.കോം

അങ്ങനെ സംഭവിച്ചാൽ ജയിലിൽ കിടക്കാനും തനിക്കു ഭയമില്ല: വെളിപ്പെടുത്തലുമായി ലക്ഷ്മി, ബാലഭാസ്‌കറിന്റെ മരണം കൂടുതൽ ദുരൂഹതയിലേക്ക്‌

മനസ്സു തുറന്ന് ലക്ഷമി, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു; ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീര്‍ന്നിരുന്നില്ല; കാറില്‍ കുറച്ചേറെ സ്വര്‍ണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധം; ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത്; പൂന്തോട്ടം ആശുപത്രിയുമായി നടത്തിയത് കടം കൊടുക്കലും തിരികെ വാങ്ങലും മാത്രമായിരുന്നു.

\"\"

ഇതെങ്ങനെയാണ് നിക്ഷേപമാകുന്നത്. ദുരൂഹതകള്‍ മാറണം. എന്റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിഞ്ഞേ മതിയാവൂ. നീതി കിട്ടാന്‍ ഏതറ്റം വരെയും പോവും. പാലക്കാട് ബിസിനസ് ആവശ്യത്തിനു ബാലു ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നെന്നും അതില്‍ ദുരൂഹതയുണ്ട് എന്നുമൊക്കെ ബന്ധുക്കള്‍ ആരോപിച്ചതായി കേട്ടു. അപകടത്തിന്റെ അവശതകളില്‍ നിന്ന് ലക്ഷ്മി പൂര്‍ണ്ണമായും മുക്തമല്ല. ഇതിനിടയിലും വിവാദം കൊഴുത്ത സാഹചര്യത്തിലാണ് ലക്ഷ്മി തന്റെ നിലപാട് വിശദീകരിക്കുന്നത്. വാഹനാപകട സമയത്തു തങ്ങളുടെ കാറില്‍ കുറച്ചേറെ സ്വര്‍ണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധമാണ്.

അപകട ശേഷം കാറിലെ വസ്തുക്കള്‍ നീക്കുന്നതു പൊലീസ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആകെ 25 പവനില്‍ താഴെ സ്വര്‍ണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതില്‍ ചിലതു മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂവെന്ന് ലക്ഷ്മി പറയുന്നു. സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി. പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങള്‍ ഓരോ ചെറിയ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകള്‍ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാല്‍ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകള്‍ പടച്ചുവിടാന്‍ പലര്‍ക്കും ധൈര്യമുണ്ടാവുന്നത് ലക്ഷ്മി പറയുന്നു.

\"\"

പകാശ് തമ്പിയെ അറിയില്ല എന്നു ഞാന്‍ പറഞ്ഞിട്ടേയില്ല. ഫേസ്ബുക്കിലെ കുറിപ്പിലും അങ്ങനെ പറഞ്ഞിട്ടില്ല. ജിം ട്രെയിനര്‍ ആയിരുന്ന തമ്പിയുമായി ബാലുവിന് 7 വര്‍ഷത്തെ പരിചയമുണ്ട്. പ്രാദേശിക പരിപാടികളുടെ കോഓര്‍ഡിനേഷന്‍ മറ്റു പലരെയും പോലെ തമ്പിയും ചെയ്തിരുന്നു. അപകടമുണ്ടായ ശേഷം ആശുപത്രിയില്‍ സഹായത്തിനും എത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ആളുകള്‍ ഓടിപ്പോകുന്നതു കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ മാത്രമാണറിയുന്നത്. അത് അറിഞ്ഞിട്ടും മറച്ചുവച്ചെങ്കില്‍ തമ്പിയാണു മറുപടി പറയേണ്ടത്. സ്വര്‍ണക്കടത്തില്‍ തമ്പിക്കു പങ്കുള്ളതായി എനിക്കോ ബാലുവിനോ അറിയില്ലായിരുന്നു. എനിക്കു വലിയ ഞെട്ടലായിപ്പോയി ഈ വാര്‍ത്ത. ചെറിയ പിരിമുറുക്കങ്ങള്‍ പോലും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളായിരുന്നു ബാലു. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ആ നിമിഷം തന്നെ പുറത്താക്കിയേനേ. എനിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത് എന്നതു പോലും പരിഗണിക്കാതെയാണ് ഊഹാപോഹങ്ങള്‍ പടച്ചു വിടുന്നത്.

\"\"

എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു. ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീര്‍ന്നിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി, ജീവന്‍ തിരികെക്കിട്ടാന്‍ മല്ലിട്ട്, ചികിത്സകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഞാന്‍ എന്തിനങ്ങനെ ചെയ്യണമെന്നതിനു കൂടി അവരെനിക്കു മറുപടി തരണം. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യണമെന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ. വാഹനമോടിച്ചിരുന്നത് അര്‍ജുനാണ് എന്നാണ് അന്നും ഇപ്പോഴും ഞാന്‍ പറയുന്നത്. അപകടമുണ്ടായതു തന്റെ കൈപ്പിഴ കൊണ്ടാണെന്ന് എന്റെ അമ്മയോടുള്‍പ്പെടെ ആ ദിവസങ്ങളില്‍ ഏറ്റുപറഞ്ഞ അര്‍ജുന്‍ പിന്നീടു മൊഴിമാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. അര്‍ജുന്റെ മൊഴി മാറ്റം ലക്ഷ്മിയും സ്ഥിരീകരിക്കുകയാണ്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അപകടമുണ്ടായതിന് പിന്നാലെ പുലര്‍ച്ചെ മൂന്നരയ്ക്ക് ബാലുവിന്റെ ഫോണിലേക്ക് ലത വിളിച്ചതിനെപ്പറ്റിയും ലതയ്ക്ക് ബാലുവിന്റെ കുടുംബവുമായുണ്ടായിരുന്ന അടുത്തബന്ധത്തെപ്പറ്റിയും പരിശോധിക്കും. പൂന്തോട്ടം ആശുപത്രി ഉടമയുടെ ഭാര്യയാണ് ലത. ബാലുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിക്കും. ലതയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ലതയുടെ മകന്റെ ആസ്‌ട്രേലിയയിലെ പഠനത്തിന് ബാലു പണം നല്‍കിയിരുന്നതായി ഭാര്യ ലക്ഷ്മി മൊഴിനല്‍കി. ലതയ്ക്ക് ബാലുവിന്റെ കുടുംബവുമായുണ്ടായിരുന്ന അടുത്തബന്ധം പരിശോധിക്കും. വീടും സ്വത്തുക്കളും ബാലുവിന്റെയും ലക്ഷ്മിയുടെയും പേരിലാണ്. പാലക്കാട്ടെ 40സെന്റ് സ്ഥലം ബാലുവിന്റെ പേരിലാണ്.\’\’ ബാലുവിന്റെ അച്ഛനും ബന്ധുക്കളും മരണത്തില്‍ പൂന്തോട്ടം ആശുപത്രിയേയും സംശയത്തില്‍ നിര്‍ത്തുന്നു. എന്നാല്‍ ലക്ഷ്മി അതിന് തയ്യാറാവുന്നില്ലെന്നതാണ് അഭിമുഖത്തില്‍ നിന്ന് വ്യക്തമാകുന്നത്. ലതയുടെ സഹോദരന്റെ മകനാണ് ബാലുവിന്റെ ഡ്രൈവറായ അര്‍ജുന്‍. ഇയാളാണ് ബാലുവാണ് വാഹനം ഓടിച്ചതെന്ന മൊഴി കൊടുത്തത്. ഇതിന് പിന്നില്‍ ദുരൂഹത സംശയിക്കുന്നുണ്ട് ക്രൈംബ്രാഞ്ച്.

\"\"

അതിനിടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലെ ഡോക്ടര്‍ക്കും ഭാര്യയ്ക്കും പങ്കാളിത്തുമുണ്ടോയെന്ന് അന്വേഷിക്കണമെന്നു ക്രൈംബ്രാഞ്ചിനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പിതാവ് കെ.സി.ഉണ്ണിയും അറിയിച്ചു. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡോക്ടറും ഭാര്യയും തനിക്ക് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. അതിനു മറുപടി നല്‍കി. അവര്‍ കേസുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചാല്‍ ജയിലില്‍ കിടക്കാനും തനിക്കു ഭയമില്ല. മകന്റെ മരണത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതുവരെ രംഗത്തുണ്ടാകുമെന്ന് ഉണ്ണിയും പറയുന്നു .ഡോക്ടറും ഭാര്യയും നടത്തുന്ന ആശുപത്രിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു ബാലഭാസ്‌കര്‍ തന്നോടു പറഞ്ഞിട്ടുണ്ട്. എത്ര തുകയാണെന്നു താന്‍ ചോദിച്ചില്ല. ആശുപത്രിയില്‍ പോയി തിരികെവരുമ്പോഴാണ് അപകടം ഉണ്ടായത്.

തൃശൂരിലെ ക്ഷേത്രത്തില്‍ വഴിപാടു നടത്തിയശേഷം അവിടെ താമസിക്കാന്‍ ബാലഭാസ്‌കര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഡോക്ടറുടെ ഭാര്യ നിര്‍ബന്ധിച്ചാണു തിരുവനന്തപുരത്തേക്ക് അയച്ചത്. യാത്രാമധ്യേ ഒട്ടേറെ തവണ ഡോക്ടറുടെ ഭാര്യ ബാലഭാസ്‌കറിനെ ഫോണില്‍ വിളിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു രണ്ടുപേരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നു താന്‍ ആവശ്യപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറുടെ മരണം കൂടുതല്‍ ദുരൂഹതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. രഹസ്യങ്ങളുടെ ചുരുളഴിയാന്‍ ഇനി എത്രനാള്‍.

Avatar

Staff Reporter