മലയാളം ഇ മാഗസിൻ.കോം

കുറ്റവാളികൾ ഇനി ജയിലിൽ കിടക്കണ്ട, തടവുശിക്ഷ വീട്ടിൽ തന്നെ അനുഭവിക്കാം: പക്ഷെ നിബന്ധനകൾ ഉണ്ടെന്ന് മാത്രം

ജയിലിൽ തടവുശിക്ഷ അനുഭവിക്കാൻ വിധിയുണ്ടാവുക എന്ന് പറഞ്ഞാൽ ഒരാളുടെ ജീവിതം ഇരുളടയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ശിക്ഷാ കാലാവധി ഒരു വലിയ മതിൽക്കെട്ടിനുള്ളിൽ സഹ തടവുകാർക്കൊപ്പം അനുഭവിച്ച്‌ തീർക്കുമ്പോൾ മാത്രമേ ഒരു പക്ഷെ ചെയ്തു പോയ തെറ്റിനെക്കുറിച്ചോർത്ത്‌ പശ്ചാത്താപം ഉണ്ടാവുകയുള്ളൂ. എന്നാൽ ഇനിമുതൽ ആ തടവുശിക്ഷ വീട്ടിൽ തന്നെ അനുഭവിക്കാൻ കഴിഞ്ഞാലോ?

അങ്ങനെ ഒരു നീക്കവുമായി വന്നിരിക്കുന്നത്‌ ഗൾഫ്‌ രാജ്യമായ കുവൈറ്റാണ്‌. മൂന്നുവര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായിട്ടാണ്‌ ഇപ്പോൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എത്തിയിരിക്കുന്നത്‌. എന്നാൽ വിളിപ്പുറത്ത്‌ ഉണ്ടായിരിക്കണമെന്നും പുറത്തു പോകരുതെന്നുമുള്ള നിബന്ധനക്ക്‌ വിധേയാമായാണ്‌ ഈ അവസരം നൽകുക. ഇത്​ ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത്​ ഇലക്​ട്രോണിക്​ വള അണിയിക്കും. ഇതു​പയോഗിച്ച്​ അധികൃതർക്ക്​ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയും. ഇതണിഞ്ഞയാൾ നിശ്ചിത പരിധിക്ക്‌ പുറത്തുപോ‍യാൽ ഉടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻ റൂമിൽ അറിയാൻ കഴിയും.

വീടുകളിലെത്തുന്നവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിനായാണ്‌ ട്രാക്കിങ് ബ്രേസ്ലെറ്റുകള്‍ ധരിപ്പിക്കുന്നത്‌. ആശുപത്രിയില്‍ പോകാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിളിച്ച് അനുമതി തേടണം. ട്രാക്കിങ് ബ്രേസ്ലെറ്റ് ഊരിമാറ്റാനോ നശിപ്പിക്കാനോ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താല്‍ വേറെ കേസ് ചുമത്തി വീണ്ടും ജയിലിലേക്ക് മാറ്റും. തടവുകാരന്‍ താമസസ്ഥലത്തിന്റെ പരിധി വിട്ട് പുറത്ത് കടക്കരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. താമസസ്ഥലത്തും അതിന് പരിസരത്തും ട്രാക്കിങ് ബ്രേസ്ലെറ്റിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന ജാമറുകള്‍ ഉണ്ടാകാന്‍ പാടില്ല. ആര്‍ക്കുവേണമെങ്കിലും തടവുകാരെ വീട്ടില്‍ സന്ദര്‍ശിക്കാനാകും.

മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി. ഇതിനായി തടവുകാര്‍ ജയില്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയിൽ അഡ്​മിനിസ്​ട്രേഷന്​ അപേക്ഷ സമർപ്പിച്ച്​ പദ്ധതി പ്രയോജനപ്പെടുത്താം.

ഇതിന്​ പബ്ലിക്​ പ്രോസിക്യൂഷൻ അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി പറഞ്ഞു. കഴിഞ്ഞ വർഷം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്​ടിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ ഇലക്​ട്രോണിക്​ വള ഉപയോഗിച്ചിരുന്നു. കുവൈത്തിൽ ജയിൽ അന്തേവാസികളുടെ ആധിക്യം സൃഷ്​ടിക്കുന്ന പ്രശ്​നം പരിഹരിക്കാൻ സഹായിക്കുന്നതാണ്​ വീട്ടിലെ തടവ്​ പദ്ധതി.

Avatar

Staff Reporter