മുളവന ചരുവിള പുത്തൻ വീട്ടിൽ കൃതി കിടപ്പുമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ ഭർത്താവ് വൈശാഖ് ബൈജു വിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കുടുബ പ്രശ്നങ്ങളെത്തുടർന്നായിരുന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7 ന് വീട്ടിലെത്തിയ വൈശാഖ് ഭാര്യ കൃതിയുമായി വഴക്കിട്ടു. ദേഷ്യം മൂർച്ഛിച്ചതോടെ കട്ടിലിൽ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയിൽ അമർത്തി വച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോൾ ചലനമറ്റ നിലയിലായിരുന്നു കൃതി. കൊലപ്പെടുത്താൻ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തതാണെന്നുമാണ് വൈശാഖ് പൊലീസിനോട് പറഞ്ഞത്. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് കൃതിയുടെ അമ്മ കതകിൽ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. വിവാഹം കഴിഞ്ഞ് ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രൊഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ.
കൃതിയുടെ ഡയറി കുറിപ്പിൽ നിന്ന് ഇവർ തമ്മിൽ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താൽപര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും എഴുതിയിരുന്നു. നാലു വർഷം മുൻപ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോൾ ബന്ധം വേർപെടുത്തി. തുടർന്ന് വൈശാഖുമായി ഫെയ്സ്ബുക് വഴി പരിചയപ്പെട്ടാണ് അടുപ്പത്തിലായത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. പിന്നീട് 2018ലാണ് ഇവർ തമ്മിൽ രജിസ്റ്റർ വിവാഹം നടക്കുന്നത്. എന്നാൽ കൃതിയെ രണ്ടാം വിവാഹം ചെയ്യുന്നതിന് വൈശാഖിന്റെ വീട്ടുകാർ എതിർപ്പ് പറഞ്ഞെങ്കിലും പിന്നീടി സമ്മതിക്കുകയായിരുന്നു. അങ്ങനെ 9 മാസങ്ങൾക്കു മുമ്പായിരുന്നു വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വൈശാഖ് വലിയ സാമ്ബത്തിക ബാധ്യത വരുത്തിവച്ചു. കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും കൈക്കലാക്കി. ഇതിന് പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയും കൈക്കലാക്കി. പണം ധൂർത്തടിച്ച് ആർഭാടജീവിതം നയിച്ച വൈശാഖ് ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും പണയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ തെറ്റിയത്. ഇതേചൊല്ലി ഒക്ടോബർ 14ന് കലഹിച്ച് ഭാര്യവീട്ടിൽ നിന്നിറങ്ങിയ വൈശാഖ് പിന്നീട് തിങ്കളാഴ്ചയാണ് തിരികെയെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. ഈ സമയം വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.
ഇതു കണ്ട് കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇതോടെ ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ മോഹനൻ ഭയന്നു പിന്നോട്ട് മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്ബർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി.
അതെ സമയം കൃതി ഭർത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആർത്തിയുള്ള ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്നാിയരുന്നു അവൾ ഭയന്നിരുന്നത്. ഇക്കാര്യം വ്യക്തമാക്കി കൃതി എഴുതിയ കത്തും പുറത്തുവന്നു. താൻ മരണപ്പെടുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമാണ് യുവതി കത്തിൽ പങ്കുവെച്ചിരിക്കുന്നത്. ‘താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കുമെന്നും രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ലെന്നും മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്’ എന്നും കൃതി കത്തിൽ വ്യക്തമായി പറയുന്നു. രണ്ടാം വിവാഹം കൃതിയെ സംബന്ധിച്ചിടത്തോളം ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന കത്ത്.