1998 ൽ പ്രദർശനത്തിനെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ബോളിവുഡ് സൂപ്പർ ഹീറോയ്ൻ ജൂഹി ചൗള എന്നിവർക്കൊപ്പം അന്ന് ചോക്ലേറ്റ് ഹീറോ ഇമേജിലെത്തിയ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രം ചെയ്തു.

കുഞ്ചാക്കോ ബോബനെ ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകൻ ഫാസിലായിരുന്നു ഹരികൃഷ്ണൻസിന്റെയും സംവിധായകൻ. ചിത്രത്തിൽ മർമ്മപ്രധാനമായ ഒരു വേഷത്തിലായിരുന്നു കുഞ്ചാക്കോബോബൻ അഭിനയിച്ചത്. ഹരികൃഷ്ണൻസിന്റെ കഥാഗതിയെ തന്നെ മാറ്റുന്ന കരുത്തുറ്റ ഒരു കഥാപാത്രം.
എന്നാൽ അന്നത്തെ പക്വതയില്ലാത്ത അഭിനയിന്റെ പേരിൽ വർഷങ്ങൾക്കു ശേഷവും തനിക്ക് പശ്ചാത്താപമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറയുന്നു. ഏതാനും നാളുകൾക്ക് മുൻപ് ഒരു പ്രശസ്ത സിനിമാ മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തൽ.

“സിനിമ അന്നൊരു ലക്ഷ്യമല്ലായിരുന്നു, അതുകൊണ്ട് തന്നെ സിനിമ കൊണ്ട് ജീവിക്കണം എന്ന കാഴ്ച്ചപ്പാടുമില്ലായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പം ഒരു യുവനടനും ലഭിക്കാത്ത തരത്തിൽ നല്ലൊരു കഥാപാത്രം കിട്ടിയിട്ടും ഞാൻ അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നതാണ് സത്യം. ഒരു സാധാരണ പടത്തിലെന്ന പോലെ ഹരികൃഷ്ണൻസിലും അഭിനയിക്കുക. അതിനപ്പുറം ചിന്തിച്ചിരുന്നില്ല, അന്നത്തെ എന്റെ അറിവില്ലായ്മയായിരുന്നു കാരണം.”
‘ഇന്നായിരുന്നു അത്തരമൊരു പടത്തിൽ അഭിനയിക്കുന്നതെങ്കിൽ ഞാൻ വല്ലാതെ എക്സൈറ്റഡാകും. മമ്മൂക്കയ്ക്കും മോഹൻലാലിനുമൊപ്പം അഭിനയിക്കണം കോമ്പിനേഷൻ ക്യാരക്ടറുകൾ ചെയ്യണമെന്നൊക്കെ ഇപ്പോഴാണ് കൂടുതലായി ആഗ്രഹിക്കുന്നത്. അങ്ങനെയൊരു പ്രോജക്ട് വരാനായി താൻ കാത്തിരിക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. Also Watch Video