തൃശൂർ കിഴക്കേക്കോട്ട ജംഗ്ഷനിൽ വാഹന പരിശോധന ഡ്യൂട്ടിയിലായിരുന്നു അസി. സബ് ഇൻസ്പെക്ടർ യൂസഫും പോലീസുദ്യോഗസ്ഥരായ അജിത്ത്, വൈശാഖ് എന്നിവരും.

വഴിയോരത്തു നിന്നും കളഞ്ഞു കിട്ടിയ ഒരു പേഴ്‌സുമായി അരിമ്പൂർ നിവാസിയായ സുനിൽ എന്ന ചെറുപ്പക്കാരൻ അവരുടെ അടുത്തെത്തി. പേഴ്‌സ് വാങ്ങി യുവാവിന്റെ പേരും വിലാസവും രേഖപ്പെടുത്തിയ ശേഷം പേഴ്‌സ് പരിശോധിച്ചപ്പോൾ പോലീസ് പരിശോധനക്ക് കാണിക്കേണ്ട സത്യവാങ്ങ്മൂലം അതിനുള്ളിലുള്ളതായി കണ്ടു. സത്യവാങ്ങ്മൂലത്തിൽ നിന്നും ലഭിച്ച ഉടമസ്ഥന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പേഴ്സ് നഷ്ടപ്പെട്ടത് ശരിയാണെന്നും പഴയതായതുകൊണ്ട് അന്വേഷിക്കാതിരുന്നതാണെന്നും കിഴക്കേ കോട്ടയിലെ പോലീസ് ഡ്യൂട്ടി പോയിന്റിൽ വന്ന് വാങ്ങിക്കൊള്ളാമെന്നും മറുപടി ലഭിച്ചു.
പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ പേഴ്സിന്റെ ഉള്ളിലെ അറകളിലൊന്നിൽ കട്ടിയുള്ള ഏതോ വസ്തു സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഏകദേശം നാൽപ്പത് ഗ്രാം തൂക്കമുള്ള, ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഇതിന് രണ്ടു ലക്ഷത്തിലധികം രൂപയുടെ മൂല്യമുള്ള തനി തങ്കമായിരുന്നു അത്.

യൂസഫിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന അജിത്ത് സേനയിൽ ചേരുന്നതിന് മുൻപ് സ്വർണാഭരണ നിർമ്മാണരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പരിചയവുമുണ്ടായിരുന്നു.
പേഴ്സിന്റെ ഉടമയായ സെനിൽ ജോർജ്ജിനെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് വന്ന് മടക്കി വാങ്ങാൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം എത്തിച്ചേരുകയും .സത്യവാങ്ങ്മൂലത്തിലെ പേരും വിലാസവും ശരിയാണെന്നു ഉറപ്പുവരുത്തിയ ശേഷം ജ്വല്ലറി മാനുഫാക്ചറിങ്ങ് യൂണിറ്റ് ഉടമകൂടിയായ സെനിലിനോട് മറ്റെന്തെങ്കിലും പേഴ്സിൽ സൂക്ഷിച്ചിരുന്നോ എന്ന് പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചു.

സെനിലിന്റെ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. വിശദീകരണം തൃപ്തികരമായി തോന്നുകയും തുടർന്ന് പേഴ്സും സ്വർണവും അയാളുടേതു തന്നെയെന്ന് ഉറപ്പുവരുത്തിയ .എ.എസ്.ഐ യൂസഫ് ഇക്കാര്യം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുവാദപ്രകാരം, സ്വർണം അടങ്ങിയ പേഴ്സ് സെനിൽ ജോർജ്ജിന് കൈമാറുകയും ചെയ്തു.
സെനിൽ ജോർജ്ജിന്റെ സത്യവാങ്ങ്മൂലം അപാരത ഇവിടെ അവസാനിക്കുന്നെങ്കിലും നിങ്ങളുടെ സുരക്ഷക്കായി യൂസഫിനെപ്പോലുള്ള ആയിരക്കണക്കിന് പോലീസുദ്യോഗസ്ഥർ റോഡുകളിൽ കാവൽ നിൽക്കുന്നുണ്ട്.