യുവാക്കള്‍ക്കിടയില്‍ പുതിയ തരംഗമായ ക്ലബ്ബ് ഹൗസില്‍ അശ്ലീലം പറയുന്ന മുറികളുടെ എണ്ണം വര്‍ധിക്കുന്നു. അര്‍ധരാത്രിയോടെ സജീവമാകുന്ന ഇത്തരം റൂമുകള്‍ക്കു മേല്‍ പോലിസ് നിരീക്ഷണം ശക്തമാക്കുകയാണ്. തിരിച്ചറിയാത്ത ഐഡികളിലാണ് പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരം റൂമുകളിലെത്തുന്നത്. സാധാരണ ഒരു പങ്കാളിയെപ്പോലെ റൂമിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ മോഡറേറ്റര്‍മാര്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കും. പരാതിയോ കേസോ ഉണ്ടായാല്‍ കേള്‍വിക്കാരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് പോലിസ് ഉദ്ദേശിക്കുന്നത്.
രാത്രി 11 മുതലാണ് ഇത്തരം റൂമുകള്‍ സജീവമാവുന്നത്. മലയാളത്തില്‍ ഇത്തരം നിരവധി റൂമുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പര്‌സപരം പ്രോപ്പോസ് ചെയ്യാനെന്ന പേരില്‍ തുടങ്ങുന്ന മുറികളിലെ സ്പീക്കര്‍ പാനലില്‍ സ്ത്രീകളും പുരുഷന്‍മാരും ധാരാളം ഉണ്ടാവും. കൂട്ടത്തിലുള്ള ആരെയെങ്കിലും പ്രൊപ്പോസ് ചെയ്താല്‍ പിന്നീട് ഇന്‍സ്റ്റ ഐഡി ഉള്‍പ്പെടെ കൈമാറി സ്വകാര്യ ചാറ്റിങിന് പ്രോല്‍സാഹിപ്പിക്കുന്നതാണ് രീതി.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെ ഇത്തരം മുറികളില്‍ എത്തുന്നുണ്ട്. ഓഡിയന്‍സ് പാനലിലുള്ളവരേയും ചേര്‍ത്താല്‍ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആള്‍ക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്.
ഇതില്‍ മിക്കവരുടേയും പ്രൊഫൈല്‍ ഫോട്ടോയോ പേരോ യഥാര്‍ഥത്തിലുള്ളതാവില്ല. ലൈ – ഗിക ച്ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും റൂമുകള്‍ തുടങ്ങുന്നത്. മറ്റ് സാമൂഹികമാധ്യമങ്ങളേക്കാള്‍ ആര്‍ക്കും കേള്‍ക്കാവുന്ന പൊതുചര്‍ച്ചകളാണ് ക്ലബ്ബ്ഹൗസിന്റെ പ്രത്യേകത.
ലൈ – ഗിക സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സ്ത്രീ – പുരുഷ വ്യത്യാസമില്ലാത്ത സ്ഥിതിയാണ് കണ്ടുവരുന്നത്. മികച്ച അശ്ലീല വര്‍ത്തമാനം പറയുന്നതില്‍ മത്സരങ്ങള്‍ വരെ നടക്കുന്നുണ്ട്. ആപ്പുകള്‍ ഉപയോഗിച്ച് സ്ത്രീ ശബ്ദത്തില്‍ എത്തുന്ന പുരുഷന്മാരുമുണ്ട്.
ആര്‍ക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളില്‍ ഏറെയും കൗമാരക്കാരാണെന്നാണ് സൈബര്‍ പോലിസ് പറയുന്നത്. പഠനത്തിനായി സ്വന്തമായി മൊബൈലും ഇന്റര്‍നെറ്റ് സൗകര്യവുമുള്ള വിദ്യാര്‍ഥികള്‍ ഇത്തരം റൂമുകളില്‍ കുടുങ്ങുന്നുണ്ട്. രക്ഷിതാക്കള്‍ രാത്രി കാലങ്ങളില്‍ മൊബൈല്‍ വാങ്ങിവച്ചില്ലെങ്കില്‍ വലിയ കെണികളില്‍ ചെന്ന്ചാടാനുള്ള സാധ്യതയുണ്ടെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം മുറികളിലെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത് പിന്നീട് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.