കോതമംഗലത്ത് വിദ്യാർത്ഥിനിയും യുവാവും വെടിയേറ്റ് മരിച്ച സംഭവം പ്രണയാഭ്യർത്ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയ ശേഷം നിരസിക്കുമ്പോൾ കൊലപ്പെടുത്തുന്ന രീതിയാണെന്ന സംശയത്തിലാണ് പൊലീസ്. കണ്ണൂരിൽ വെച്ച് രാഹിൽ മാനസയെ ശല്യപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നെന്ന സൂചന ലഭിച്ചെന്ന് കോതമംഗലം എസ്ഐ ജോയി പ്രതികരിച്ചു. കോതമംഗലം സ്റ്റേഷനിൽ പരാതികളൊന്നും കിട്ടിയിരുന്നില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു.
വൈകീട്ട് മൂന്നുമണിയോടെ വാടകവീട്ടിലെത്തി മാനസയെവിടെ എന്ന് ചോദിച്ചറിഞ്ഞ ശേഷം രാഹിൽ റൂമിലേക്ക് കയറിപ്പോയെന്നാണ് പറഞ്ഞു കേൾക്കുന്നതെന്നും പൊലീസ് പ്രതികരിച്ചു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ വീട്ടുടമയെ വിളിക്കാൻ പോയപ്പോളാണ് വെടിവെയ്പ്പ് നടന്നത് . രഖിൽ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ജീവിതം തകർന്നെന്ന് രഖിൽ മെസേജ് അയച്ചിരുന്നുവെന്ന് സഹോദരന്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമാണ്. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷ. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തി. രണ്ട് മാസത്തോളമായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു. മാനസയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് രഖില്‍ ആഗ്രഹിച്ചിരുന്നെന്ന് അടുത്ത സുഹൃത്തും പാട്ണറുമായ ആദിത്യനും പറഞ്ഞു. കൊല്ലപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ രഖില്‍ മാനസയോട് നിരവധി തവണ സംസാരിച്ചിരുന്നു. മാനസ അവഗണിച്ചതിനെ തുടര്‍ന്ന് രഖിലിന് പക ഉണ്ടായിരുന്നതായും ആദിത്യന്‍ പറഞ്ഞു.
മൂന്നാഴ്ച മുൻപ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും നടുവിൽ ഇരിക്കുമ്പോൾ ഒരിക്കൽപ്പോലും രഖിലിന്റെ ശിരസ്സ് ഉയർന്നിരുന്നില്ല. ഡിവൈഎസ്പിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിലത്തേക്കു മിഴി നട്ടിരിക്കുകയായിരുന്നു രഖിൽ. തൊട്ടടുത്ത കസേരയിൽ അച്ഛൻ മാധവന്റെയും അമ്മ സബിതയുടെയും നടുവിൽ മാനസ ഇരിക്കുന്നുണ്ടായിരുന്നു. മാനസയെയോ അവളുടെ മാതാപിതാക്കളെയോ രഖിൽ നോക്കിയില്ല. മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് ഡിവൈഎസ്പി കർശനമായ മുന്നറിയിപ്പ് രഖിലിനു നൽകി. ഡിവൈഎസ്പിയുടെ മുറിയിലെ ഒത്തുതീർപ്പ് ചർച്ച നടക്കുന്ന വേളയിലെല്ലാം മൗനം പൂണ്ട രഖിലിന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്നത് ഒരു പക്ഷേ, മാനസയോടുള്ള കടുത്ത പകയാകാം. അല്ലെങ്കിൽ ഇനി എന്തു വിധേനയും പണമോ നല്ല ജോലിയോ സമ്പാദിച്ച് മാനസയെ തന്നിലേക്കു വീണ്ടും അടുപ്പിക്കാമെന്ന ചിന്തയായിരിക്കാം.

മോട്ടിവേറ്റർ എന്ന രീതിയിൽ കുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്ന രാഖിൽ എതെകിലും തരത്തിലുള്ള അസ്വാഭാവിക പെരുമാറ്റങ്ങൾ കാണിച്ചിരുന്നില്ലെന്നും ഡെന്റൽ കോളേജിലെ കുട്ടികൾ പറയുന്നു .നിരന്തരം ശല്യപ്പെടുത്തിയ ശേഷം നിരസിക്കുമ്പോൾ കൊലപ്പെടുത്തുന്ന രീതിയാണ് രാഹിൽ പിന്തുടർന്നത്. ഇത്തരം പെരുമാറ്റ വൈകല്യങ്ങൾ നിരന്തരം വളർത്തുന്നതിൽ ദൃശ്യ മാധ്യമങ്ങളും ‚സിനിമകളും മത്സരിക്കുകയാണെന്ന് മാനസികരോഗ വിദഗ്ദ്ധർ പറയുന്നു .ഇത്തരം വൈകല്യത്തിന്. പ്രണയമെന്ന വ്യാജേന കാണിക്കുന്നത് സ്റ്റോക്കിങ്ങ് (stalking) ആണ്.
ഈ വാക്കിന് നിഘൺഡു പറയുന്ന അർത്ഥം “to follow a person over a period of time in a frightening or annoying way” എന്നാണ്. അതായത് ഒരാൾക്ക് ഭയമോ പേടിയോ ജനിപ്പിക്കുന്ന വിധം അയാളുടെ പുറകെ നടക്കുന്ന പ്രക്രിയ. 2014‑ൽ ഒരു ഓസ്‌ട്രേലിയൻ കോടതി സ്റ്റോക്കിങ്ങ് നടത്തിയ ഒരു ഇന്ത്യൻ വംശജനെ വെറുതെ വിട്ടു. അതിന് കോടതി പറഞ്ഞ മറുപടി ഈ പറഞ്ഞ ഇന്ത്യൻ വംശജന്റെ കണ്ടീഷനിങ്ങ് സ്റ്റോക്കിങ്ങിന് അനുകൂലമായ രീതിയിൽ ഇന്ത്യൻ സിനിമകളും സമൂഹവും പാകപ്പെടുത്തി എന്നായിരുന്നു. അതായത് ഒരാണിന്റെയോ സർവോപരി ഒരു പെണ്ണിന്റേയോ പുറകെ നടന്ന് അവളെ വെറുപ്പിക്കാൻ കൊച്ചിലെ മുതലേ വളരെ വലിയ രീതിയിലുള്ള കണ്ടീഷനിങ്ങ് ആണ് നമ്മൾ ഇന്ത്യക്കാർക്ക് കിട്ടുന്നത് എന്ന്. ഓസ്‌ട്രേലിയൻ കോടതി നടത്തിയ ആ നിരീക്ഷണം എല്ലാ അർത്ഥത്തിലും ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു .

നായിക പോവുന്ന ബസ്സിലും ബസ്റ്റാന്റിലും തുണിക്കടയിലും വരെ പ്രണയപരവശനായി വിടർന്നകണ്ണുകളോടെ അവളെ പാട്ടുംപാടി പിന്തുടരുന്ന നായക സങ്കൽപ്പങ്ങളിൽ ഒക്കെ പ്രണയമുണ്ടെന്ന് എത്ര തവണയാണ് നമ്മൾ തെറ്റിദ്ധരിച്ചിട്ടുണ്ടാവുക ! ‘പ്രേമ’ത്തിൽ ജോർജ്ജും വാലുകളും മേരിയുടെ പുറകേ നടന്നപ്പോൾ ‘പ്രണയ’മല്ലാതെ മറ്റെന്താണ് നമ്മൾ കണ്ടത് ? അന്നയെ പുറകേ നടന്ന് പ്രേമിച്ച റസൂലിനെ ഉജ്ജ്വല കാമുകൻ എന്നല്ലാതെ സോഷ്യോപാത്തായി ആരെങ്കിലും കാണുമോ? മലയാള സിനിമയിലെ എക്കാലത്തെയും മികച്ചൊരു പ്രണയ നായകനായല്ലാതെ ഒരു ഒഫന്റർ ആയി കാണാൻ ആരെങ്കിലും തയ്യാറാവുമോ ? എന്ന നിരവധി ചോദ്യങ്ങളും അവശേശിക്കുന്നു.
1989‑ൽ റബേക്ക ഷോഫർ എന്ന പ്രശസ്തയായ ടെലിവിഷൻ താരം വെടിയേറ്റു മരിച്ചു. 21വയസ്സ് മാത്രമുണ്ടായിരുന്ന ഷോഫറെ കൊലപ്പെടുത്തിയത് അവരെ പിന്തുടർന്നിരുന്ന ബാർഡോ എന്ന ആരാധകനാണ്. ഷോഫറോട് കലശലായ ഇഷ്ടം തോന്നിയ ബാർഡോ മൂന്ന് വർഷമായി അവരെ പിന്തുടരുകയായിരുന്നു. അതവസാനിച്ചത് ഷോഫറുടെ കൊലപാതകത്തിലും.
രാധിക തൻവാറും ഗീതിക ശർമയും കഴുത്തറുത്ത് കൊല്ലപ്പെട്ട അഷികയും പെട്രോളൊഴിച്ച് കത്തിക്കപ്പെട്ട എഞ്ചിനീറിങ് വിദ്യാർത്ഥിനിയും വെടിയേറ്റ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുമെല്ലാം നമ്മുടെ നാട്ടിലാണ്. മാസങ്ങളും വർഷങ്ങളും ‘പിന്തുടർന്ന് പ്രണയമുണ്ടാക്കുന്ന’ നായക സങ്കല്പങ്ങളുടെ നാട്ടിൽ !! സെക്‌സ് എഡ്യൂക്കേഷൻ കൊടുക്കുന്നതിനൊപ്പം തന്നെ ഡേറ്റിങ് എന്താണെന്നും, പ്രണയം എന്താണ് എന്നുമൊക്കെ പുതിയ തലമുറയെ പഠിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ പ്രണയത്തിന്റെ പേരിൽ ഇനിയും ഇവിടെ അതിക്രമങ്ങൾ നടന്ന് കൊണ്ടേയിരിക്കും. അടിയന്തരമായി മലയാള സിനിമ സ്വയം വിമർശനമുൾകൊണ്ട് തിരുത്തേണ്ടുന്ന സംഗതിയാണ് പിന്നാലെ നടന്നു വളച്ചു പ്രണയം സ്ഥാപിച്ചെടുക്കുന്ന രീതി. അല്ലെങ്കിൽ കാലങ്ങളോളം തെറ്റിദ്ധാരണജനകമായ ഈ രീതി നമ്മുടെ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുമെന്നും മാനസീകരോഗവിദഗ്ദ്ധർ പറയുന്നു .