മലയാളം ഇ മാഗസിൻ.കോം

തീറ്റയായി പ്ലാവിലയും പുല്ലും, കോന്നിയിലെ ആനകൾക്ക്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ദിവസം പതിനെട്ട്‌ മണിക്കൂർ തീറ്റയെടുക്കുന്ന ആനകൾക്ക്‌ ഭക്ഷണമായി നൽകുന്നത്‌ പുല്ലും പ്ലാവിലയും ചേർത്ത മിശ്രിതം. കോന്നിയിലെ ഗജകേസരികൾക്കാണ്‌ അത്യപൂർവമായ വിധത്തിലുള്ള ഭക്ഷണക്രമം ഏർപ്പെടുത്തിയിരിക്കുന്നത്‌.

ഇതോടെ വിശപ്പുകൊണ്ട്‌ വലഞ്ഞ നിലയിലാണ്‌ ആനകൾ. പുല്ല്‌ പകൽ സമയങ്ങളിൽ മാത്രമാണ്‌ നൽകുന്നത്‌. രാത്രികാലങ്ങളിൽ പ്ലാവിലയും. പ്ലാവില ആനകൾ കഴിക്കാറുമില്ല. ചിലപ്പോൾ നൽകുന്ന പുല്ലും പ്ലാവിലയും ചേർത്ത മിശ്രിതത്തിൽ നിന്നും പുല്ല്‌ മാത്രം തിരഞ്ഞാണ്‌ ആനകൾ ഭക്ഷണമാക്കുന്നത്‌. പ്ലാവില മാറ്റിയിടുകയും ചെയ്യും. ഈ ഭക്ഷണ ക്രമം കോന്നിയിൽ ഏർപ്പെടുത്തയതുമുതൽ ആനകൾ പകുതി ശോഷിച്ച നിലയിലാണ്‌. പ്ലാവില ആനകളുടെ തീറ്റയിനത്തിൽപ്പെട്ട ഭക്ഷണമല്ലെന്ന്‌ മുതിർന്ന പാപ്പാന്മാർ പറയുന്നു. ആഞ്ഞിലി ഇലയാണ്‌ ഇതിലും ഭേദം. അത്‌ ആവശ്യത്തിന്‌ കിട്ടാറുമില്ല. നാരിന്റെ അളവ്‌ കുറഞ്ഞ പുല്ലും പ്ലാവിളയും ആനകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന്‌ മൃഗഡോക്ടർമാർ പറയന്നു.

സോമൻ, സുരേന്ദ്രൻ എന്നീ വലിയ ആനകളുൾപ്പെടെ മൊത്തം ഏഴ്‌ ആനകളാണ്‌ കോന്നി ആനക്കൂട്ടിലുള്ളത്‌. ആനകളുടെ പ്രധാന ഭക്ഷണ വസ്തുക്കളായ തെങ്ങോല, പനമ്പട്ട എന്നിവ നിർത്തലാക്കിയാണ്‌ പുല്ല്‌ കൊടുക്കാൻ തുങ്ങിയത്‌. വേനൽകാലമായതിനാൽ പുല്ലിന്റെ ലഭ്യതയും കുറഞ്ഞു. ഇതോടെയാണ്‌ പ്ലാവില ചേർത്ത്‌ നൽകാൻ തുടങ്ങിയത്‌. പുല്ലും പ്ലാവിലയും കട്ടി കുറഞ്ഞ ഭക്ഷണവസ്തുക്കളാണ്‌. ഇത്‌ സ്ഥിരഭക്ഷണമാക്കി കഴിഞ്ഞാൽ ആനയുടെ ദഹനശേഷിയെ കാര്യമായി ബാധിക്കും. പിന്നീട്‌ തെങ്ങോലയും പനമ്പട്ടയും നൽകിയാൽപോലും മതിയായ ദഹന പ്രക്രിയ നടക്കാതെ എരണ്ടക്കെട്ട്‌ പോലെയുള്ള മാരക രോഗങ്ങൾ വന്ന്‌ ആന ചരിയാനിടയാകുകയും ചെയ്യും.

ഏറ്റവും കൂടുതൽ ആനകളെ പാർപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഗുരുവായൂർ ദേവസ്വത്തിൽപ്പോലും പുല്ലും പമ്പട്ടയും ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ നൽകി വരുന്നത്‌. 15 വയസ്സ്‌ കഴിഞ്ഞ ആനകൾക്ക്‌ നിത്യേനെ 400 കി പുല്ലെങ്കിലും വേണ്ടിവരും. ഇതും കോന്നിയിലെ ആനകൾക്ക്‌ ലഭിക്കുന്നില്ല. കോടനാട്‌, കോട്ടൂർ ആനക്കൂടുകളിലെ ആനകളുടെ ഭക്ഷണക്രമവും ഇതാണ്‌. മൂന്ന്‌ മാസങ്ങൾക്ക്‌ മുമ്പ്‌ മദപ്പാട്‌ കാട്ടേണ്ട സോമൻ എന്ന ആനക്ക്‌ ഇപ്പോഴാണ്‌ മദപ്പാടുണ്ടായിരിക്കുന്നത്‌. ഇത്‌ ഭക്ഷണക്രമത്തിലുണ്ടായ മാറ്റം കൊണ്ടാണെന്നും പറയുന്നു. ഇവിടെയുള്ള സുരേന്ദ്രൻ ആന ആദ്യമായി മദപ്പാടിന്റെ ലക്ഷണങ്ങൾ കാണിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. എന്നിട്ടും അതിനനുസൃതമായ പരിചരണങ്ങൾ വൈകുകയാണ്‌.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ട്‌ കുട്ടിയാനകളും ഒരു മോഴയാനയും ഉൾപ്പെടെ മൂന്ന്‌ ആനകൾ കോന്നി ആനക്കൂട്ടിൽ ചരിഞ്ഞിരുന്നു. ഇതിൽ മോഴയാന ചരിയുന്നതിന്‌ ദിവസങ്ങൾ മുമ്പ്‌ വരെയും പൂർണ്ണ ആരോഗ്യവാനായിരുന്നു. കുട്ടിയാനകളുടെ പരിചരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടായതായുള്ള ആരോപണവും ശക്തമാണ്‌. കുട്ടിയാനകൾക്ക്‌ നൽകിയ മരുന്നുകൾ പലതും പുറത്തുനിന്നും വാങ്ങി നൽകുകയായിരുന്നു. മുമ്പ്‌ ആനകൾക്ക്‌ ഉണ്ടായിരുന്ന തോട്ടിലെ കുളിയും കാട്ടിലെ വാസവുമൊക്കെ ഇപ്പോൾ നിർത്തിയിരിക്കുകയാണ്‌.

Avatar

Staff Reporter