കൊല്ലത്ത് വീട്ടമ്മയ്ക്കുണ്ടായ അനുഭവം അമ്പരപ്പിക്കുന്നത്. കണ്ടാൽ മാന്യരെന്ന് തോന്നിക്കുന്ന യുവതിയുടെയും സംഘത്തിന്റെയും തട്ടിപ്പിൽ കുടുങ്ങിയപ്പോൾ നഷ്ടമായത് താലിമാല.
ആശുപത്രിയിൽ പോയി മടങ്ങവെ കല്ലുവാതുക്കൽ നിന്നും നടയ്ക്കലേക്ക് ഓട്ടോ വിളിച്ച ശേഷം ആരെങ്കിലും ഒപ്പം വരുന്നുണ്ടോ എന്നു ചോദിച്ചു. ഷെയർ ചെയ്യാൻ ആളുണ്ടെങ്കിൽ അത്രയും കുറച്ച് ഓട്ടോക്കൂലി കൊടുത്താൽ മതിയല്ലോ എന്നു കരുതി. ഉടൻ ഒരു സ്ത്രീ ഓട്ടോയിൽ കയറി, അടുത്തയാൾ പുറത്തുനിന്നു. നിർബന്ധിച്ച് എന്നെ മധ്യത്തിൽ ഇരുത്തിയ ശേഷം യുവതിയും ഓട്ടോയിൽ കയറി. പനവേലിൽ മുക്കിൽ എത്തിയപ്പോൾ ഡ്രൈവറുടെ കയ്യിൽ 15 രൂപ നൽകി അവർ ഇറങ്ങി. വീട്ടിൽ എത്തി നോക്കിയപ്പോൾ മൂന്നു പവന്റെ താലിമാല കാണുന്നില്ല. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ചാത്തന്നൂർ പോലീസിന്റെ പിടിയിൽ 3 സ്ത്രീകൾ അകപ്പെട്ടതറിഞ്ഞ് വന്ന് അവരെ തിരിച്ചറിഞ്ഞു.

തങ്കമ്മയെന്ന വീട്ടമ്മയുടെ അനുഭവമാണിത്. മോഷണശ്രമത്തിനിടെ ചാത്തന്നൂർ പൊലീസിന്റെ പിടിയിലായ തമിഴ്നാട് സ്വദേശിനികളായ 3 സ്ത്രീകളുടെ മോഷണ കഥകൾ അമ്പരപ്പിക്കുന്നവയാണ്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്.
ഒന്നര മാസത്തോളം കേരളത്തിൽ തങ്ങി തുടർച്ചയായി മോഷണം നടത്തുകയാണു രീതി. പിന്നീട് തെങ്കാശിക്ക് മടങ്ങും. പിന്നെ ഏതാനും മാസം കഴിഞ്ഞാണ് വീണ്ടും എത്തുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, എറണാകുളം തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും സംഘം മോഷണം നടത്തിയെന്നാണ് അനുമാനം. സ്ത്രീകളെ മാത്രമാണ് ഉന്നമിടുക. ബസുകളിലും മറ്റും തിരക്ക് സൃഷ്ടിക്കും. ഇതിനിടെ മിന്നൽ വേഗത്തിൽ ബാഗിൽ നിന്ന് പണവും ധരിച്ചിരിക്കുന്ന മാലയും പൊട്ടിച്ച് സംശയം തോന്നാത്ത രീതിയിൽ മുങ്ങും.

കെഎസ്ആർടിസി ബസിലെ യാത്രക്കാരിയുടെ ബാഗിൽ നിന്നു പഴ്സ് അപഹരിക്കാനുള്ള ശ്രമം ബസിൽ ഉണ്ടായിരുന്ന ചാത്തന്നൂർ സ്റ്റേഷനിലെ വനിതാ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഘം പിടിയിലായത്. മോഷണത്തിനു പോകുമ്പോൾ സംഘം മൊബൈൽ ഫോൺ ഉപയോഗിക്കില്ല. സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിലെ സ്ഥിരം സന്ദർശകയാണ് ഗംഗാദേവി. ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിൽ മിടുക്കിയും ഗംഗാദേവി തന്നെയായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് വൻ മോഷണത്തിന്റെ വിവരങ്ങൾ. സംസ്ഥാനം ഒട്ടാകെ കവർച്ച നടത്തുന്ന സംഘത്തിലെ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കവർച്ചകൾക്ക് തുമ്പ് ലഭിക്കും.
കോവിഡ് മൂലം ഉത്സവങ്ങളും പെരുന്നാളും ആളുകൾ കൂടുന്ന പരിപാടികളും നിലച്ചതിനാൽ ഒരു വർഷമായി കവർച്ചകൾക്ക് അവധിയായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു സമയത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിഞ്ഞു ജനജീവിതം സജീവമായപ്പോൾ അന്നും സംഘം കേരളത്തിൽ എത്തി കവർച്ചകൾ നടത്തിയെങ്കിലും ചിലർ പിടിയിലായി. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങി. തമിഴ്‌നാട്ടിൽ ഉൾപ്പടെ ഇവരുടെയെല്ലാം പേരിൽ നിരവധി കേസുകളാണ് ഉള്ളതെന്ന് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു.