നൂറ്റിപ്പതിനേഴു വര്‍ഷത്തിനപ്പുറത്തെ ഒരു പകൽ. എറണാകുളം ടെര്‍മിനസ് സ്റ്റേഷൻ. അക്ഷമയോടെ കാത്തുനില്ക്കുന്ന രാജകുടുംബാംഗങ്ങളും ജനങ്ങളും. എല്ലാ കണ്ണുകളും കാഴ്ചയുടെ അതിര്‍ത്തി ഭേദിക്കുന്ന വടക്കുഭാഗത്തേക്ക്. അങ്ങകലെ ആശ്ചര്യത്തിന്റെ പുകയുയര്‍ത്തിക്കൊണ്ട് ആദ്യതീവണ്ടിയുടെ ആവി എന്ജിന് പതുക്കെ പ്ലാറ്റ്ഫോമിലേക്കെത്തുന്നു. കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ വഴിത്തിരിവായി ഷൊര്‍ണൂരില്‍ നിന്നു കൊച്ചിയിലേക്കുള്ള പാസഞ്ചര്‍ തീവണ്ടിയുടെ വരവ്. ആദ്യതീവണ്ടിയെത്തിയ ഇടം ഇന്നും നഗരഹൃദയത്തിലുണ്ട്. ഹൈക്കോടതിക്ക് പുറകില്‍ ഓള്‍ഡ് റെയ്ൽ വേ സ്റ്റേഷനെന്ന വിശേഷണത്തിന്റെ മറയില്‍, കാലം കാത്തുവച്ച മാറ്റങ്ങളാല്‍ ഒടുങ്ങിയിരിക്കുന്നു ആ ചരിത്രയിടം. ചരിത്രമെത്തിയ പാളങ്ങളില്‍ നിന്നു തീവണ്ടിയുടെ ഇരുമ്പുചക്രങ്ങള്‍ അന്യം നിന്നു കഴിഞ്ഞിട്ട് നാളേറെയായി. ആദ്യപാളത്തിനു മീതെ കാലത്തിന്റെ അതിരില്ലാത്ത പച്ചപ്പുകൾ. എങ്കിലും സ്മരണകളില്‍, അങ്ങകലെ നിന്നും ഒരു തീവണ്ടിശബ്ദം ഇരമ്പിയാര്ത്തെത്തുന്നുണ്ട്. സ്മരണയുടെ ആകാശങ്ങളെ മറയ്ക്കാനാവാതെ തീവണ്ടിയുടെ കറുത്തപുകയുയരുന്നുണ്ട്. 1902 ജൂണ്‍ 2നായിരുന്നു ഷൊര്‍ണൂര്‍ – കൊച്ചി പാതയിലൂടെ ആദ്യ ഗുഡ്സ് തീവണ്ടിയോടുന്നത്, ജൂലൈ പതിനാറിനു പാസഞ്ചര്‍ ട്രെയ്നും. മീറ്റര്‍ ഗേജ് ട്രാക്കില്‍ നൂറു കിലോമീറ്റര്‍ നീളത്തിലായിരുന്നു ഷൊര്‍ണൂര്‍ – കൊച്ചി പാത. ആദ്യയാത്രയില്‍ ആവി എന്‍ജിനില്‍ ഘടിപ്പിച്ച അഞ്ചോ ആറോ ബോഗികള്‍ മാത്രം. കഠിനപ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും കഥയുണ്ട്, ഷൊര്‍ണൂര്‍ – കൊച്ചി തീവണ്ടിയാത്രയുടെ അധികമാരും ആഘോഷിക്കാത്ത ചരിത്രത്താളുകളിൽ.
നാടിനെ സ്നേഹിച്ച മഹാരാജ്
കൊച്ചി മഹാരാജാവായ രാമവര്‍മയുടെ തീവ്രപ്രയത്നത്തിന്റെ ഫലമാണ് ഇന്നു കാണുന്ന ഈ തീവണ്ടിപ്പാത. കൊച്ചിയുടെ ഭരണാധികാരിയാകുന്നതിനു മുൻപു തന്നെ തീവണ്ടിഗതാഗതത്തിന്റെ സാധ്യത തിരിച്ചറിഞ്ഞു അദ്ദേഹം. ഒടുവില്‍ വലിയ തമ്പുരാനായി അധികാരത്തിന്റെ ചെങ്കോലേന്തുമ്പോൾ, തീവണ്ടി ഗതാഗതമെന്ന മോഹത്തിന്റെ സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്നിച്ചു. ഷൊര്‍ണൂര്‍ നിന്നും എറണാകുളം വരെയുള്ള പാതയുടെ രൂപരേഖ തയാറാക്കി ബ്രിട്ടിഷ് അധികാരികളുടെ അനുമതിക്കായി സമര്‍പ്പിച്ചു. പാതയുടെ മുഴുവന്‍ ചെലവും സ്വയം ഏറ്റെടുക്കണമെന്ന നിബന്ധനയോടെ അനുമതിയും ലഭിച്ചു. 1899ല്‍ പാതയുടെ നിര്‍മാണം ആരംഭിച്ചു. നിർമാണച്ചെലവിനാല് അനുദിനം കാലിയായിക്കൊണ്ടിരുന്നു ഖജനാവ്. പൂർണത്രയീശനു സമര്‍പ്പിച്ചിരുന്ന ആനച്ചമയങ്ങളും തങ്കക്കട്ടികളുമൊക്കെ ആ വലിയ മോഹത്തിനു വേണ്ടി വിറ്റഴിക്കേണ്ടി വന്നു. എന്നിട്ടും കടമ്പകള്‍ ഏറെയായിരുന്നു. പാത കടന്നു പോകുന്ന ഇടപ്പള്ളി മുതല്‍ അങ്കമാലി വരെയുള്ള പ്രദേശം ഇടപ്പള്ളി ആസ്ഥാനമായ എളങ്ങള്ളൂര്‍ സ്വരൂപത്തിന്റേതായിരുന്നു. അതുവിട്ടു നല്കാന് കാലതാമസമുണ്ടായി. ഒടുവില്‍ എളങ്ങള്ളൂര്‍ സ്വരൂപത്തിന്റെ കനിവില്‍ ഇടപ്പള്ളി, ആലുവ, ചൊവ്വര, അങ്കമാലി എന്നിവിടങ്ങളിലൂടെ വലിയ തമ്പുരാന്റെ മോഹത്തിന്റെ പാളങ്ങള്‍ യാഥാര്‍ഥ്യമായി. പാളങ്ങളും ബോഗിയും ആവി എന്‍ജിനുമെല്ലാം ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. രാജകുടുംബാംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ തീവണ്ടിയോടു ഘടിപ്പിക്കാന്‍ പ്രത്യേക സലൂണ്‍ സജ്ജീകരിച്ചിരുന്നു. ടെര്‍മിനസ് സ്റ്റേഷനില്‍ തപാലാപ്പീസ്, പാര്‍സല്‍ ഓഫിസ്, ടെലഗ്രാം സൗകര്യങ്ങള്‍ എന്നിവയെല്ലാം ഗതാഗതസങ്കേതത്തിന്റെ അനുബന്ധ സൗകര്യങ്ങളായി വളര്‍ന്നു. പാത കടന്നു പോകുന്ന ചൊവ്വരയിലും തൃശൂരിലും വിശ്രമമുറികള്‍, തീവണ്ടികള്‍ വെള്ളം നിറയ്ക്കുന്നതു ചാലക്കുടിയിൽ. അങ്ങനെ പാതയോരത്തെ ഓരോ സ്റ്റേഷനുകളിലും വികസനത്തിന്റെ ഗ്രീന്‍ സിഗ്നലുകള്‍ തെളിഞ്ഞു.
പച്ചപ്പുതപ്പിലൊളിച്ചിരിക്കുന്ന ചരിത്രം
ആദ്യ പാസഞ്ചര്‍ തീവണ്ടി പുകയൂതിയെത്തിയ നഗരഹൃദയത്തിലെ തീവണ്ടിത്താവളം ഒരുപാടു പേരുമാറ്റങ്ങള്ക്കൊടുവില് ഓള്‍ഡ് റെയ്ൽവേ സ്റ്റേഷനായി ഇന്നും നിലനില്ക്കുന്നു. ആദ്യം എറണാകുളം ടെര്‍മിനസ് സ്റ്റേഷൻ, പിന്നീട് ഗുഡ്സ് സ്റ്റേഷൻ, അതിനുശേഷം സിമന്റ് ഗോഡൗണ്‍….ഒടുവില്‍ ചരിത്രത്തിന്റെ അറിയാക്കഥകളെ കാലത്തിന്റെ പച്ചപ്പിനടിയിലേക്കൊതുക്കി ഓള്‍ഡ് റെയ്ൽവേ സ്റ്റേഷന് എന്ന വിശേഷണത്തിലേക്കും. കൊച്ചിയുടെ മുഖഛായ മാറ്റിയ സര് റോബര്‍ട്ട് ബ്രിസ്റ്റോ, മഹാത്മാഗാന്ധി, വൈസ്രോയി ഇര്വിന് പ്രഭു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ വന്നിറങ്ങിയതിവിടെയാണ്. 1929ല്‍ എറണാകുളം സൗത്ത് റെയ്ൽവേ സ്റ്റേഷനും അതിനുശേഷം ഹാര്‍ബര്‍ ടെര്‍മിനസും നിലവില്‍ വന്നതോടെ ഓള്‍ഡ് റെയ്ൽവേ സ്റ്റേഷന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ചരിത്രയാത്രയുടെ ആവര്‍ത്തനമായി അറുപതുകള്‍ വരെ പാസഞ്ചര്‍ തീവണ്ടികള്‍ ഈ പ്ലാറ്റ്ഫോമിലെത്തിയിരുന്നു. പിന്നീട് കാലവും അധികൃതരും കൊച്ചിയുടെ ആദ്യ തീവണ്ടിത്താവളത്തിനെ കരുണയില്ലാതെ തരംതാഴ്ത്തി. ആ തീവണ്ടിത്താവളത്തില് പ്രഖ്യാപനങ്ങള്‍ മാത്രം ധാരാളം വന്നണഞ്ഞു, റെയ്ൽ മ്യൂസിയം, സബര്‍ബര്‍ ട്രെയ്ന്‍ ഹബ്, പൈതൃക മ്യൂസിയം… ഏറ്റവുമൊടുവില്‍ മെമു-ഡെമു ട്രെയ്നുകളുടെ ഹബ്ബ്… പാളം തെറ്റിയ പ്രഖ്യാപനങ്ങളേറെ. ഒന്നും യാഥാര്‍ഥ്യമായില്ല.
വീണ്ടുമൊരു ജൂലൈ 16
ഇന്നും അധികമാര്‍ക്കുമറിയില്ല, ചരിത്രമുറങ്ങുന്ന ഈ ഇടം ഇവിടെയുണ്ടെന്ന്, കാട്ടുവേരുകള്ക്കിടയില് മറഞ്ഞിരിക്കുന്ന പാളങ്ങള്‍ ഗതാഗതചരിത്രത്തിന്റെ ഭാഗമാണെന്ന്. ഇന്നു തീവണ്ടിഗതാഗതത്തിന്റെ ഞരമ്പുകള്‍ ഇന്ത്യയൊട്ടാകെ പടര്‍ന്നിരിക്കുന്നു. ഒരു ലക്ഷത്തിലധികം ദൈര്‍ഘ്യം വരുന്ന തീവണ്ടിപ്പാതകൾ, പതിനായിരത്തിലധികം തീവണ്ടികള്‍, ഏഴായിരത്തിലധികം റെയ്ൽവേ സ്റ്റേഷനുകള്‍….ഭാരതത്തിന്റെ തീവണ്ടിഗതാഗത ചരിത്രം നൂറ്റിയറുപതു വര്‍ഷം പിന്നിടുമ്പോൾ, വളര്‍ച്ചയുടെയും വികസനത്തിന്റെ കണ്ണെത്താദൂരത്തോളം യാത്ര ചെയ്തു കഴിഞ്ഞിരിക്കുന്നു. ആ വലിയ യാത്രയുടെ ഒരു ചെറിയ ഇടവഴിയെങ്കിലും, കേരളത്തിന്റെ ഗതാഗതചരിത്രത്തില്‍ ഷൊര്‍ണൂര്‍ – കൊച്ചി പാതയ്ക്ക് പ്രാധാന്യമേറെയുണ്ട്, ആദ്യമായി തീവണ്ടി വന്നെത്തിയ ഇടത്തിനും.
വീണ്ടുമൊരു ജൂലൈ പതിനാറ്. ആദ്യതീവണ്ടിയുടെ സ്മരണകള്‍ക്ക് 117 വയസാകുന്നു. ഓള്‍ഡ് റെയ്ൽവേ െസ്റ്റേഷനിലെ പാളങ്ങള്‍ക്കു മീതെ പടര്‍ന്നു കയറിയ കാട്ടുവേരുകള്ക്കിടയില് ഇപ്പോഴും ആദ്യ യാത്രയുടെ ഒടുങ്ങാത്ത ഇരമ്പമുണ്ടാകും, ഒരു വലിയ മോഹത്തിനു വേണ്ടി അധികാരത്തിന്റെ അരമനയൊഴിഞ്ഞ രാജാവിന്റെ ഒടുങ്ങാത്ത നിശ്വാസങ്ങളുണ്ടാകും, ഇനിയൊരു യാത്രയും ഇവിടെ തുടങ്ങില്ലെന്നും ഒടുങ്ങില്ലെന്നും തിരിച്ചറിഞ്ഞ് ഉപചാരം ചൊല്ലി പിരിയുമ്പോള്‍ ഇടറിയ കണ്ഠങ്ങളുടെ കണ്ണീര്ത്തണുപ്പുണ്ടാകും….
