തെയ്യം, തിറ, നാടന്‍പാട്ട് തുടങ്ങിയ പൗരാണിക നാടന്‍കലകളുടെ കളിത്തൊട്ടിലായ കണ്ണൂര്‍ കാലാതീതമായ സൗന്ദര്യത്തിന്റെ നാടാണ്. സുന്ദരമായ മലമേടുകള്ക്കും കടലോരത്തിനും പേരുകേട്ട് കണ്ണൂര്‍ ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു. മനസിലെ സമ്മര്‍ദ്ദങ്ങളെല്ലാം ഒഴിവാക്കി സായാഹ്ന സവാരി നടത്തുന്ന ഉചിതമായ സ്ഥലമാണ് കടല്‍ തീരങ്ങള്‍. പയ്യാമ്പലവും മുഴപ്പിലങ്ങാടും പോലുള്ള പ്രശസ്തമായ ബീച്ചുകളാണ് കണ്ണൂരിന്റെ പ്രധാന ആകര്‍ഷണം.
പയ്യാമ്പലം ബീച്ച്
കണ്ണൂര്‍ ജില്ലയിലെ ഒരു കടല്‍ത്തീരമാണ് പയ്യാമ്പലം ബീച്ച്. ഈ കടല്‍ത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. കണ്ണൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് പയ്യാമ്പലം. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന് നിര്‍മ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ശാന്ത സുന്ദരമായ ഈ കടല്‍ത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലന്, പാമ്പന്‍ മാധവന്, കെ.ജി. മാരാര്‍, ഇ.കെ. നായനാര്‍,അഴീക്കോടന്‍ രാഘവന്, സി.കണ്ണന്, ചടയന്‍ ഗോവിന്ദന്, സുകുമാര്‍ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങള്‍.
മുഴപ്പിലങ്ങാട് ബീച്ച്
കണ്ണൂര്‍ ജില്ലയിലെ മറ്റൊരു കടല്‍ത്തീരമാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക ബീച്ച് മുഴപ്പിലങ്ങാട് ബീച്ചാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച് മുഴപ്പിലങ്ങാട് ആണ്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ദ്ധവൃത്തം തീര്‍ത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നല്കുന്നു. മെയ് മാസത്തില്‍ ഇവിടെ ‘ബീച്ച് ഫസ്റ്റിവല്‍’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകള്‍, കുട്ടികളുടെ വിനോദ പരിപാടികള്‍, കലാസാംസ്ക്കാരിക പരിപാടികള്‍, പ്രദര്ശ്നങ്ങള് എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്.
ധര്‍മ്മടം തുരുത്ത്
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തായ് 2 ഹെക്ടര്‍ വിസ്തീര്‍ണ്ണം വരുന്ന ഒരു ദ്വീപാണ് ധര്‍മ്മടം തുരുത്ത്. ധര്‍മ്മടം കടപ്പുറത്ത് നിന്നും ഏകദേശം 100 മീറ്റര്‍ അകലെയായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാന്‍ സാധിക്കും. മുന്‍പ് ധര്‍മ്മപട്ടണം എന്നറിയപ്പെട്ടിരുന്ന ധര്‍മ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു. സ്വകാര്യ സ്വത്തായിരുന്ന ഈ തുരുത്ത് ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുനിന്നും കാണുവാന്‍ കഴിയും.