എന്താണ് ഫാസ്റ്റ് ടാഗ്?
ഡിജിറ്റൽ പണം ഇടപാട് വഴി ടോൾ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇതുപയോഗിച്ച് ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാൽ ടോൾ പ്ലാസകളിൽ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാൻ സാധിക്കും. സമയവും ലാഭിക്കാം.
ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ) നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പദ്ധതിയുടെ ഭാഗമായി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോൾ പിരിവ് സംവിധാനം ആണ് ഫാസ്ടാഗ്. 2014 മുതൽ ഇന്ത്യയിൽ ഇലക്ട്രാണിക് ടോൾ ടാക്സ് പിരിവ് പദ്ധതി വന്നത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുമ്പേ തന്നെ പല വിദേശ രാജ്യങ്ങളും ഈ സംവിധാനം നിലവിലുണ്ട്.
ഫാസ്ടാഗ് എങ്ങനെയെടുക്കാം
ഫാസ്ടാഗ് ഒരു പാസീവ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി)യാണ്. ഇതിൽ മുൻനിശ്ചയിക്കപ്പെട്ട ഒരു വൺ ടൈം പ്രോഗ്രാമബിൾ കോഡ് പ്രോഗ്രാം ചെയ്ത് കയറ്റിയിട്ടുണ്ടായിരിക്കും. എച്ച്ഡിഎഫ്സി, ഐസിഐസിഐ, പിഎൻബി, എസ്ബിഐ, കൊട്ടക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകൾ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങൾ നൽക് ഫാസ്റ്റാഗ് വാങ്ങാൻ കഴിയുന്നതാണ് (ഓൺലൈൻ അപ്ലിക്കേഷനായി ബാങ്കുകളുടെ വെബ്സെറ്റ് സന്ദർശിക്കുക).
പുതിയ വാഹനങ്ങളിൽ ഡീലർമാർ തന്നെ ഫാസ്ടാഗ് വെച്ചു നൽകും. പഴയ വാഹനങ്ങൾക്കുള്ള ഫാസ്ടാഗ് ടോൾ പ്ലാസകളിൽ നിന്നുംഫാസ് ടാഗ് സേവനം നൽകുന്ന ബാങ്കുകളിൽ നിന്നും വാങ്ങാം. ആർ.സി ബുക്കും ഉടമയുടെ പ്രൂഫും നൽകി ഫാസ്ടാഗ് വാങ്ങാം. 500 രൂപയാണ് ഫാസ്ടാഗിനുള്ള നിരക്ക്. ഇതിൽ 200 രൂപ ടോൾ പ്ലാസകളിൽ ഉപയോഗിക്കാനായി ഫാസ്ടാഗ് പ്രീപെയ്ഡ് അക്കൗണ്ടിലുണ്ടാകും. മൊബെയിൽ നമ്പർ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടിൽ ലോഗിൻ ചെയ്താണ് റീചാർജ്ജ് ചെയ്യേണ്ടത്. ഇതിനായി ആപും പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫാസ്ടാഗിൽ ഈ പറയുന്ന വ്യക്തിവിവരങ്ങൾ ഒന്നും തന്നെ പ്രോഗ്രാം ചെയ്യപ്പെടുന്നില്ല മറിച്ച് ഒരു യുണീക് കോഡ് മാത്രമാണ് ഇതിൽ ഉണ്ടാവുക. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കാർഡ് ബാലൻസിൽ ബ്ലോക്ക് ആയി കിടക്കും. തുടർന്ന് പ്രത്യേകമായി റീചാർജ്ജ് ചെയ്യാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാലൻസ് തുക നിശ്ചിത പരിധിയിൽ കുറയുമ്പോൾ ഓട്ടോമാറ്റിക് ആയി റീചാർജ്ജ് ചെയ്യാനോ ഒക്കെയുള്ള സൗകര്യങ്ങൾ ഉണ്ട്. ഒരു വാഹനത്തിന് ഒരു ടാഗ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതുപോലെ ഒരു ടാഗ് ഒന്നിലധികം വാഹനങ്ങളിൽ ഉപയോഗിക്കുവാനും അനുവാദമില്ല.
ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറുമ്പോൾ ഒരു ഗേറ്റ് മാത്രമാണ് ഫാസ്റ്റ് ടാഗ് ഇല്ലാത്തവർക്കായി തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവർ പ്രവേശിച്ചാൽ ഇരട്ടി തുക നൽകേണ്ടി വരും. അതായത് ഇരുവശത്തേകകുമുളള യാത്രക്ക് ഫാസ്റ്റ് ടാഗ് ഉള്ളവർക്ക് 105 രൂപയാണെങ്കിൽ ഇവർ 210 രൂപ നൽകേണ്ടിവരും. അതേസമയം, ഇപ്പോൾ 20 ശതമാനം വാഹനങ്ങൾ മാത്രമെ ഫാസ്റ്റ് ടാഗിലേക്ക് മാറിയിട്ടുളളു. ടോൾ പ്ലാസകളിൽ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്.
ടാഗ് ക്ലോണിംഗ്
പറ്റിക്കലിൽ ഏറ്റവും പ്രധാനപ്പെട്ടത് ടാഗ് ക്ലോണിംഗ് ആണ്. അതായത് നിങ്ങളുടെ ഫാസ്ടാഗ് വണ്ടിയുടെ ഗ്ലാസിൽ ഒട്ടിച്ചുവച്ചതായതിനാൽ റീഡർ ഉപയോഗിച്ച് പകർത്തി ഡൂപ്ലിക്കേറ്റ് കാർഡ് ഉണ്ടാക്കി മറ്റൊരു വണ്ടിയിൽ ഉപയോഗിക്കാം. പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. ഇത്തരത്തിലുള്ള തട്ടിപ്പ് വിദേശ രാജ്യങ്ങളിൽ പരക്കെ ഉണ്ടായിരുന്നു. അത് ഒഴിവാക്കാനായി വാഹന ഉടമയുടെയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയുമൊക്കെ രേഖകൾ ഉറപ്പാക്കി കെവൈസിയിലൂടെയാണ് ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നത്.
ഇത്തരം ഫാസ് ടാഗുകളുടെ ഉപയോഗം തടയാൻ ഒരേ കാർഡ് നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ള ടോൾ ബൂത്തുകളിൽ ഒരേ സമയം ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ടാഗ് ബ്ലോക്ക് ചെയ്യപ്പെടും. തുടർന്ന് പരാതികൾ ഉണ്ടാകുമ്പോൾ കാമറ ദൃശ്യങ്ങൾ പ്രശ്നപരിഹാരത്തിനായി ഉപയോഗപ്പെടുത്തുന്നു. ഫാസ്ടാഗുകൾ നിർബന്ധമാകുന്നതോടെ അതിനോടനുബന്ധിച്ച് വലിയ തോതിലുള്ള പരാതികളും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തീർച്ച. കാരണം നിലവിൽ വളരെ ചെറിയൊരു ശതമാനം വാഹനങ്ങൾ മാത്രമേ ഇത് ഉപയോഗപ്പെടുത്തുന്നുള്ളൂ.