മലയാളം ഇ മാഗസിൻ.കോം

ചോദ്യചിഹ്നമാകുന്നത്‌ കെ എം മാണി, റെക്കോർഡ്‌ വിജയം നേടിയിട്ടും ഇടതു പക്ഷത്ത്‌ തമ്മിലടി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരള സമൂഹത്തിലെ കൃത്യമായി നിരവധി പ്രവണതകളെ അടയാളപ്പെടുത്തുന്നുണ്ട്. ജാതി രാഷ്ടീയത്തിന്റെ എല്ലാ സാധ്യതകളെയും ഒപ്പം പാർട്ടി മെഷിനറിയുടെ കരുത്തും സി.പി.എം നല്ല പോലെ വിനിയോഗിച്ചു.അത് ഫലം വന്നപ്പോൾ പ്രതിഫലിക്കുകയും ചെയ്തു.

\"\"

ഹൈന്ദവ മേഖലയിൽ സ്വാധീനമുള്ള രണ്ടുപേർ മൽസരിക്കുമ്പോൾ ആ വോട്ടുകൾ ഭിന്നിച്ചു പോകുമെന്നു മനസ്സിലാക്കിക്കൊണ്ട് ക്രൈസ്തവനായ സജി ചെറിയാനെ സി.പി.എം സ്ഥാനാർഥിയാക്കി. തുടർന്ന് മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൂടെ ഏകീകരിക്കുന്നതിനായി യു.ഡി.എഫ് സ്ഥാനാർഥി ഡി.വിജയകുമാർ അയ്യപ്പസേവാ സംഘത്തിന്റെ ചുമതലക്കാരനായിരുന്നു. ഇത് പണ്ട് കോൺഗ്രസ് നേതാക്കളാൽ രൂപീകരിക്കപ്പെട്ട സംഘടനയാണ്.

എന്നാൽ വിജയകുമാർ ആർ.എസ്.എസ് അനുകൂല സംഘടനയുടെ ആളാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ഉള്ളവർ പ്രചരിപ്പിച്ചത്. ഇടത് പക്ഷത്തിനു ലഭിക്കുന്ന ഹിന്ദുവോട്ടുകൾ ജാതിക്കതീതമായി രാഷ്ടീയമായി രേഖപ്പെടുത്തും എന്ന പ്രവണത സുവ്യക്തമാണ്.ആ പരീക്ഷണം ഫലം കാണുകയും ചെയ്തു. അതോടൊപ്പം കോൺഗ്രസ് സ്ഥാനാർഥിക്ക് താഴെ തട്ടിൽ സ്വന്തം പാർട്ടിയിൽ നിന്നു പോലും വേണ്ടത്ര പിന്തുണ ലഭിക്കുകയും ചെയ്തില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ പോലും സജി ചെറിയാൻ ലീഡ് നേടി.

\"\"

എൻ.എസ്.എസ് പരസ്യമായ പ്രഖ്യാപനം നടത്തിയില്ലെങ്കിലും അവർ ഇടത് ചേരിക്കൊപ്പം നിന്നു. അതേ സമയം എസ്.എൻ.ഡി.പി യോഗം ജറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്ത്രപൂർവ്വം തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. സമുദായത്തിനു ഗുണം ചെയ്യുന്നവർക്ക് വോട്ട് നൽകും എന്നായിരുന്നു അത്. ഈഴവ സമുദായത്തിനു നിർണ്ണായക സ്വാധീനമുള്ള മേഖയിൽ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിനു അനുകൂലമായി വോട്ട് മറിച്ചു നൽകുകയും ചെയ്തു. ബി.ജെ.ഡി.എസ് എൻ.ഡിഎയുടെ ഭാഗമാണെങ്കിലും അവർക്ക് നൽകാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങൾ നൽകാത്തതിനെ തുടർന്ന് അവർ പിണങ്ങി.

ഇത് എൻ.ഡി.എക്ക് ക്ഷീണം വരുത്തി. അഡ്വ.ശ്രീധരൻ പിള്ളയെന്ന മികച്ച സ്ഥാനാർഥിയെ ആണ് ബി.ജെ.പി മൽസര രംഗത്ത് ഇറക്കിയതെങ്കിലും ഗ്രൂപ്പ് പോരിന്റെ ഭാഗമായി വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. പല പ്രധാന ബി.ജെ.പി കേന്ദ്രങ്ങളിലും സി.പി.എം സ്ഥാനർഥിക്ക് മുൻ തൂക്കം ലഭിച്ചു. എങ്കിലും മുപ്പത്തയ്യായിരത്തിൽ പരം വോട്ട് നേടികൊണ്ട് മോശമല്ലാത്ത പ്രകടനം അഡ്വ. ശ്രീധരൻ പിള്ള കാഴ്ചവച്ചു.

\"\"

വിലപേശൽ രാഷ്ടീയത്തിൽ മാണിയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നത് ഒരു പ്രധാന സംഗതിയാണ്. യു.ഡി.എഫ് വിട്ട് പുറത്ത് വന്നശേഷം ഒരുമുന്നണിക്കും പിന്തുണ നൽകാതെ നിൽക്കുകയായിരുന്നു മാണി. അതേസമയം ഇടതുപക്ഷത്തോടൊപ്പം നിൽക്കും എന്ന പ്രതീതി നിലനിർത്തി പല പരാമർശങ്ങളും മാണി കോൺഗ്രസിൽ നിന്നും വന്നുകൊണ്ടിരുന്നു.

സി.പി.എമ്മിനു മാണിയെ ഒപ്പം കൂട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സി.പി.ഐയുടെ ശക്തമായ എതിർപ്പ് അതിനു തടസ്സമായി. കൂടാതെ മാണിഗ്രൂപ്പിന്റെ ഭാഗമായ പി.ജെ. ജോസഫ് വിഭാഗവും എൽ.ഡി.എഫ് പ്രവേശനത്തെ എതിർത്തു. പാർട്ടി പിളരും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ മാണിക്ക് മറ്റു നിർവ്വാഹം ഇല്ലാതാവുകയായിരുന്നു.

വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കും ഒപ്പം കുഞ്ഞാലിക്കുട്ടി പാർളമെന്റിലേക്കും മൽസരിച്ചപ്പോൾ അദ്ദെഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. ചെങ്ങനൂരിൽ അവസാന നിമിഷം വരെ നയം വ്യക്തമാക്കാതെ പരമാവധി വിലപേശൽ നടത്തി ഒടുവിൽ യു.ഡി.എഫിനു പിന്തുണ നൽകുകയായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കേരള കൊൺഗ്രസ് ഭരിക്കുന്ന തിരുവൻ വണ്ടൂരിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാണിയുടെ അവകാശവാദങ്ങൾ എല്ലാം അവിടെ തകർന്നു തരിപ്പണമായി.

\"\"

ബാർ കോഴക്കേസിൽ കുറ്റവിമുക്തനായെങ്കിലും മാണിയുടെ ജനപിന്തുണയിൽ കാര്യമായ ഇടിവ് വന്നു എന്ന് ഇത് വ്യക്തമാക്കുന്നു. അതോടൊപ്പം പ്രാദേശികമായി മാണിയുടെ പാർട്ടിയിലെ വലിയ ഒരു വിഭാഗം എൽ.ഡി.എഫിനു വോട്ടു ചെയ്തു എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്ത്യൻ വോട്ടുകൾ നിർണ്ണായകമായ മണ്ഡലത്തിൽ മാണിക്കോ ഉമ്മൻ ചാണ്ടിക്കോ കാര്യമായ ചലനം സൃഷ്ടിക്കുവാൻ സാധിച്ചില്ല എന്നത് വരും തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ലോക്കപ്പ് മരണങ്ങൾ ഉൾപ്പെടെ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ഭരണപരമായ വീഴ്ചകളും മൂലം വലിയ തോതിൽ സമ്മർദ്ദം നേരിടുകയാണ് എൽ.ഡി.എഫ് സർക്കാർ. ഈ അവസരത്തിൽ അതിനെ വോട്ടാക്കി മാറ്റുന്നതിൽ യു.ഡി.എഫും, എൻ.ഡി.എയും പരാജയപ്പെട്ടു എന്ന് വേണം കരുതുവാൻ.

ഏറ്റവും ഒടുവിൽ കെവിൻ എന്ന ദളിത് ക്രൈസ്തവയുവാവിനെ ഭാര്യവീട്ടുകാർ ക്രൂരമായ അഭിമാനകൊലക്ക് വിധേയമാക്കിയതിന്റെ വാർത്തകൾ പുറത്തുവരുന്നതെ തെരഞ്ഞെടുപ്പ് ദിവസമായിരുന്നു എന്നാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ യാതൊരു വിധത്തിലും സ്വാധീനിച്ചില്ല. ദളിത് ക്രൈസ്തവൻ എന്നതിനു പകരം മറ്റേതെങ്കിലും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട വ്യക്തിയായിരുന്നു എങ്കിൽ ഫലം ഒരു പക്ഷെ വ്യത്യസ്ഥമാകുമായിരുന്നു.

\"\"

അതേ സമയം ഇടതു പക്ഷം മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും പാളയത്തിൽ പട എന്നതിനു തുല്യമായി മാണിയെക്കുറിച്ചുള്ള വാക്‌ പോരുകൾ. ഇത്‌ മാണിയില്ലാതെ ഇടതു പക്ഷം നേടിയ വിജയമെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജെന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്‌.

\"\"

കാനം രാജേന്ദ്രന്റെ പ്രസ്താവന എൽ ഡി എഫിന്റെ നന്മയെക്കരുതി അല്ലെന്നും ആരെയോ പ്രതിരോധിക്കാൻ ശ്രമിക്കാനെന്നപോലെയാണെന്നും പിണറായി വിജയൻ പറഞ്ഞു. മാണി ഇല്ലാതെയാണ് കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിൽ എൽ ഡി എഫ്‌ വിജയിച്ചതെന്നും കാനം ഇടയ്ക്കിടെ മാണിയുടെ കാര്യം പറയേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണനും തുറന്നടിച്ചു.

എന്നാൽ ചെങ്ങന്നൂരിലെ വിജയിച്ച സ്ഥാനാർത്ഥി സജി ചെറിയാൻ പറഞ്ഞത്‌ മാണിയുടെ മനസ്‌ തനിക്കൊപ്പം ആയിരുന്നുവെന്നും കോൺഗ്രസിന്റെ തോൽവി മാണിയുടെ പരാജയമായി കാണാൻ ആകില്ലെന്നും ആയിരുന്നു.

എസ്‌.കെ. പൊളിറ്റിക്കൽ ഡെസ്ക്‌

Avatar

Staff Reporter