മലയാളം ഇ മാഗസിൻ.കോം

മോഹൻലാൽ ചിത്രത്തിലെ സൂപ്പർ വില്ലൻ ഷൂട്ടിംഗിനു മണിക്കൂറുകൾക്ക്‌ മുൻപ്‌ ‘മുങ്ങി’, പിന്നീട്‌ സംഭവിച്ചത്‌ ചരിത്രം

എവർഗ്രീൻ സൂപ്പർ ഹിറ്റ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മലയാളി പ്രേക്ഷകർ ഇന്നും നെഞ്ചേറ്റി വച്ചിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് കിരീടം. സേതുമാധവൻ എന്ന മോഹൻലാലിന്റെ കിരീടത്തിലെ അനശ്വര കഥാപാത്രത്തെ ഇന്നും സ്ക്രീനിൽ കാണുമ്പോൾ മതിമറന്നു കണ്ടു നിൽക്കാറുണ്ട് പലരും.

ലോഹിതദാസ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച് സിബി മലയിൽ സംവിധാനവും കൃഷ്ണകുമാറും ദിനേശ് പണിക്കരും കൂടി നിർമ്മാണവും നിർവഹിച്ച അത്യുജ്വല ചിത്രം ആയിരുന്നു കിരീടം. നായക പ്രാധാന്യം ഉള്ള ഒരു ചിത്രം എന്നൊരിക്കലും കിരീടത്തെ വിശേഷിപ്പിക്കുവാനും സാധിക്കില്ല, കാരണം മോഹൻലാലിന്റെ നായക കഥാപാത്രത്തോളം പ്രാധാന്യം മോഹൻരാജ് അവതരിപ്പിച്ച വില്ലൻ ആയ കീരിക്കാടൻ ജോസ് ഉൾപ്പെടെ ഉള്ള എല്ലാ കഥാപാത്രത്തിനും ഈ ചിത്രത്തിൽ ഉണ്ട്.

ഓരോ തവണ കിരീടം മാറി മാറി കാണുമ്പോഴും മലയാളികൾ മനസിൽ ഉറപ്പിക്കുന്ന ഒരു വസ്തുത ഉണ്ട്.., സേതുമാധവൻ എന്ന കഥാപാത്രം ആകാൻ മോഹൻലാലിന് അല്ലാതെ മറ്റാർക്കും സാധിക്കില്ല, അതുപോലെ തന്നെ മോഹൻരാജിനോളം കീരിക്കാടൻ ജോസ് ആകാനും വേറെ ഒരാൾ ഇല്ല എന്ന്. എന്നാൽ വർഷങ്ങൾക്കിപ്പുറം കിരീടത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ ആയ ദിനേശ് പണിക്കർ കിരീടം ചിത്രത്തെകുറിച്ച് അധികമാർക്കും അറിയാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

“കിരീടത്തിലെ കീരിക്കാടൻ ജോസ് ആകാൻ ആദ്യം ഉദ്ദേശിച്ചിരുന്ന നടൻ അഡ്വാൻസും വാങ്ങി ഷൂട്ട് തുടങ്ങുന്ന ദിവസം പിന്മാറിയപ്പോഴാണ് ആ വേഷം ചെയ്യാൻ മോഹൻരാജെത്തുന്നത്”. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ കിരീടത്തെ കുറിച്ചും ക്ലൈമാക്സ് രംഗങ്ങളെ കുറിച്ചും അവതാരക ചോദിക്കുന്നതിനിടയിലാണ് ദിനേശ് പണിക്കർ ഇതു വെളിപ്പെടുത്തിയത്. ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങിനെ..,

” ലോഹിതദാസ് ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കി കൊണ്ടുവന്നപ്പോൾ ചിത്രത്തിന്റെ പേര് “മുൾക്കിരീടം” എന്നായിരുന്നു. അതൊരു നെഗറ്റീവ് ഫീലായി തോന്നിയത് കൊണ്ട് മാറ്റി കിരീടം എന്നാക്കി. ലോഹിതദാസിന്റെ തിരക്കഥയുമായി ഞാനും സിബി മലയിലും എല്ലാം കൂടി മോഹൻലാലിനെ കാണുവാൻ പോയി. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു തീർന്നിട്ടും ലാലിന്റെ മുഖത്തു ഒരു ഭാവഭേദങ്ങളും ഉണ്ടാവുന്നില്ല. ലാൽ ഒന്നും മിണ്ടാതിരുന്നപ്പോൾ ക്ഷമ നശിച്ച് ഞങ്ങൾ അങ്ങോട്ട് ചോദിച്ചു, ‘ലാലിന് സ്ക്രിപ്റ്റിൽ എന്തെങ്കിലും സജെഷൻ ഉണ്ടെങ്കിൽ പറയണം’.

പക്ഷെ ലാലിന് ഞങ്ങളോട് ചോദിക്കുവാൻ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു.., “ആരാണ് വില്ലൻ?”. സത്യത്തിൽ അതുവരെ ഞങ്ങൾ വില്ലനെ തീരുമാനിച്ചിരുന്നില്ല. ആകെ മനസിൽ ഉണ്ടായിരുന്ന ഒരു ആശയം അക്കാലത്തെ വില്ലൻ വേഷങ്ങളിൽ സൂപ്പർഹിറ്റ് ആയിരുന്ന പ്രതീഷ് ശക്തിയുടെ പേര് ആയിരുന്നു. പെട്ടെന്ന് തന്നെ ലാലിനോട് ആ പേര് പറഞ്ഞു. ലാലിനും മറ്റുള്ളവർക്കും എല്ലാം പ്രതീഷ് ഒക്കെ ആയിരുന്നു., കാരണം പ്രതീഷിന്റെ ലുക്ക് ഞങ്ങൾ എഴുതി ചേർത്ത കീരിക്കാടൻ ജോസിന് അനുയോജ്യമായ ഒന്നായിരുന്നു.

പിന്നീട് പ്രതീഷിനെ കണ്ട് 25000 രൂപ അഡ്വാൻസ് കൊടുത് എല്ലാം പറഞ്ഞുറപ്പിച്ചു. തമിഴിലും തെലുങ്കിലുമായി പ്രതീഷ് കത്തി നിൽക്കുന്ന സമയം ആയിരുന്നു അന്ന്. ഷൂട്ടിന്റെ രണ്ടു ദിവസം മുൻപ് ആയിട്ടും പ്രതീഷ് വന്നില്ല. ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ ഭാര്യ പറഞ്ഞു അങ്ങോട്ട് വരും എന്ന് പറഞ്ഞിരുന്നു വന്നില്ലേ, വിജയവാഡ എവിടെയോ പോയിരിക്കുകയാണ് എന്നൊക്കെ.

മോഹൻലാൽ ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ആശയക്കുഴപ്പത്തിൽ ആയി. മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു വില്ലൻ കഥാപാത്രം ആകാൻ ഇനി ആര് എന്നൊരു ചോദ്യവുമായി ഞങ്ങൾ ടെൻഷൻ അടിച്ചു നിൽക്കുമ്പോൾ അന്ന് അസോസിയേറ്റ് ആയിരുന്ന കലാധരൻ ഒരു അഭിപ്രായം പറഞ്ഞു.

എന്റെ അറിവിൽ ഒരാൾ ഉണ്ട്, കണ്ടു നോക്കി ഇഷ്ടപ്പെടുവാണേൽ സെലക്ട് ചെയ്താൽ മതി. അതുവരെ ആരോടും പറയണ്ട. അങ്ങിനെ എന്നെ കാണാൻ ഒരാൾ എത്തി, നല്ല പൊക്കവും അതിനൊത്ത വണ്ണവും ഒക്കെയുള്ള ഒരു മോഹൻരാജ് എന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ. കണ്ടമാത്രയിൽ തന്നെ മറ്റൊന്നും ആലോചിക്കാൻ ഇല്ലാതെ ഒക്കെ പറഞ്ഞു, മുടിവെട്ടി താടിയും മീശയും ഒക്കെ ഞങ്ങളുടെ ഭാവനയ്ക്ക് ആക്കിയപ്പോൾ മോഹൻരാജ് കീരിക്കാടൻ ജോസായി.., മലയാളിപ്രേക്ഷകർ ഇന്നും ഓർക്കുന്ന പ്രീയപ്പെട്ട വില്ലൻ ആയി.”

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor