ബിഹാറിലും പശ്ചിമബംഗാളിലും അജ്ഞാതരോഗം ബാധിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് കാരണമായത് മധുരത്തിന് പിന്നിൽ വിഷമൊളിപ്പിച്ച ലിച്ചിപ്പഴങ്ങൾ തന്നെയെന്ന് പഠനം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലിച്ചിപഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഹൈപോഗ്ലൈസിൻ എയുടെ വകഭേദമായ മീഥൈലിൻ സൈക്ലോ പ്രൊപ്പെയിൽ ഗ്ലൈസിനാ(എംസിപിജി)ണ് മരണത്തിനിടയാക്കുന്നത്. ഈ രാസവസ്തുവിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴാനിടയാക്കുകയും അതുവഴി മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ മസ്തിഷ്കത്തിന് ആവശ്യമായ അളവിൽ ഗ്ലൂക്കോസ് ലഭിക്കാത്ത അവസ്ഥയുണ്ടാകും. എന്നാൽ ഈ രാസവസ്തു നന്നായി പാകമായ ലിച്ചിപഴങ്ങളിൽ കാണാറില്ല
ലിച്ചി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ബിഹാറിലെ മുസാഫർപൂർ മേഖലയിലാണ് ഏറ്റവുമധികം കുട്ടികൾ മരിച്ചത്. 2014 ൽ മെയ് 26 നും ജൂലൈ 17നും ഇടയിൽ ഇവിടെ 390 കുട്ടികളെ അജ്ഞാതരോഗം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 122 പേരാണ് മരണമടഞ്ഞത്. തുടർന്നുള്ള ഓരോവർഷവും സമാനമായ രീതിയിൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങളുള്ള രോഗാവസ്ഥയാണ് കുട്ടികളിൽ കണ്ടെത്തിയത്. എന്നാൽ മരണകാരണം എന്തെന്ന് കണ്ടെത്താൻ സാധിക്കാത്തത് രാജ്യമെങ്ങും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ബംഗാളിലും സമാനമായ സംഭവമുണ്ടായി. പിന്നീട് ലിച്ചി പഴങ്ങളിലെ വിഷാംശമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. തുടർന്ന് അമേരിക്കൻ ഏജൻസിയുമായി ചേർന്ന് കൂടുതൽ പഠനം നടത്തുകയായിരുന്നു. ന്യൂയോർക്കിൽ നിന്നിറങ്ങുന്ന ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗം ബാധിച്ച 300 ലധികം പേരുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് താഴ്‌ന്ന നിലയിലാണെന്ന് കണ്ടെത്തി. 70 ശതമാനത്തോളം പേരിലും എംസിപിജി അല്ലെങ്കിൽ ഹൈപോഗ്ലൈസിൻ എ കണ്ടെത്തിയിരുന്നു. പ്രദേശത്തെ ചൂടേറിയ കാലാവസ്ഥ, പോഷകാഹാരക്കുറവ്, കീടനാശിനി പ്രയോഗം എന്നിവയും രോഗാവസ്ഥ ഗുരുതരമാക്കി. നന്നായി പഴുത്തവയിൽ ഈ ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകില്ല. കൂടാതെ മറ്റ് ഭക്ഷണമൊന്നും കഴിക്കാതെ ലിച്ചിപ്പഴം മാത്രം കഴിച്ചവരിലാണ് അജ്ഞാത രോഗാവസ്ഥ ഉണ്ടായിരിക്കുന്നതെന്നും പഠനത്തിൽ വ്യക്തമായി.
മുസാഫർപൂരിൽ പോഷകാഹാരക്കുറവാണ് മരണസംഖ്യ കൂടുന്നതിനിടയാക്കിയത്. നന്നായി ആരോഗ്യം ഉള്ള കുട്ടികളിൽ ഇത് കാര്യമായ രോഗാവസ്ഥ സൃഷ്ടിക്കാറില്ല, അവരുടെ ശരീരത്തിൽ ഉള്ള ഗ്ലൂക്കോസിന്റെയും ഗ്ലൈക്കൊജന്റെയും അളവ് ഇത് കഴിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുന്നതായിരിക്കും. രാജ്യത്തെ ലിച്ചി കൃഷിയിൽ 70 ശതമാനവും ബിഹാറിലാണ്. ദൂരൂഹമരണങ്ങളുടെ കാരണമാണ് ഈ മധുരമെന്ന് തെളിഞ്ഞതോടെ ഇതിനോടകം രാജ്യത്ത് പലയിടങ്ങളിലും ലിച്ചി പഴങ്ങളുടെ വിൽപന തദ്ദേശസ്ഥാപനങ്ങൾ തടഞ്ഞിട്ടുണ്ട്.