ഫേസ്ബുക്കിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുത്തിടൽ ട്രെൻഡ് ആരംഭിച്ചിരിക്കുകയാണ്. എല്ലായിടത്തും കുത്തുമയമാണ്. എന്നാൽ, ഇങ്ങനെ കുത്തിയിട്ട് എന്തെങ്കിലും ഗുണമുണ്ടോ? കുത്തിട്ടത് കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമില്ല എന്നതാണ് വാസ്തവം. എന്താണ് ഇതിന് പിന്നിലെ സത്യം?
കുത്ത് പോസ്റ്റുകൾ വീണ്ടും രംഗപ്രവേശം ചെയ്യുന്നതിലൂടെ ഫേസ്ബുക്ക് ആൽഗോരിതത്തെയാണ് എല്ലാവരും പഴിചാരുന്നത്. എന്താണ് ഈ അൽഗോരിതം എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന നിർദ്ദേശം മാത്രമാണ് അൽഗോരിതം. അതായത് ഏതൊക്കെ പോസ്റ്റ് ആളുകൾ കാണണം, എങ്ങനെയുള്ള പോസ്റ്റുകൾ ഒളിച്ചുവയ്ക്കണം , എന്നൊക്കെ ഫേസ്ബുക്ക് ഒരിടത്ത് എഴുതി വച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഈ അൽഗോരിതം പലവട്ടം കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. മുമ്പ് പ്രതികരിച്ച പോസ്റ്റുകളുടെ സ്വഭാവം വച്ച് ഒരു പോസ്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അൽഗോരിതം തീരുമാനിക്കും.

താൽപര്യമില്ലാത്ത കാര്യം നിങ്ങളെ കാണിക്കാൻ ഫേസ്ബുക്കിനും ഒരു താൽപര്യവുമില്ല. ഒരു കുറിപ്പാണ് പോസ്റ്റ് ചെയ്തതെങ്കിൽ അതിന്‍റെ നീളവും അതിലെ ഉള്ളടക്കവും വച്ചായിരിക്കും പ്രവചനം. നീണ്ട പോസ്റ്റുകൾ വായിച്ചുപോലും നോക്കാത്തയാളാണെങ്കിൽ അത്തരം പോസ്റ്റുകൾ നിങ്ങളിലേക്കെത്തിക്കാൻ ഫേസ്ബുക്കും ശ്രമിക്കില്ല. സിനിമ കാണാൻ ഇഷ്ടമുണ്ടെന്ന് മനസിലായാൽ സിനിമ പോസ്റ്റുകൾ നിറയുന്നതും, ടെക് ഇഷ്ടപ്പെടുന്നവർക്ക് ആ പോസ്റ്റുകൾ കൂടുതലെത്തുന്നതും ഇങ്ങനെയൊക്കെയാണ്. ലൈക്കടിക്കാനും കമന്റടിക്കാനും മുഴുവൻ വായിക്കാനും എത്രത്തോളം സാധ്യതയുണ്ടെന്ന് അളക്കാൻ ഫേസ്ബുക്കിന് നിങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. അത് കൊണ്ട് കുത്തിട്ടൊന്നും ഫേസ്ബുക്കിനെ പറ്റിക്കാനാവില്ല.
കുത്തും കോമയും.. പിന്നെ ഫേസ്ബുക്ക് അൽഗോരിതവും, ആശങ്കകൾ അടിസ്ഥാനരഹിതം: കേരള പൊലീസ്
“ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും..!” പുതിയ ഫേസ്ബുക്ക് അൽഗോരിതം മൂലം ഒറ്റപ്പെടാൻ ചാൻസ് ഉണ്ടെന്ന ചിന്തയിൽ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. “കേശുമാമൻ സിൻഡ്രോം” എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിൻഡ്രോം . ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.

ഒരാളുടെ ഇഷ്ട വിഷയങ്ങൾ അടങ്ങിയ പോസ്റ്റുകൾ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യുന്നവയിൽ ജനപ്രീതി നേടിയവ ആദ്യം കാണുവാൻ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫെസ്ബൂക് അൽഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റിൽ നമുക്ക് മറുപടി തരുന്നവർ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാൽ പിന്നീടുള്ള പോസ്റ്റുകൾ ഒരു പക്ഷേ അവർ കാണണമെന്നില്ല.
2018 മുതൽ ഫേസ്‌ബുക്ക് അൽഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളിൽ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുൻഗണന പ്രകാരം ഈ അൽഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അൽഗോരിതത്തിലെ ഇത്തരം മുൻഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. അതിനാൽ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകൾ നമ്മൾ എന്നും കാണണമെന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കൽ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020 ലും വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ഇടവിട്ടിടവിട്ട് ഫെയ്‌സ്‌ബുക്കിൽ കറങ്ങിനടക്കുന്ന മെസ്സേജ് ആണിത്. ഒരിടവേളക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടും.
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാൻ കൊല്ലം ജില്ലയിലെ കർഷകൻ, അത് മാത്രമല്ല കാണാം സമ്മിശ്ര കൃഷിയിടം