ഇന്ന് കേരളം ഉറ്റു നോക്കുന്നത് രണ്ടു പ്രധാന കേസുകളെ സംബന്ധിച്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ യും സൂപ്പർ താരം ദിലീപിന്റെയും “കരിയറിലെ” നിർണ്ണായകമായ രണ്ടു കേസുകളുടെ നടപടികൾ പുരോഗമിക്കുകയാണ്. പതിറ്റാണ്ടിലേറെയായി പിണറായി വിജയന്റെ രാഷ്ടീയ ജീവിതത്തിലെ ഒരു കരിനിഴലായി കിടക്കുന്നു എസ്.എൻ.സി ലാവ്ലിൻ കേസ്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രൽഭനായിരുന അഭിഭാഷകൻ എം.കെ.ദാമോദരൻ ആയിരുന്നു ആ കേസ് കൈകാര്യം ചെയ്തിരുന്നത്. അദ്ദെഹത്തിനു ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോൾ സുപ്രീം കോടതിയിൽ നിന്നും രാജ്യത്തെ ഏറ്റവും “വിലപിടിപ്പുള്ള” അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവയെ തന്നെ കളത്തിലിറക്കി പിണറായി. വിചാരണ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉള്ളവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കോടതി നടപടിക്കെതിരെ സി.ബി.ഐ നല്കിയ പുന:പരിശോധനാ ഹർജിയിൽ ഇന്ന് വിധിപറയുവാൻ വെച്ചിരിക്കുകയണ്.
സഹപ്രവർത്തകയും പ്രശസ്തയുമായ നടിയെ തട്ടിക്കൊണ്ടു പോയി കാറിവച്ച് പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടാണ് നടൻ ദിലീപ് ജയിൽ വാസം അനുഷ്ഠിക്കുന്നത് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലെ വാദം ഇന്നലെയും ഇന്നുമായി നടക്കുകയാണ്. ദിലീപിനായി ഹാജരാകുന്നത് പ്രശസ്ത അഭിഭാഷകൻ അഡ്വ. രാമൻ പിള്ളയാണ്.മണിക്കൂറുകൾ നീളുന്ന വാദമാണ് നടന്നു കൊണ്ടിരിക്കുന്നത്
ഇത്തരത്തിൽ പ്രതികൾ വമ്പന്മാരാകുമ്പോളും വിവാദമായ കേസുകളാകുമ്പോളും അതിന്റെ നിയമപോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമാകാകു സ്വാഭാവികം. സൗമ്യവധക്കേസും, ജിഷവധക്കേസും, ആറന്മുള വിമാനത്താവളക്കേസും, ലാവ്ലിൻ കേസുമെല്ലാം ഇത്തരത്തിൽ ശ്രദ്ധേയമായവ. കക്ഷികൾക്ക് മാത്രമല്ല കേസുവാദിക്കുന്ന വക്കീലന്മാർക്കും ഇത്തരം കേസുകൾ വലിയ പ്രാധാന്യമുണ്ട്.
അഭിഭാഷക വൃത്തി ആരംഭിച്ച അധിക വർഷങ്ങൾ ആകുമ്പോഴേക്കും ആറന്മുളകേസിൽ അഡ്വ.ഹരീഷ് വാസുദേവ് നേടിയ വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു കെ.ജി.എസിനു വേണ്ടി മദ്രാസിലെ ഹരിത ട്രിബ്യൂണലിൽ ഹാജരായത്. അദ്ദേഹത്തിനു താരതമ്യേന ജൂനിയറായ ഹരീഷിനു മുമ്പിൽ തോൽവി സമ്മതിക്കേണ്ടിവന്നു.
സൗമ്യവധക്കേസ് പ്രതി ഗോവിന്ദചാമിയുടെ വക്കാലത്തേറ്റെടുക്കുവാൻ വമ്പൻ വക്കീലന്മാർ പലരും താല്പര്യം കാണിച്ചില്ല എന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിലായിരുന്നു ബി.എ.ആളൂരിന്റെ “മാസ് എണ്ട്രി”. വിമർശനങ്ങളും പരിഹാസങ്ങളും ഏല്ക്കേണ്ടിവന്നു എങ്കിലും കൊലക്കയറിൽ നിന്നും ഗോവിന്ദചാമിയെ ഊരിക്കൊണ്ടുവന്ന ആളൂരിന്റെ പ്രൊഫഷണൽ മികവ് ഞെട്ടിച്ചതു പൊതു സമൂഹത്തെ മാത്രമല്ല നിയമവൃത്തങ്ങളെ കൂടെയാണ്.
നിയമത്തിന്റെ തലനാരിഴ കീറിക്കൊണ്ടുള്ളതും വിചിത്രങ്ങളുമായ വാദങ്ങളും തെളിവുകളും നിരത്തപ്പെടുന്ന ഇത്തരം കേസുകൾ നിയമ വിദ്യാർഥികൾക്കും മികച്ച റഫറൻസുകളായി മാറും. കേസിൽ പ്രതികൾക്ക് അനുകൂലമാകുന്ന ചെറിയ സംഗതികൾ പോലും അത് വാദിക്കുന്ന അഭിഭാഷകന്റെ താരപദവി ഉയർത്തും. ഒറ്റക്കേസിൽ ഇടപെട്ടത്തോടെ പ്രമാദമായ കേസുകളിൽ ആളൂർ ഇന്ന് പതികളുടെ “പക്ഷത്ത്” പതിവുകാരനാകുന്നു. സൗമ്യവധത്തിനു പിന്നാലെ ജിഷവധക്കേസിൽ പ്രതി അമീറുളിന്റെ അഭിഭാഷകനായും ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് വേണ്ടിയും ഹാജരാകുന്നത് ആളൂരാണ്.
അഭിഭാഷകർ മാത്രമല്ല പൊതു താല്പര്യകേസുകളിൽ ഇന്ത്യയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പേരാണ് നവാബ് രാജേന്ദ്രന്റേത്. മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ ഇന്ത്യൻ നിയമ ചരിത്രത്തിന്റെ ഭാഗമാണ്. മുൻ മുഖ്യമന്ത്രി കരുണാകൻ, മുൻ മന്ത്രി ഗംഗാധരൻ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിറ്റ്നെ നിയമപോരാട്ടങ്ങളിൽ എതിരാളികളായിരുന്നു.
ആളെ കൊന്നാൽ ആയിരം രൂപയും മള്ളൂർ വക്കീലും എന്ന പഴമൊഴി ഇപ്പം ആളൂർ വക്കീലും എന്നായി മാറിക്കൊണ്ടിരിക്കുന്നു. ആയിരത്തിന്റെ സ്ഥാനത്ത് പല ആയിരങ്ങളും അല്ലെങ്കിൽ ലഷങ്ങളും എന്ന വ്യത്യാസം ഉണ്ടെന്നാണ് പറയപ്പെടുന്നത്.