പ്രശസ്തമായ ക്ഷേത്രനഗരിയിൽ ഒരു വില്ലയോ ഫ്ലാറ്റോ എന്നത് ഒരു കാലത്ത് എന്തോ വലിയ കാര്യമാണെന്ന് കരുതിയ ഒരുപാട് മലയാളികൾ ഉണ്ട്. ചിലർക്ക് അത് വല്ലപ്പോഴും താമസിക്കുവാനും ബാക്കി സയമത്ത് വാടകക്ക് നൽകി മുടക്കു മുതൽ തിരിച്ചു പിടിക്കാനായിരുന്നു ആലോചനയെങ്കിൽ മറ്റു ചിലർക്ക് മറിച്ചു വിൽക്കാൻ ആയിരുന്നു ആലോചന.
ആ കാലം മാറിയിരിക്കുന്നു വിപണനത്തിന്റെ പല തന്ത്രങ്ങളും പയറ്റിയിട്ടും ക്ഷേത്രനഗരിയിൽ അനവധി വില്ലകളും ഫ്ലാറ്റുകളുമാണ് വാങ്ങുവാൻ ആളില്ലാതെ പൊടിയും മാറാലയും പിടിച്ച് കിടക്കുന്നത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഫ്ലാറ്റിനു മാന്യമായ വാടകക്ക് പോലും ആളെ കിട്ടാത്ത അവസ്ഥയുമുണ്ടെന്ന് അറിയുമ്പോഴാണ് പരസ്യവാചകങ്ങൾക്കപ്പുറമാണ് യാദാർഥ്യം എന്ന് തിരിച്ചറിയുക. ഫ്ലാറ്റൊന്നിന് അമ്പതു ലഷത്തിനു മുകളിലേക്ക് വില പറഞ്ഞിരുന്നിടത്ത് ഇന്ന് സ്റ്റുഡിയോ ഫ്ലാറ്റ് പതിനഞ്ച് ലക്ഷം മുതൽ 2 ബെഡ്രൂം ഫ്ലാറ്റ് ഇരുപത്തേഴ് ലക്ഷം മുതൽ മുകളിലേക്ക് ഉള്ള തുകക്ക് ലഭിക്കും എന്ന അവസ്ഥയിൽ എത്തി.
പ്രവാസികൾ അയക്കുന്ന പണത്തിലും കള്ളപ്പണത്തിലും കാളക്കൂറ്റനെ പോലെ കൊഴുത്തു നിൽക്കുകയായിരുന്നു കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല. സ്വന്തമായി ഒരു വീട് എന്ന പലരുടേയും സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന വിധമായിരുന്നു ഭൂമിയുടേയും കെട്ടിടങ്ങളുടേയും വില. ചെറു ഗ്രാമങ്ങളിൽ പോലും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാർ പിടിമുറുക്കി. കരാർ എഴുതി പല കൈകൾ മറിഞ്ഞ് പലമടങ്ങ് വില വർദ്ധിച്ചുകൊണ്ട് നടക്കുന്ന കച്ചവടങ്ങൾ പതിവായി.
ചിലയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടി തുടർന്ന് വൻ പ്രോജക്ടുകൾ വരുന്നതായി വാർത്തകൾ പ്രചരിപ്പിച്ച് കൃത്രിമമായി വിലവർദ്ധിപ്പിക്കുന്ന തന്ത്രങ്ങളും നടത്തി. അങ്ങിനെ പലർക്കും മേലനങ്ങാതെ ലക്ഷങ്ങളും കോടികളും സ്വന്തമാക്കുവാനും അത് വഴിവച്ചു. അനർഹമായ പണം പല കൈകളിലും വന്നു ചേർന്നതോടെ അത് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലേക്കും വഴിവച്ചു.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പ്രവാസികളുടെ പങ്കാളിത്തമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ചെറു നഗരങ്ങളിൽ പോലും ഉയർന്നു വന്ന ഫ്ലാറ്റു/വില്ല നിർമ്മാതാക്കളുടെ പ്രധാന ലക്ഷ്യം തന്നെ ഗൾഫ് മലയാളികളായിരുന്നു. സിനിമാ താരങ്ങളും ഗായകരുമെല്ലാം അണിനിരന്ന പരസ്യങ്ങളിലെ മോഹന വാഗ്ദാനങ്ങളിൽ വീണ പലരും വഞ്ചിക്കപ്പെട്ടു.
മണലാരണ്യത്തിൽ വിയർപ്പൊഴുക്കി സമ്പാദിച്ചതും ബാങ്കുകളിൽ നിന്നും കടം വാങ്ങിയതുമായ തുക എന്നെന്നേക്കുമായി നഷ്ടപ്പെടുകയോ കോടതി വ്യവഹാരങ്ങളിൽ കുടുങ്ങുകയോ ചെയ്തു. ഗ്രാമങ്ങളിൽ പോലും വില്ലകൾ നിർമ്മിച്ചു നൽകുന്ന ചെരുകിടക്കാരും സജീവമായിരുന്നു. നിലവാരമില്ലാത്ത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് തുഛമായ ചിലവിൽ നിർമ്മിച്ച വീടുകൾ ലക്ഷങ്ങളുടെലാഭം പറ്റി വില്പന നടത്തി സമ്പന്നരായി പലരും.
പ്രവാസികളെ കൂടാതെ നികുതിവെട്ടിച്ചും ഹവാല വഴിയെത്തിയതുമൊക്കെയായ പണവും ഈ മേഖലയിൽ നിക്ഷേപിക്കപ്പെട്ടു. അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ട് നിരോധനം മൂലം കോടികളുടെ കള്ളപ്പണ ഇടപാടുകൾ പൊടുന്നനെ നിലച്ചു. ഒപ്പം ഗൾഫ് മേഖലയിൽ ഉണ്ടായ പ്രതിസന്ധിയും ചേർന്നതോടെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ നട്ടെല്ല് ഒടിഞ്ഞു.
കയ്യിൽ ഉണ്ടായിരുന്ന വീടോ ഭൂമിയോ വിറ്റ് വീടു വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുന്ന പ്രവണതയും ഉണ്ടായിരുന്നു. എന്നാൽ ക്രയവിക്രയങ്ങൾ കുത്തനെ ഇടിഞ്ഞതോടെ ആ പ്രവണതയും ഇല്ലാതായി. വില്പനക്കായി നിർമ്മിച്ച ധാരാളം ഫ്ലാറ്റുകളും വീടുകളും വാങ്ങുവാൻ ലഭിക്കാത്ത അവസ്ഥയിലാണ്. ലോണെടുത്ത് വീടു നിർമ്മിച്ച പലരും തിരിച്ചടക്കുവാൻ വഴിയില്ലാതെ നെട്ടോട്ടം ഓടുകയാണ് ഇന്നിപ്പോൾ. കേരളത്തിൽ ലക്ഷത്തിനു മുകളിൽ വരുന്നത്രയും വീടുകളും ഫ്ലാറ്റുകളുമാണ് വിൽക്കാനായി വച്ചിരിക്കുന്നതോ വിൽക്കുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നതോ എന്നതാണ് വസ്തുത.
വിൽക്കാനുണ്ട് വാങ്ങാൻ ആളില്ല
വില്പനക്ക് വച്ചിരിക്കുന്ന ഭൂമിയുടെയും ഫ്ലാറ്റ്/വില്ലകളുടേയും എണ്ണം വളരെ വലുതാണ് പക്ഷെ ഉദ്ദേശിക്കുന്ന വിലക്ക് വളരെ താഴെ ഒരു വിലക്ക് പോലും വാങ്ങുവാൻ ആളില്ല എന്നതാണ് അവസ്ഥ. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ട അവസ്ഥ വന്നതോടെ കള്ളപ്പണക്കാർ ആ മെഖലയിൽ നിന്നും മാറി നിന്നു. ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചതും ഒപ്പം പുതുതായി ഗൾഫ് ജോലി തേടിപ്പോകുന്നവരുടെ എണ്ണത്തിൽ വന്ന കുറവും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ ഗണ്യമായി കുറച്ചു. അതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കാര്യങ്ങൾ ഏറെക്കുറെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങി. അത്യാവശ്യക്കാർ മാത്രം വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുന്ന അവസ്ഥ.
2019 ലെ തെരഞ്ഞെടുപ്പിൽ ഇനി അഥവാ നരെന്ദ്ര മോദി സർക്കാർ മാറിയാലും ഉടനെയൊന്നും ഇതിൽ മാറ്റം വരും എന്ന് പ്രതീക്ഷിക്കുവാൻ ആകില്ല. മാത്രമല്ല മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനെ സൂചനയും ഉള്ളതായി അഭ്യൂഹങ്ങൾ പരക്കുന്നുമുണ്ട്. ഡോ. മന്മോഹൻ സിംഗ് ഭരിക്കുന്ന കാലത്ത് ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും ഇന്ത്യ അതിനെ അതിജീവിച്ചു എന്നാൽ ഇന്ന് അതല്ല അവസ്ഥ.
അതിനാൽ തന്നെ ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി കൂടെ സംഭവിച്ചാൽ കേരളത്തിന്റെ സാമ്പത്തിക നില തകർന്നു പോകും. അത്തരം പ്രതിസന്ധികളെ മുൻ കൂട്ടി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ മാറിമാറി വരുന്ന സർക്കാരുകൾ ഒരുങ്ങിയിട്ടില്ല. ശമ്പളവും പലിശയും പെൻഷനുമൊക്കെയാണ് കേരളത്തിന്റെ വരുമാനത്തിന്റെ നല്ല ഒരു പങ്ക് അപഹരിക്കുന്നത്. നേരത്തെ കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങൽ സംഭവിച്ചതു പോലെ മറ്റു മേഖലകളിലേക്കും അത് എത്താൻ ബുദ്ധിമുട്ടുണ്ടാകില്ല.
യു.എ.ഇയിൽ ടു ലെറ്റ് ബോർഡുകൾ വർദ്ധിക്കുന്ന കാഴ്ച കേരളത്തിനു വലിയ ഒരു സന്ദേശമാണ് നൽകുന്നത്. ഇനിയും വിൽക്കാനുള്ള ബോർഡുകൾ ഉയർന്നിട്ടില്ല എങ്കിലും വൈകാതെ അതു സംഭവിക്കും. അതില്ലാതിരിക്കുവാൻ അനാവശ്യമായ ചിലവുകൾ വെട്ടിചുരുക്കുവാൻ ഓരോ കുടുമ്പവും ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ ഭവന നിർമ്മാണങ്ങൾ അത്യന്താപേക്ഷിതമാണെങ്കിൽ മാത്രം നടത്തുക. അതും കൃത്യമായ പ്ലാനിംഗോടെ ചിലവ് പരമാവധി ചുരുക്കിക്കൊണ്ട്. ബാധ്യതകൾ വലിച്ചു കയറ്റി ജീവിതകാലം മുഴുവൻ ഭാരം വലിക്കേണ്ടിവന്ന ഒരു തലമുറ മുമ്പിലുണ്ട്. എന്നാൽ ഇനിയുള്ളവരെ അതിലേക്ക് തള്ളിവിടാതിരിക്കുവാൻ നമുക്കാകും.