മലയാളം ഇ മാഗസിൻ.കോം

കടകൾ തുറക്കും, ആവശ്യമെങ്കിൽ ബസ്‌ ഉണ്ടാകും, മദ്യശാലകൾ തുറക്കില്ല: ഞായറാഴ്ച ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ

സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം കള്ളുഷാപ്പുകൾ നാളെ തുറക്കും. ഹോട്ടലുകളും പഴം – പച്ചക്കറി – പലചരക്ക് – പാൽ, മത്സ്യം – മാംസം എന്നിവ വിൽക്കുന്ന കടകളും രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നൽകാൻ പാടില്ല. കർശന നിയന്ത്രണം നടപ്പാക്കാൻ പരിശോധന കടുപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങൾ കടുപ്പിച്ച പശ്ചാത്തലത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച കെഎസ്‌ആർടിസി സർവീസ് നടത്തുമെന്ന് അറിയിപ്പ്.ആശുപത്രികൾ, റെയിൽവേസ്റ്റേഷനുകൾ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്‌ആർടിസി സർവീസ് നടത്തുക.

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് തുറന്നുപ്രവർത്തിക്കാം. സർക്കാർ സ്വയംഭരണാധികാര സ്ഥാപനങ്ങൾക്കും അന്ന് പ്രവർത്തിക്കാം. കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ യാത്ര ചെയ്യാം. ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം.

ALSO, WATCH THIS VIDEO

Avatar

Staff Reporter