പ്രളയക്കെടുതിയില്‍പ്പെട്ട സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് വരുന്നു. നാല് സിറ്റിംഗ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് ജയിച്ചതും പാലായിലും മഞ്ചേശ്വരത്തും എംഎല്‍എ മാര്‍ ആന്തരിക്കുകയും ചെയ്തതോടെയാണ് കേരളത്തില്‍ ഇത്രയധികം സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാനാണു സാധ്യത. സെപ്തംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം, പാലാ, എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ച ഒന്‍പത് എം.എല്‍.എമാരില്‍ നാല് പേരാണ് വിജയിച്ചത്. അരൂര്‍ എം.എല്‍.എ എം.എം ആരിഫ് ആലപ്പുഴ മണ്ഡലത്തില്‍ നിന്നും എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ എറണാകുളത്ത് നിന്നും കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ.മുരളീധരന്‍ വടകരയില്‍ നിന്നുമാണ് ലഭിച്ചത്.
മഞ്ചേശ്വരത്ത് എം.എല്‍.എ പി.വി അബ്ദുള്‍ റസാഖ് മരിച്ചതിന് പിന്നാലെ, ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാലായില്‍ കെ.എം മാണിയുടെ മരണത്തെ തുടര്‍ന്നുമാണ് തെരഞ്ഞടുപ്പ്. പാലായില്‍ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ പോര്‍വിളിയിലേ വഴിത്തിരിവായിരിക്കും ഉപതിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള അങ്കത്തില്‍ മുന്നണികളെല്ലാം ശക്തി തെളിയിക്കാനുള്ള ശ്രമം നടത്തും. ബിജെപിക്കും ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണ്. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടക്കാൻ പോകുന്നത് സൂപ്പർ പോരാട്ടമെന്ന് സൂചന. ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരൻ തന്നെയാവും സ്ഥാനാർത്തി എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കുമ്മനത്തെക്കൂടാതെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പേരും ഉയർന്നു വരുന്നുണ്ട്. കുമ്മനത്തെ കേന്ദ്ര മന്ത്രി സഭയിൽ ഉൾപ്പെടുത്താതെ കേരളത്തിൽ തന്നെ നിലനിർത്തിയതിനു പിന്നിലും വട്ടിയൂർക്കാവ് മണ്ഡലമാണെന്ന് സൂചനയുണ്ട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ എൽ.ഡി.എഫിനെ പിന്തള്ളി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇതാണ് ബി.ജെ.പിയെ മോഹിപ്പിക്കുന്നത്. നേമത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പി കരുത്തനായ പോരാളിയിലൂടെ വട്ടിയൂർക്കാവും പിടിക്കാനുള്ള ഒരുക്കത്തിലാണ്. കുമ്മനം കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ കെ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കെ മുരളീധരന്റെ വ്യക്തിപ്രഭാവത്തിൽ കുമ്മനം വിജയിക്കാനാകാതെ പോവുകയായിരുന്നു. അതേ സമയം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

അതുകൊണ്ട് തന്നെ ഇടതുമുന്നണി ഇത്തവണ അവരുടെ ഏറ്റവും ജനപ്രിയനായ ഒരു തിരുവനന്തപുരത്തുകാരനെ തന്നെ ഇറക്കാൻ തീരുമാനിച്ചതായാണ് സൂചന. കുമ്മനത്തിന്റെയും യുഡിഎഫിന്റെയും വെല്ലുവിളിയെ മറികടക്കാൻ അതുകൊണ്ട് തന്നെ തിരുവനന്തപുരം നഗരസഭാ മേയർ വി കെ പ്രശാന്തിനെയാണ് ഇടതുമുന്നണി രംഗത്തിറക്കുന്നതെന്ന് സൂചന. യുഡിഎഫ് സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന കഴക്കൂട്ടം വാർഡിൽ നിന്ന് വിജയിച്ച വി കെ പ്രശാന്ത് തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ്. 34 വയസിലാണ് അദ്ദേഹം തിരുവനന്തപുരത്തിന്റെ നഗരപിതാവായി തിരഞ്ഞെടുക്കപ്പെട്ടത്.
വി കെ പ്രശാന്ത് എന്ന ജനകീയനിലൂടെ വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുക്കാനാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. അതേ സമയം മുൻ സ്‌പീക്കർ എം. വിജയകുമാർ, വി. ശിവൻകുട്ടി, ഐ. പി. ബിനു തുടങ്ങിയ പേരുകളും സി.പി.എം പരിഗണിക്കുന്നുണ്ടെന്നാണ് അഭ്യൂഹം. അതേ സമയം സിറ്റിംഗ് സീറ്റ് നിലനിർത്താൻ യു ഡി എഫ് രംഗത്തിറക്കുക അവരുടെ യുവ നേതാവായ പി സി വിഷ്ണുനാഥിനെ ആയിരിക്കുമെന്നാണ് സൂചന.

കൂടാതെ കെ. മുരളീധരന്റെ കോട്ട നിലനിറുത്താൻ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം അഡ്വ. കെ. മോഹൻ കുമാർ, പത്മജ വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. എങ്കിലും എ.ഐ..സി.സി സെക്രട്ടറി പി സി വിഷ്ണുനാഥിന് തന്നെയാണ് നിലവിൽ മുൻഗണന എന്നാണ് സൂചന.