മലയാളം ഇ മാഗസിൻ.കോം

അക്കൗണ്ട്‌ തുറക്കാനായില്ലെങ്കിലും കേന്ദ്രമന്ത്രി സ്ഥാനത്തിനായി കേരളത്തിൽ നിന്ന് ഇവർ 4 പേർ രംഗത്ത്‌, വട്ടിയൂർക്കാവിലും സൂചന ഇങ്ങനെ

ശബരിമല വഴി കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന വ്യാമോഹം നടന്നില്ലെങ്കിലും ബിജെപിയില്‍ കേന്ദ്ര മ്രന്തിസ്ഥാനത്തിന് തമ്മലടി തുടങ്ങി. 2 എംപിമാരും ഒരു മുന്‍ഗവര്‍ണറും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റെങ്കിലും കേരളപ്രാതിനിധ്യത്തിന് മന്ത്രിസഭയില്‍ അംഗത്വം വേണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

എന്നാല്‍ ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും ഒരു സീറ്റ് പോലും നേടാനാകാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ഈ സാഹചര്യത്തില്‍ കേരളത്തിന് പുതിയ സ്ഥാനം നല്‍കാനിടയില്ലെന്നാണ് കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന. എങ്കിലും നിലവിലെ മന്ത്രി സ്ഥാനത്തിനായി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രധാനമ്രന്തിയുടെ പ്രതേ്യക വാത്സല്യം അനുഭിക്കുന്ന ആളെന്നനിലയില്‍ സുരേഷ് ഗോപിയും കച്ചമുറുക്കിക്കഴിഞ്ഞു.

\"\"

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അതിന്റെ പ്രതിഫലം ലഭിക്കേണ്ടതുണ്ട്. വീണ്ടും ഗവര്‍ണര്‍ പദവിയിലെത്തിയില്ലെങ്കില്‍ അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമാകണം എന്നാണ് കുമ്മനം അനുയായികളുടെ താത്പര്യം.

കഴിഞ്ഞതവണ കന്യാകുമാരിയില്‍ നിന്നുള്ള പൊന്‍രാധാകൃഷ്ണന്‍ ആയിരുന്നു കേരളത്തിനും തഴിഴ്‌നാടിനുമായി കേന്ദ്രമന്ത്രിസഭയിലെ സാന്നിധ്യം. അത് കുമ്മനമാകണമെന്നാണ് ഈ വിഭാഗം അവകാശവാദം ഉന്നയിക്കുന്നത്. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തു വന്നെങ്കിലും ശശി തരൂരിനെക്കാള്‍ ബഹുദൂരം പിന്നിലായ കുമ്മനത്തിന് ജനപിന്തുണയില്ലെന്നും മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന് മന്ത്രിസഭാ അംഗത്വം വേണമെന്നുമാണ് മറ്റൊരു കൂട്ടരുടെ അവകാശവാദം.

\"\"

പ്രധാനമന്ത്രിയുടെ പ്രതേ്യക നിര്‍ദ്ദേശപ്രകാരം തൃശൂരില്‍ മത്സരിക്കുകയും വിജയം പ്രതീക്ഷിച്ചിരുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെക്കാള്‍ വോട്ട് നേടുകയും ചെയ്ത സുരേഷ് ഗോപിയും മന്ത്രിയാകാന്‍ കാത്തിരിക്കുന്നു. സംസ്ഥാന നേതൃത്വത്തിലെ ഒരു ഗ്രൂപ്പിനും താത്പര്യമില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ശബരിമല സജീവമാക്കാന്‍ തരംതാണ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി കേന്ദ്രത്തിന്റെ പ്രീതിവാങ്ങിയ സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി.

നിലവില്‍ മന്ത്രിസഭാ അംഗമായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ കേവലം 1,3000 വോട്ട് മാത്രം നേടാനെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ ന്യൂനപക്ഷമുഖമെന്ന നിലയില്‍ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം മാറ്റാനിടയില്ല. അങ്ങനെയെങ്കില്‍ സുരേഷ് ഗോപിയും മുരളീധരനും എംപിമാരായി മാത്രം തുടരേണ്ടി വരും.

\"\"

തിരുവനന്തപുരത്ത്‌ മികച്ച പ്രകടനം കാഴ്ചവച്ച കുമ്മനത്തെ ഗവര്‍ണര്‍ പദവിയിലേക്ക് കൊണ്ടു പോകാതെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. 2016 നിയമസഭാ ഇലക്ഷനിൽ മത്സരിച്ചപ്പോൾ യുഡിഎഫിലെ കെ മുരളീധരനോട്‌ 7622 വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ്‌ കുമ്മനം തോറ്റത്‌. അവിടെ ഇടതുപക്ഷ സ്ഥാനാർത്തി മൂന്നാം സ്ഥാനത്തായിരുന്നു. അതല്ല എങ്കിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ്‌ സുരേഷിനെയും വട്ടിയൂർക്കാവ്‌ മണ്ഡലത്തിലേക്ക്‌ പരിഗണിക്കുമെന്നും സൂചനയുണ്ട്‌.

അതേസമയം തന്നെ മോഡിയില്‍ നിന്നും അമിത്ഷായില്‍ നിന്നും പ്രതേ്യക വാഗ്ദാനങ്ങള്‍ ഉറപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും കേന്ദ്രത്തില്‍ അധികാരത്തിനുള്ള വടംവലിയില്‍ മുന്നിലുണ്ട്. രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറിന് എന്‍ഡിഎ കഴിഞ്ഞ തവണ നേടിയ വോട്ട് പോലും ലഭിച്ചില്ല. പ്രചരണത്തിലും വോട്ടിങ്ങിലും ബിജെപി കാലുവാരിയെന്നാണ് തുഷാര്‍ പറയുന്നത്. വയനാട്ടില്‍ പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടും തുഷാര്‍വെള്ളാപ്പള്ളിക്ക് ലഭിച്ചില്ലെന്നത് ബിജെപി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

\"\"

എന്നാല്‍ താമര ചിഹ്നം ഇല്ലാത്തതുകൊണ്ടാണ് കുറെ വോട്ട് രാഹുല്‍ഗാന്ധിക്ക് പോയതെന്നാണ് ഇവര്‍ പറയുന്നത്. വോട്ടെടുപ്പില്‍ ബിജെപി കാലുവാരിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ബിഡിജെഎസിനെ കൂടെ നിര്‍ത്തണമെങ്കില്‍ തുഷാറിന് വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കിയേ മതിയാകൂ. ബിജെപി കാലുവാരിയതുകൊണ്ടാണ് ബിഡിജെഎസ് മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞത് എന്ന് അവര്‍ പറയുന്നുണ്ടെങ്കിലും ബിഡിജെഎസ് ഒരു ശക്തിയേ അല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി കേരള നേതൃത്വത്തിന്റെ ശ്രമം.

നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ എംപിമാരാണ് ബിജെപിക്കുള്ളത്. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത സംസ്ഥാനത്തു നിന്ന് നാലാമതൊരു രാജ്യസഭാ അംഗത്തെ കൂടി നല്‍കാന്‍ അമിത്ഷാ തയ്യാറാകുമോ എന്ന് കണ്ടറിയണം. സംസ്ഥാന ഘടകത്തിലെ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാകാത്ത സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മറ്റൊരു ഗ്രൂപ്പ് നേതാവ് മാത്രമാണ് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

\"\"

ഈ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്റെ തീരുമാനം കേന്ദ്ര നേതൃത്വം പരിഗണിക്കാനിടയില്ല. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കേരളത്തിലെ കാര്യങ്ങള്‍ അമിത്ഷാ നേരിട്ടാണ് നിയന്ത്രിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത് സംസ്ഥാന നേതൃത്വത്തെ പരിഗണിക്കാതെയാണ്. അതുകൊണ്ടു തന്നെ കേന്ദ്ര മന്ത്രിസഭയിലുള്‍പ്പെടെ അധികാരത്തിനുള്ള നേതാക്കളുടെ ശ്രമം നേരിട്ടാണ് നടക്കുക. ഇതില്‍ ആരെയൊക്കെ പരിഗണിക്കും എന്ന് കണ്ടിരിക്കാനേ സംസ്ഥാന നേതൃത്വത്തിന് കഴിയൂ.

അതേ സമയം കെ സുരേന്ദ്രനും കാസർഗോഡ്‌ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത കാണുന്നില്ല. നിലവിലെ സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ളയ്ക്കെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്‌ തുടങ്ങുന്ന സാഹചര്യത്തിൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിക്കായി ശ്രമിക്കാനാണ്‌ രാഷ്ട്രീയ നിരീക്ഷകർ സാധ്യത കാണുന്നത്‌.

കടപ്പാട്‌: സുരേന്ദ്രൻ കുത്തനൂർ, ജനയുഗം

Avatar

Staff Reporter