പ്രളയകാലത്ത് രാഷ്ടീയ പാർട്ടികളെ സംബന്ധിച്ച് പരമാവധി ജനസമ്മതി നേടാനാവുക സേവന പ്രവർത്തനങ്ങളിലൂടെയാണ്. ഭരണം കൈയ്യിലുള്ള പാർട്ടികൾക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും മറ്റും കൂടുതൽ കയ്യടി നേടാനാകും. നല്ല കാര്യങ്ങൾ ഈത്രയൊക്കെ ചെയ്താലും ജനവിരുദ്ധമായ ഒറ്റ നിലപാട് മതി കാര്യങ്ങൾ തിരിച്ചടിയാകുവാൻ. അതാണിപ്പോൾ ബി.ജെ.പിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
“പ്രളയ ദുരിതം അനുഭവിക്കുന്നവരാണ് ബി.ജെ.പിക്കാർക്ക് പ്രവേശനം ഇല്ല“ എന്ന ഒരു പോസ്റ്റർ കേരളത്തിലെ വീടുകൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ അൽഭുതപ്പെടേണ്ടതില്ല. കത്വ സംഭവം ഉണ്ടായപ്പോൾ ഇവിടെ കുട്ടികളുണ്ട് ബി.ജെ.പിക്കാർ പ്രവേശിക്കരുതെന്ന് ചില വീടുകളുടെ മുമ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് മുമ്പ് വലിയ വാർത്തയായിരുന്നു. പ്രളയ ദുരിതത്തിൽ നട്ടംതിരിയുന്ന മലയാളിയെ വെറുപ്പിക്കും വിധത്തിലുള്ള വാർത്തകളാണ് കേരളത്തിനു കോടികളുടെ സഹായം വാഗ്ദാനം ചെയ്തത് സ്വീകരിക്കുന്നതിൽ എതിർപ്പുമായെത്തിയ കേന്ദ്രസർക്കാരിൽ നിന്നും ഒപ്പം സന്ദർഭത്തിന്റെ ഗൗരവം തിരിച്ചറിയാതെ വിവിധ പ്രചാരണങ്ങളിലൂടെ നവമാധ്യമ സംഘികളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
പ്രളയം മൂലം സ്ഥിതിഗതികൾ അത്യന്തം മോശമായിരിക്കുന്ന കേരളത്തിൽ ഇത്തരത്തിൽ മുന്നോട്ട് പോയാൽ ബി.ജെ.പിക്കാരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലേക്ക് ജനം എത്തും എന്നാണ് സൂചനകൾ. സേവാഭാരതിയും ആർ.എസ്.എസും കർമ്മ നിരതരായി രംഗത്തുള്ളപ്പോഴും ഓൺലൈൻ സംഘികളുടെ പ്രചാരണങ്ങൾ തിരിച്ചടിയാകുകയാണ്. നാട് പൊരുതുമ്പോൾ നടുവിനു ചവിട്ടല്ലേ സംഘികളേ എന്നെല്ലാം നവമാധ്യമങ്ങളിൽ കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബി.ജെ.പിക്ക് വൻ മുന്നേറ്റവും വിജയങ്ങളും ഉറപ്പാക്കണമെന്നാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. എന്നാൽ കേരളത്തിലെ കാര്യങ്ങൾ അനുദിനം വഷളായിക്കൊണ്ടിരിക്കാണ്. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിൽ ഉള്ള അപചയം മൂലം മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഗവർണ്ണറായി പോയതിനെ തുടർന്ന് ഒരു അധ്യക്ഷനെ നിശ്ചയിക്കുവാൻ പോലും ആയില്ല. ഒരു വിധത്തിലാണ് ആ പ്രശ്നങ്ങൾ പരിഹരിച്ച് അഡ്വ.ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കിയതും. എന്നാൽ അധ്യക്ഷസ്ഥാനം ഏറ്റെടുത്തെങ്കിലും സജീവമാകുവാൻ അദ്ദേഹത്തിനു ഇനിയും സാധിച്ചിട്ടില്ല. അതിനിടയിലാണ് കൂനിന്മേൽ കുരു പോലെ കേരളത്തിൽ പ്രളയം വന്നത്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും പ്രളയ സമയത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പട്ടാളത്തിന്റെ സഹായം ഉണ്ടായെങ്കിലും കനത്ത നഷ്ടം നേരിട്ട സംസ്ഥാനത്തിനു പ്രതീക്ഷിച്ച സമ്പത്തിക സഹായങ്ങൾ ലഭിച്ചില്ല. മാത്രമല്ല പല കാര്യങ്ങളിലും സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായ നിലപാടും കേന്ദ്രത്തിൽ നിന്നും വന്നു. അനുവദിച്ച അരിയുൾപ്പെടെ ഉള്ള ധാന്യങ്ങൾക്ക് വില നൽകണം എന്ന നിലപാട് ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പിൻവലിക്കേണ്ടി വന്നത്. പ്രളയദുരന്തത്തിൽ പെട്ട കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ബി.ജെ.പി അനുകൂലികളായവരിൽ നിന്നു പോലും വിമർശനം ഉയർന്നു കഴിഞ്ഞു.
രക്ഷാപ്രവർത്തനങ്ങളിൽ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകർ ഉണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷനോ, സുരേഷ് ഗോപി എം പിയോ ഉൾപ്പെടെ ഉള്ളവർ സജീവമല്ല എന്നതും ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായി ഒരു മഹാപ്രളയം ആഞ്ഞടിച്ചപ്പോൾ ആദ്യം ഒന്ന് പകച്ചുവെങ്കിലും മതവും രാഷ്ടീയവും സംബന്ധിച്ചുള്ള തർക്കങ്ങൾ മാറ്റിവച്ചുകൊണ്ട് മലയാളികൾ ഒറ്റക്കെട്ടായി തന്നെയാണ് അതിനെ നേരിട്ടുകൊണ്ടിരിക്കുന്നത്. രാഷ്ടീയ എതിരാളികളിൽ നിന്നും പോലും പ്രളയത്തെ നേരിടുവാൻ മുഖ്യമന്ത്രി പിണറായി വിജയന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
പ്രധാനമന്ത്രി വന്നപ്പോൾ കേരളത്തിന്റെ പ്രതീക്ഷ വർദ്ധിക്കുകയും ചെയ്തു. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല വിദേശ സഹായം സ്വീകരിക്കുന്നത് ഉൾപ്പെടെ പല കാര്യങ്ങളിലും നിഷേധാത്മാക നിലപാട് എടുക്കുകയും ചെയ്തു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും സംസ്ഥാനനേതൃത്വത്തിനും മലയാളികളുടെ സാഹചര്യം മനസ്സിലാക്കി രാഷ്ടീയ തീരുമാനം എടുക്കുന്നതിൽ വലിയ പാളിച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വലിയ ഒരു വിഭഗം കരുതുന്നത്. ജനങ്ങൾക്കൊപ്പം നിന്ന് പാർട്ടിയുടെ ജനസമ്മതി വർദ്ധിപ്പിക്കുവാനുള്ള അവസരം അനാവശ്യ വിവാദങ്ങളിലൂടെ കേന്ദ്രം നശിപ്പിക്കുകയാണ് എന്ന് പ്രളയ ദുരന്തത്തിന്റെ ഇരകളായ പാർട്ടി അനുഭാവികൾ പോലും കരുതുന്നു.
ജീവിത സമ്പാദ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഭാവിയെന്തെന്ന് പോലും അറിയാതെ നിൽക്കുന്ന അവർക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് വലിയ വില കല്പിക്കുന്ന ആയിരങ്ങൾ കേരളത്തിലെ വിവിധക്യാമ്പുകളിൽ കഴിയുന്നുണ്ട്. സർക്കാരുകൾ വിവിധ സഹായങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതെന്ന് ലഭിക്കുമെന്നൊന്നും ആർക്കും ഒരു നിശ്ചയവുമില്ല. സഹായങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എയർപോർട്ടുകളിൽ അത് ക്ലിയർ ചെയ്യുവാൻ വേണ്ട സഹകരണം ആദ്യം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാാകാതിരുന്നത് വിമർശനത്തിനു വഴിവച്ചു.
ഇപ്പോൾ പുതിയ വിവാദം സംഘടനകളും രാജ്യങ്ങളും നൽകാമെന്നേറ്റ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് സംബന്ധിച്ചാണ്. യു.പി.എ സർക്കാരിന്റെ കാലം മുതൽ അത്തരത്തിൽ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് നിർത്തലാക്കിയെന്നാണ് മോദി സർക്കാരിന്റെ നിലപാട്. യു.പി.എയുടെ തുടർച്ചയല്ല നിലവിലെ സർക്കാർ എന്നിരിക്കെ കേരളത്തിനു സഹായകമാകുന്ന നിലപാട് നിഷേധിക്കുന്നതിന്റെ കാരണമെന്താണെന്നാണ് ചോദ്യം ഉയരുന്നത്.
കേന്ദ്രസർക്കാർ നിലപാടിൽ ഉറച്ചുനിന്നാൽ കേരളത്തിനു ലഭിക്കുവാൻ ഇടയുള്ള വലിയ ഒരു സാമ്പത്തിക സഹായമാണ് നഷ്ടമാകുക. യു.എ.ഇ മാത്രം 700 കോടിയുടെ സഹായമാണ് വാഗ്ദാനം ചെയ്തത്. കേരളത്തെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയത് യു.എ.ഇ ഭരണാധികാരികളാണ്. പ്രതീക്ഷകളെയെല്ലാം മറികടന്നുകൊണ്ടാണ് യു.എ.ഇയിൽ ജീവിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ കേരളത്തിനു നേരെ സഹായ ഹസ്തം നീട്ടിയത്. ഇത് മലയാളികൾക്കുള്ള ഒരു അംഗീകാരം കൂടെയാണ്. സ്വന്തം രാജ്യം 500 കോടി വാഗ്ദാനം നൽകിയപ്പോൾ തങ്ങൾ ജോലി ചെയ്യുന്ന രാജ്യം 700 കോടി വാഗ്ദാനം ചെയ്തതിനു യു.എ.ഇയുടെ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞുകൊണ്ട് ആയിരക്കണക്കിനു സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങൾ വഴി അന്താരാഷ്ട്ര തലത്തിൽ തന്നെ ധാരാളം മലയാളികൾ കേരളത്തിന്റെ പ്രളയകെടുതിയിൽ സഹായങ്ങൾ മാത്രമല്ല നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിലും അഹോരാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. യു.എന്റെ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി കേരളത്തിൽ എത്തി പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നുണ്ട്. യുവ ഡോക്ടർമാരുടെ നേതൃത്വത്തിൽ വലിയ ഒരു മെഡിക്കൽ ശൃംഘല തന്നെ ദുരിതാശ്വാസത്തിനായി അഹോരാത്രം പ്രയത്നിക്കുന്നു. ഇതിനിടയിൽ നവ സംഘികൾ നടത്തുന്ന പല പ്രചാരണങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയാകുന്നുണ്ട്.
ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്ന വിധത്തിലുള്ള ന്യായീകരണങ്ങളും നുണകളും പ്രചരിപ്പിക്കുന്നവർ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം ഇതിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുമില്ല. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്ന കാര്യം വരുന്ന തെരഞ്ഞെടുപ്പ് കാലത്ത് ശക്തമായ തിരിച്ചടിയാകും ബി.ജെ.പിക്ക് നേരിടേണ്ടിവരിക. വടക്കേ ഇന്ത്യയിലെ സംഘപരിവാർ രാഷ്ടീയവും സ്ട്രാറ്റജിയും കേരളത്തിൽ ഫലവത്താകില്ല എന്ന് പലതവണ തെളിഞ്ഞതാണെങ്കിലും അത് മാറ്റുവാൻ ബി.ജെ.പി നേതൃത്വം തയ്യാറല്ല എന്ന് ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാകും.