മലയാളം ഇ മാഗസിൻ.കോം

ആരോട് എന്ത്, എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തയാൾ: ശോഭനയെക്കുറിച്ചുള്ള അനുഭവം തുറന്നു പറഞ്ഞ്‌ കവിയൂർ പൊന്നമ്മ

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ നായികമാരിൽ ഒരാളാണ് ശോഭന.ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും പഴയ സിനിമകളിലൂടെ ശോഭന ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാളത്തിലെ ആദ്യ കാല നടിമാരായ ലളിത, രാഗിണി, പദ്മിനി എന്നിവരുടെ സഹോദരന്റെ മകളാണ് ശോഭന.

1984 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭനയുടെ സിനിമാ അരങ്ങേറ്റം. ഏകദേശം പതിനഞ്ച് വർഷക്കാലം മലയാള സിനിമയിൽ വളരെ സജീവമായി നിന്നിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായികയായി ശോഭന തിളങ്ങി. പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് നൃത്തത്തിൽ സജീവമാവുകയായിരുന്നു താരം. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ശോഭന അഭിനയിച്ചിരുന്നു.2020 ൽ ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. ചിത്രത്തിൽ ശോഭനയുടെയും സുരേഷ് ഗോപിയുടെയും പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പൊഴിതാ,മമ്മൂട്ടി നായകനായ കാണാമറയത്ത് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ശോഭനയെ പരിചയപ്പെട്ടതിനെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞത്‌ ഇങ്ങനെ ‘പത്തോ പതിനാലോ വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ പടത്തിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് പിന്നെ വന്നത് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ആരോട് എങ്ങനെ പെരുമാറണം എന്ത് ചെയ്യണം എന്നൊന്നും അവൾക്ക് അറിയില്ല.

സംവിധായകനോട് ഭവ്യതയോടെ പെരുമാറണം വലിയ ആർട്ടിസ്റ്റിനോട് പെരുമാറുന്നത്. അങ്ങനെ ഒരു കാര്യവും അറിയില്ല,’ ‘ആദ്യത്തെ ദിവസമാണെന്ന് തോന്നുന്നു. ശോഭനയ്ക്ക് ഉള്ള ഡ്രസ്സ് തയ്ച്ചു കൊണ്ട് കോസ്റ്റുമർ വന്നു. ഒന്ന് ഇട്ടു നോക്കാൻ പറഞ്ഞു. ഡ്രസ്സ് ഇട്ട് കഴിഞ്ഞ് ശോഭന അവരോട് ചൂടായി. ഡ്രസ് മുഖത്തേക്ക് എറിഞ്ഞു. ആകെ ബഹളമായിരുന്നു. ഞാൻ അപ്പോൾ പറഞ്ഞു, മോളെ അങ്ങനെയൊന്നും ആരോടും പറയരുത്. സോഫ്റ്റായി പറഞ്ഞാൽ മതിയെന്ന്. അപ്പോൾ അവർ തയ്ച്ചു വെച്ചത് കണ്ടില്ലേ എന്നൊക്കെ പറഞ്ഞു,’

എനിക്ക് ശോഭനയെ വളരെ ഇഷ്ടമാണ്. ശോഭനയ്ക്കും. എന്റെ കൊച്ചു മോൾ നന്നായി ഡാൻസ് കളിക്കും. എനിക്ക് അത് കാണുമ്പോൾ ശോഭനയെ ആണ് ഓർമ്മ വരുക.സ്ഥിരം വിളികൾ ഒന്നും ഇല്ലെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള പെൺകുട്ടിയാണ് ശോഭന’, എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. അതേസമയം നടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിൽ കറുത്തപൊന്ന്‌ വിളയിച്ച്‌ പി ഡി യോഹന്നാൻ, ഒന്നും രണ്ടുമല്ല 48 മൂട്‌ കുരുമുളക്‌ കൊടികൾ! ആർക്കും മാതൃകയാക്കാം സർക്കാരിന്റെ അംഗീകാരം ലഭിച്ച ടെറസിലെ ഈ കുരുമുളക്‌ കൃഷി

Avatar

Staff Reporter