കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവച്ചതായി റിപ്പോർട്ട്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യെദിയൂരപ്പയുടെ രാജിയെന്നാണു സൂചന. യെദിയൂരപ്പ രാജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
യെദ്യൂരപ്പ രാജിവയ്ക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ജെഡിഎസ്-കോണ്‍ഗ്രസ് ക്യാംപില്‍ നിന്നും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്ര എംഎല്‍എമാരെ സംഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അട്ടിമറി നീക്കം ബിജെപി ഉപേക്ഷിച്ചത്. യെദ്യൂരപ്പ രാജിവയ്ക്കുന്ന കാര്യം ജാവദേക്കര്‍ തന്നെ ചില മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചതായാണ് സൂചന.
കാണാതായ കോണ്‍ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലിൽ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലിൽനിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോർട്ടുകൾ.
കോണ്‍ഗ്രസിൽനിന്ന് രണ്ട് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
എന്തായാലും നാല് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഭരണം പിടിക്കാതെ ബിജെപി പിന്മാറിയതോടെ കോണ്‍ഗ്രസ് – ജെഡിയു ക്യാംപില്‍ ആവേശം തിരിച്ചെത്തിയിരിക്കുകയാണ്.