രാജ്യം ഉറ്റു നോക്കിയ കർണ്ണാടകയിലെ യദിയൂരപ്പ സർക്കാരിന്റെ വിശ്വാസപ്രമേയത്തിനു അപ്രതീക്ഷിത ഗതി മാറ്റം. കുതിരക്കച്ചവടത്തിനു സാധ്യത മങ്ങിയതോടെ വിശ്വാസവോട്ടെടുപ്പിൽനിന്നും പിന്മാറി ബി.ജെ.പി മുഖ്യമന്ത്രി യദിയൂരപ്പ രാജി സമർപ്പിച്ചു.
104 അംഗങ്ങളുടെ മാത്രമുള്ള യദിയൂരപ്പയെ ഗവർണ്ണർ മന്ത്രിസഭ രൂപീകരിക്കുവാൻ ക്ഷണിച്ചതു മുതൽ കർണ്ണാടകയിലെ രാഷ്ടീയ സംഭവ വികാസങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. കോൺഗ്രസിന്റെ പരാതി പരിഗണിച്ചു സുപ്രീംകൊടതിയിൽ പാതി രാത്രിയിൽ വാദം നടക്കുകയും ചെയ്തു. അതേ സമയം ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഒറ്റ കക്ഷിയെന്ന നിലയിൽ ബി.ജെ.പിയെ ക്ഷണിച്ച ഗവർണ്ണറുടെ നടപടിയെ വിലക്കുവാൻ സാധിക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വിശ്വാസവോട്ടെടുപ്പിനു ഗവർണ്ണർ നൽകിയ 15 ദിവസത്തെ സമയം വെട്ടിചുരുക്കുകയും ചെയ്തു. തങ്ങളുടെ അംഗങ്ങളെ ബി.ജെ.പി ചാക്കിട്ടു പിടിക്കും എന്ന് ഭയന്ന് കോൺഗ്രസ്സും ജെ.ഡി.യുവും അവരെ റിസോർട്ടുകളിലേക്ക് മാറ്റുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു. ഇതോടെ ബി.ജെ.പി വെട്ടിലായി. ഒടുവിൽ ചാക്കിട്ടുപിടുത്തം സാധിക്കില്ലെന്ന് ഉറപ്പായതോടെ രാജിവെച്ച് ഒഴിയുകയായിരുന്നു.
വളരെ കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു കർണ്ണാടകയിൽ സംഘപരിവാർ രാഷ്ടീയ തന്ത്രങ്ങൾ മെനഞ്ഞത്. അടിത്തട്ടിൽ ആർ.എസ്.എസ് നടത്തിയ ചിട്ടയായ പ്രവർത്തനം മറ്റു പാർട്ടികൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി തെരഞ്ഞെടുപ്പിൽ വലിയ ഓളം സൃഷ്ടിച്ചു. ചരിത്രത്തിലെ പല കാര്യങ്ങളെയും തെറ്റായിട്ടാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ പറഞ്ഞുവച്ചത്. എന്നാൽ അത് കൃത്യമായ ലക്ഷ്യത്തോടെ ആയിരുന്നു എന്ന് വേണം കരുതുവാൻ. ജനങ്ങളെ ഇളക്കിമറിച്ചുകൊണ്ടുള്ള അനേകം റാലികൾ.
പണം കുത്തിയൊഴുക്കിക്കൊണ്ടുള്ള പ്രചാരണങ്ങൾ. കോൺഗ്രസിനെ തോല്പിക്കുവാൻ ആവശ്യമായ മണ്ടലങ്ങളിൽ നീക്കു പോക്കുകൾ. ഇതിന്റെ എല്ലാം ഫലമാണ് 104 എന്ന ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയെ മാറ്റിയത്. ഭൂരിപക്ഷമില്ലെന്ന് കണ്ടതോടെ ബി.ജെപി അധികാരത്തിൽ എത്താതിരിക്കുവാൻ കോൺഗ്രസ് നടത്തിയ തന്ത്രമായിരുന്നു ജെ.ഡി.യുവിനു നൽകിയ നിരുപാധികമായ പിന്തുണയും സുപ്രീം കോടതിയെ സമീപിക്കലും. എന്നാൽ അത് അതിജീവിക്കുവാൻ പരമാവധി ശ്രമങ്ങൾ ബി.ജെ.പിയുടെ മാനേജർമാരും അഭിഭാഷകരും നടത്തിയെങ്കിലും അവർ താൽക്കാലികമായി പരാജയപ്പെടുകയായിരുന്നു.
രാഷ്ടീയ സംഭവ വികാസങ്ങൾ നടക്കുന്നത് കർണ്ണാടകയിലാണെങ്കിലും കേരളത്തിലെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് നടന്നുവരുന്നത്. സംഘപരിവാറിനെതിരെ ആഞ്ഞടിക്കുവാൻ ലഭിച്ച അവസരം ഇടതു പക്ഷവും അവർക്കൊപ്പം നിൽക്കുന്ന മാധ്യമ പ്രവർത്തകരും വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും കൃത്യമായി ഉപയോഗിച്ചു. സംഘപരിവാർ പക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. അതിനു കാരണം പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായിൽ അവർക്കുള്ള വിശ്വാസമാണ്.
രാഷ്ടീയ തന്ത്രങ്ങൾ മെനയുന്നതിലും അതു വിജയിപ്പിക്കുന്നതിലും ഇന്ന് ഇന്ത്യയിൽ ഇത്രയും മികവ് പുലർത്തുന്ന മറ്റു നേതാക്കൾ ഇല്ല. എന്നാൽ കർണ്ണാടകയിൽ അമിത്ഷായുടെ തന്ത്രങ്ങൾ വിജയിച്ചില്ല എന്നാണ് പൊതുവിൽ രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ. യദിയൂരപ്പ രാജിവെച്ചതോടെ സംഘപരിവാർ വിരുദ്ധ ചേരി വലിയ ആഹ്ലാദത്തിലുമാണ്. ട്രോളുകളും പരിഹാസങ്ങളുമായി അവർ സാമൂഹ്യ മാധ്യമങ്ങളിൽ കളം നിറഞ്ഞാടുന്നുമുണ്ട്.
എന്നാൽ പുലിപതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ് എന്നാണ് ഓൺലൈൻ സംഘികളുടെ നിലപാട്. യദിയൂരപ്പ രാജിവെച്ച് മുഖ്യമന്ത്രി ഒഴിഞ്ഞതോടെ അവിശ്വാസ പ്രമേയം വോട്ടിനിട്ടു പരാജയപ്പെട്ടു എന്ന സാങ്കേതികത്വം ഒഴിവാകുകയും ചെയ്തു. നേരത്തെ റിസോർട്ടുകളിൽ കഴിഞ്ഞിരുന്ന എം.എൽ.എ മാർ ഇപ്പോൾ “മടയിൽ“ നിന്നും പുറത്തുവന്നിരിക്കുന്നു. ഇനി അവരെ സ്വാധീനിക്കുവാൻ എളുപ്പമായി.
അടുത്തതായി കോൺഗ്രസ് ജെ.ഡി.യു സഖ്യം അവകാശ വാദവുമായി ഗവർണ്ണറെ കാണും. അതിനിടയിൽ തങ്ങൾക്ക് ആവശ്യമുള്ള എം.എൽ.എ മാരെ സംഘടിപ്പിച്ചെടുക്കാം എന്നാണ് അവർ കരുതുന്നത്. കോൺഗ്രസ്-ജെ.ഡി.യു സഖ്യത്തിനു സഭയിൽ വിശ്വാസം നേടാനായില്ലെങ്കിൽ വീണ്ടും ബി.പി.ക്ക് അവസരം ലഭിക്കും. ഇതാണ് ഇന്ന് അവസാന നിമിഷം നടത്തിയ “പതുങ്ങലിനു“ പുറകിൽ എന്നുവേണം കരുതുവാൻ.
അമിത്ഷായുടെ രാഷ്ടീയ തന്ത്രങ്ങളും ചടുലമായ നീക്കങ്ങളും നിരീക്ഷിക്കുന്നവർക്ക് കർണ്ണാടകയിൽ ആത്യന്തിക വിജയം ബി.ജെ.പിക്ക് ആകും എന്നതിൽ സംശയം ഇല്ല. എന്തു തന്ത്രം പയറ്റിയും കർണ്ണാടക ഭരണം ബി.ജെ.പി പിടിച്ചെടുക്കുകയും ഒപ്പം കോൺഗ്രസിന്റെയും ജെ.ഡി.യുവിന്റെയും അടിത്തറ ഇളക്കുകയും ചെയ്യും. ഇന്നത്തെ നിലക്ക് ബി.ജെ.പിയെ അതിജീവിക്കുവാൻ തക്ക സംഘടനാ ശേഷിയോ സാമ്പത്തിക ശ്രോതസ്സുകളോ കോൺഗ്രസിനു ഇല്ല. ഇവിടെയാണ് സംഘ അനുകൂലികളുടെ പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ് എന്ന വാക്കുകൾ പ്രസക്തമാകുന്നത്.