മലയാള സിനിമയിൽ 2 കർണ്ണൻ എന്നതാണല്ലോ ഇപ്പോൾ സിനിമാ ലോകത്തെ ഹോട്ട് ന്യൂസ്. മമ്മൂട്ടി – മധുപാൽ – പി ശ്രീകുമാർ ടീമിന്റെ കർണ്ണനും, പൃഥ്വിരാജ് – ആർ എസ് വിമൽ ടീമിന്റെ കർണ്ണനുമാണ് മത്സരിക്കാൻ തയ്യാറെടുക്കുന്നത്. പി ശ്രീകുമാർ തിരക്കഥയെഴുതി മധുപാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന കർണ്ണന്റെ വർക്ക് ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ഒരുപാട് അന്വേഷണങ്ങൾക്കും ഹോം വർക്കുകൾക്കും പഠനങ്ങൾക്കും ശേഷമാണ് രണ്ട് കർണ്ണൻ സിനിമകളുടെയും തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രമുഖ സിനിമാ വാരികകളിലും ചർച്ച ഇതൊന്നുമല്ല. സോനു നിഖിൽ എന്ന പ്രേക്ഷകന്റെ സംശയം ഇതാണ് \”എന്റെ ന്യായമായ സംശയത്തിന് പി ശ്രീകുമാർ മറുപടി പറയണം. ഈ കർണ്ണന്റെ പ്രായം എത്രയാണ്? എത്ര വയസുള്ള കർണ്ണന്റെ കഥ പറയാനാണ് താങ്കൾ ഉദ്ദേശിക്കുന്നത്? മഹാനടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഏൽപ്പിക്കുന്ന ഏത് വേഷവും നൂറ് ശതമാനവും പെർഫെക്ടാക്കുകയും ചെയ്യുന്ന അഭിനയപ്രതിഭ. എന്നു കരുതി മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തോട് രൂപം കൊണ്ടും പ്രായം കൊണ്ടും നീതി പുലർത്തണ്ടേ? അതോ കർണ്ണന് യൗവനം ഇല്ലെന്ന് സമർത്ഥിക്കാനാണോ താങ്കളുടെ പുറപ്പാട്?\” അങ്ങനെ പോകുന്നു ചർച്ചകൾ.
സംഗതി എന്തായാലും മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാവും ഇങ്ങനെയൊരു സംഭവം. ഒരേ കഥാപാത്രങ്ങൾക്ക് 2 തലത്തിലുള്ള നടന്മാർ ജീവൻ കൊടുന്നത്. കർണ്ണൻ മാത്രമല്ല ബന്ധപ്പെട്ട കഥാപാത്രങ്ങൾ എല്ലാം നായകന്റെ പ്രായത്തിന് ആനുപാതികമായിരിക്കണം എന്നൊരു വലിയ വെല്ലുവിളി കൂടി പി ശ്രീകുമാർ – മധുപാൽ – മമ്മൂട്ടി ചിത്രത്തിനുണ്ടാവും. അത്രത്തോളം വെല്ലുവിളി ആർ എസ് വിമൽ – പൃഥ്വിരാജ് ചിത്രത്തിനുണ്ടാവില്ല.