അകത്ത് റേഞ്ച് ഇല്ലാത്തതുകൊണ്ട് പുറത്തിരുന്ന് ഫോൺ ചെയ്യുന്ന ദേവി, തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വന്നാലേ എഴുന്നള്ളൂ എന്ന് പറഞ്ഞ് കാത്തിരുന്ന് കലക്ടറെ വിളിക്കുന്ന നെയ്തലക്കാവിലമ്മ അങ്ങനെ തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ഇന്നും ഇന്നലെയുമായി വിവിധ ടൈറ്റിലിൽ വൈറലായ ഈ ചിത്രത്തിലെ ‘ദേവിയെ’ കണ്ടു കിട്ടി.
ആൾ മറ്റാരുമല്ല, തിരുവനന്തപുരം സ്വദേശിയും കലാകാരനുമായ കണ്ണൻ അനന്തപുരിയാണ് ദേവീ വേഷത്തിൽ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തത് കൗതുകമായി തോന്നിയതോടെ സോഷ്യൽ മീഡിയ അതിനെ ഏറ്റെടുക്കുകയായിരുന്നു. നിരവധി സ്റ്റേജുകളിൽ സ്ത്രീവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന കണ്ണൻ അനന്തപുരി ഉത്സവ ഘോഷയാത്രകളിലെ ദേവി വേഷധാരി കൂടിയാണ്.
തിരുവനന്തപുരം പാരിപ്പള്ളിക്കടുത്ത് മടവൂർ എന്ന സ്ഥലത്ത് ഉത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ, ഘോഷയാത്രയ്ക്ക് സമയം ആകാത്തതിനാൽ കണ്ണൻ തണൽ പറ്റി ഇരുന്നത് ആരോ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കുകയായിരുന്നു എന്ന് കണ്ണൻ മലയാളം ഇ മാഗസിൻ.കോം നോട് പറഞ്ഞു.
സാമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രം വൈറലാവുന്നതിൽ സന്തോഷമുണ്ടെന്നും തന്നേപ്പോലെ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള മികച്ച പ്രചോദനമാണ് ഇത്തരം കാര്യങ്ങളെന്നും കണ്ണൻ അനന്തപുരി കൂട്ടിച്ചേർത്തു.